2 വയസുകാരിയെ അമ്മ തല്ലിക്കൊന്ന അമ്മയ്ക്ക് ജാമ്യം നൽകി ഗുജറാത്ത് ഹൈക്കോടതി
Ahmedabad, 07 ഓഗസ്റ്റ് (H.S.) വിശന്നു കരഞ്ഞ കുഞ്ഞിനെ ഒടുവിൽ അമ്മ തല്ലിക്കൊന്നു. കേൾക്കുമ്പോൾ ആർക്കും അറപ്പും വെറുപ്പും തോന്നാവുന്ന ഈ ക്രൂരതയ്ക്ക് പിന്നിലെ കാരണം വിശപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ ഗുജറാത്ത് ഹൈക്കോടതിക്കും പറയാനുണ്ടായിരുന്നത് ഒരൊറ്റ കാര
JUSTICE HASMUKH D SUTHAR


Ahmedabad, 07 ഓഗസ്റ്റ് (H.S.)

വിശന്നു കരഞ്ഞ കുഞ്ഞിനെ ഒടുവിൽ അമ്മ തല്ലിക്കൊന്നു. കേൾക്കുമ്പോൾ ആർക്കും അറപ്പും വെറുപ്പും തോന്നാവുന്ന ഈ ക്രൂരതയ്ക്ക് പിന്നിലെ കാരണം വിശപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ ഗുജറാത്ത് ഹൈക്കോടതിക്കും പറയാനുണ്ടായിരുന്നത് ഒരൊറ്റ കാര്യമാണ്. മനുഷ്യർ മോശക്കാരല്ലെന്നും എന്നാൽ വിശപ്പ് അങ്ങനെയല്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. വിശപ്പിൻ്റെ വിളി സഹിക്കാനാവാതെ കരഞ്ഞ രണ്ട് വയസുകാരിയെ തല്ലിക്കൊന്ന കേസിൽ അമ്മയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

സൂറത്തിലെ വരാച്ചയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കഴിഞ്ഞ മാർച്ച് 19നാണ് കേസിനാസ്പദമായ സംഭവം. ലഖിബെൻ സോളങ്കി എന്ന യുവതിയാണ് തൻ്റെ രണ്ട് വയസുകാരിയായ മകൾ ഈഷയെ തല്ലിക്കൊന്നത്. യുവതിയുടെ ഭർത്താവ് ആറുമാസമായി കടൽയാത്രയിലായിരുന്നതിനാൽ കുടുംബത്തെ തിരിഞ്ഞുനോക്കിയിരുന്നില്ല. ഇതോടെ കടുത്ത പട്ടിണിയിലായ ഇവർ മറ്റൊരു പുരുഷനൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് വിശപ്പ് സഹിക്കാനാവാതെ കുഞ്ഞ് നിരന്തരം ഭക്ഷണം ചോദിച്ച് കരഞ്ഞത്. ഇതിൽ പ്രകോപിതയായ അമ്മ കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പിന്നീട് ഉറങ്ങാൻ കിടന്ന കുഞ്ഞിനെ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് അബോധാവസ്ഥയിലാണെന്ന് മനസിലായത്. ഉടൻ തന്നെ സൂറത്തിലെ സ്മിമർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച കുട്ടിയുടെ മൂന്ന് വയസുകാരിയായ സഹോദരിയുടെ മൊഴിയാണ് പ്രോസിക്യൂഷൻ പ്രധാനമായും ആശ്രയിച്ചത്. സംഭവസമയത്ത് യുവതി ഏഴുമാസത്തിലധികം ഗർഭിണിയായിരുന്നു.

തുടർന്ന് വരാച്ച പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ യുവതി ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജയിലിൽ കഴിയുന്ന യുവതിക്കൊപ്പം ഒരു കൈക്കുഞ്ഞുണ്ടെന്നും മറ്റൊരു കുട്ടി പുറത്ത് തനിച്ചാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. യുവതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും, അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനി തെളിവെടുപ്പുകൾ ബാക്കിയില്ലെന്നും പ്രതിഭാഗം വാദിച്ചു. കുഞ്ഞിനെ മർദിച്ച ശേഷം അബോധാവസ്ഥയിലായപ്പോൾ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും, ഇതിൽ നിന്നും അവർക്ക് ദുരുദ്ദേശ്യമോ മുൻകൂട്ടിയുള്ള പദ്ധതിയോ ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വിശപ്പടക്കാൻ കഴിയാതെ വന്നപ്പോൾ കുഞ്ഞിൻ്റെ നിരന്തരമുള്ള കരച്ചിൽ കേട്ടുണ്ടായ ദേഷ്യത്തിൽ സംഭവിച്ചതാണിതെന്നും കോടതി വിലയിരുത്തി. എന്നാൽ, കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നൽകരുതെന്ന് സർക്കാർ വാദിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

സഞ്ജയ് ചന്ദ്ര വേഴ്സസ് സി.ബി.ഐ, ഗുഡികാന്തി നരസിംഹുലു വേഴ്സസ് പബ്ലിക് പ്രോസിക്യൂട്ടർ തുടങ്ങിയ സുപ്രധാന സുപ്രീം കോടതി വിധികൾ ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരിയുടെ അഭിഭാഷകനായ കൃണാൽ ഷാ ജാമ്യത്തിനായി വാദിച്ചത്. വിചാരണ പൂർത്തിയാകാൻ സമയമെടുക്കുമെന്നും, വിധി വരുന്നതിന് മുൻപ് പ്രതിയെ ദീർഘകാലം ജയിലിൽ അടയ്ക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യം എന്നത് നിയമത്തിലെ പൊതുവായ ചട്ടമാണെന്നും, ജയിൽവാസം ഒരു അപവാദം മാത്രമാണെന്നും ഭരണഘടനയുടെ 21-ാം അനുച്ഛേദം വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള ആൾജാമ്യത്തിലും കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാനം വിട്ടുപോകാൻ മുൻകൂർ അനുമതി വാങ്ങണം, ആറുമാസത്തേക്ക് എല്ലാ മാസവും പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, മേൽവിലാസവും ഫോൺ നമ്പറും നൽകണം, തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളും കോടതി മുന്നോട്ടുവച്ചു.

വിശപ്പ് എന്ന വില്ലൻജാമ്യം അനുവദിച്ചതിനൊപ്പം കോടതി നടത്തിയ മാനുഷികമായ നിരീക്ഷണങ്ങളാണ് ഈ കേസിനെ ശ്രദ്ധേയമാക്കുന്നത്. ഇതൊരു വ്യക്തിപരമായ ദുരന്തം മാത്രമല്ലെന്നും, സാമൂഹിക നീതിയെയും ധാർമികതയെയും കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും കോടതി വ്യക്തമാക്കി. ഒരു അമ്മയെ ഇത്തരം കടുംകൈ ചെയ്യാൻ വിശപ്പ് പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ, അത് ആ വ്യക്തിയുടെ മാത്രം പരാജയമല്ല, മറിച്ച് സമൂഹത്തിൻ്റെയും സാമൂഹിക ക്ഷേമ സംവിധാനങ്ങളുടെയും പരാജയമാണെന്ന് കോടതി നിരീക്ഷിച്ചു. ഭക്ഷണം, പാർപ്പിടം, ആരോഗ്യം, ബഹുമാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ എല്ലാവർക്കും ലഭ്യമാകണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ദുർബല വിഭാഗങ്ങളെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിൻ്റെയും സമൂഹത്തിൻ്റെയും ഉത്തരവാദിത്തമാണ്. ഭരണഘടനയുടെ 45-ാം അനുച്ഛേദം ചൂണ്ടിക്കാട്ടിയ കോടതി, കുട്ടികളുടെ സംരക്ഷണവും പോഷകാഹാരവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും ഓർമിപ്പിച്ചു.

മതപരമായ കാഴ്ചപ്പാടിലൂടെയും കോടതി ഈ വിഷയത്തെ വിശദീകരിച്ചു. ഭഗവദ്ഗീതയിലെ മൂന്നാം അധ്യായത്തിലെ 13-ാം ശ്ലോകം ഉദ്ധരിച്ച കോടതി, മറ്റുള്ളവരുമായി ഭക്ഷണം പങ്കുവയ്ക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞു. തനിക്ക് വിശന്നപ്പോൾ നിങ്ങൾ ഭക്ഷണം തന്നു എന്ന യേശുക്രിസ്തുവിൻ്റെ വചനങ്ങളും, സ്വന്തം വയറുനിറയ്ക്കുന്നതിനേക്കാൾ അയൽക്കാരൻ്റെ വിശപ്പകറ്റാൻ പ്രാധാന്യം നൽകുന്ന ഇസ്ലാമിക അധ്യാപനങ്ങളും വിധിന്യായത്തിൽ പരാമർശിച്ചു. പന്നലാൽ പട്ടേലിൻ്റെ മാൻവിനി ഭവായ് എന്ന ഗുജറാത്തി കൃതി ഉദ്ധരിച്ച്, 1899ലെ ഛപ്പാനിയ ക്ഷാമകാലത്തെ വിശപ്പിൻ്റെയും ദാരിദ്ര്യത്തിൻ്റെയും അതിജീവനത്തിൻ്റെയും പോരാട്ടങ്ങൾ കോടതി അനുസ്മരിച്ചു.

ഈ പശ്ചാത്തലത്തിലാണ് മനുഷ്യർ മോശക്കാരല്ലെന്നും എന്നാൽ വിശപ്പ് അങ്ങനെയല്ലെന്നുമുള്ള സുപ്രധാന നിരീക്ഷണം കോടതി നടത്തിയത്. വിക്ടർ ഹ്യൂഗോയുടെ പ്രശസ്തമായ ലെ മിസറബ്ലെസ് എന്ന കൃതിയിലെ ജീൻ വാൽജീൻ എന്ന കഥാപാത്രത്തെ മുൻനിർത്തി, ദാരിദ്ര്യവും വിശപ്പും ഒരു മനുഷ്യനെ എങ്ങനെ കുറ്റകൃത്യത്തിലേക്ക് നയിക്കുമെന്നും കോടതി വ്യക്തമാക്കി. അരിസ്റ്റോട്ടിൽ, വിക്ടർ ഹ്യൂഗോ, ചാൾസ് ഡിക്കൻസ് തുടങ്ങിയ ചിന്തകരുടെയും എഴുത്തുകാരുടെയും വാക്കുകൾ ഉദ്ധരിച്ച് ദാരിദ്ര്യവും കുറ്റകൃത്യവും തമ്മിലുള്ള ബന്ധം കോടതി വിശദീകരിച്ചു.

ഈ ലോകത്ത് ചിലർക്ക് ദൈവം പ്രത്യക്ഷപ്പെടുന്നത് അപ്പത്തിൻ്റെ രൂപത്തിലാണെന്ന മഹാത്മാഗാന്ധിയുടെ വാക്കുകളും കോടതി ഓർമിപ്പിച്ചു. ഈ സംഭവത്തെ കേവലം ഒരു ക്രിമിനൽ കുറ്റമായി മാത്രം കാണാതെ, വിശപ്പ്, മനുഷ്യൻ്റെ അന്തസ്സ്, നീതി, സാമൂഹിക ബോധം എന്നിവയുമായി ബന്ധപ്പെട്ട വിഷയമായി കാണണമെന്നും കോടതി വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News