Enter your Email Address to subscribe to our newsletters

Newdelhi, 07 ഓഗസ്റ്റ് (H.S.)
ന്യൂഡൽഹി: ഏറെ ചർച്ചകൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കും വഴിവെച്ച വിദേശ സംഭാവന നിയന്ത്രണ (ഭേദഗതി) ബിൽ (FCRA Amendment Bill, 2026) ഓഗസ്റ്റ് 12-ന് പാർലമെന്റിൽ ചർച്ചയ്ക്കെടുത്ത് പാസാക്കുമെന്ന് റിപ്പോർട്ട്. ഈ ഭേദഗതി നിയമത്തിന് മുൻകാല പ്രാബല്യമുണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനൽകിയതായി മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ അറിയിച്ചു. പാർലമെന്റ് മൺസൂൺ സമ്മേളനത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കാനും സഭ സുഗമമായി നടത്തുന്നതിനുമായി പ്രതിപക്ഷ നേതാക്കളുമായി കേന്ദ്ര സർക്കാർ ആശയവിനിമയം ശക്തമാക്കുന്നതിനിടെയാണ് ഈ സുപ്രധാന നീക്കം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മിസോറാം മുഖ്യമന്ത്രി ലാൽദുഹോമയുടെ നേതൃത്വത്തിലുള്ള സംഘവും മിസോറാമിലെ പ്രമുഖ സഭാ നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിൽ ഓഗസ്റ്റ് 12-ന് സഭയുടെ പരിഗണനയ്ക്ക് എത്തുമെന്ന വിവരം അദ്ദേഹം വ്യക്തമാക്കിയത്.
സഭാ നേതാക്കളുടെ ആശങ്കയും പുതിയ വ്യവസ്ഥകളും
വിദേശ സഹായത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും (എൻജിഓ) മറ്റ് സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്താൽ, അവയുടെ ആസ്തികൾ ഏറ്റെടുക്കാൻ ഒരു പ്രത്യേക അതോറിറ്റിയെ ചുമതലപ്പെടുത്തുന്ന വ്യവസ്ഥകൾ പുതിയ ബില്ലിലുണ്ട്.
എന്നാൽ, ഈ നിയമത്തിന് മുൻകാല പ്രാബല്യം നൽകുന്നത് സാങ്കേതിക പിഴവുകൾ വരുത്തിയ സംഘടനകൾക്കുപോലും വലിയ തിരിച്ചടിയാകുമെന്നും നിയമപരമായ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും സഭാ നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ ആശങ്ക കണക്കിലെടുത്താണ് നിയമ നിർമ്മാണം നടപ്പിലാക്കുന്ന തീയതി മുതൽ മാത്രമേ വ്യവസ്ഥകൾ ബാധകമാകൂ എന്ന് അമിത് ഷാ ഉറപ്പുനൽകിയത്. മാർച്ച് 25-നാണ് ഈ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
സഭാ സ്തംഭനാവസ്ഥ പരിഹരിക്കാൻ കേന്ദ്ര നീക്കം
പാർലമെന്റിന്റെ ഇരുസഭകളിലും തുടരുന്ന സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണാൻ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. വനിതാ സംവരണ ബിൽ, മണ്ഡല പുനർനിർണ്ണയ ബിൽ തുടങ്ങിയ സുപ്രധാന നിയമനിർമ്മാണങ്ങളിൽ പ്രതിപക്ഷത്തിന്റെ പിന്തുണ കേന്ദ്രം തേടിയിട്ടുണ്ട്.
ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് സഹകരിക്കണമെന്ന് മന്ത്രി റിജിജു അഭ്യർത്ഥിച്ചു. എന്നാൽ, നിർദ്ദിഷ്ട ബില്ലുകളിൽ കൂടുതൽ ചർച്ചകൾക്കായി സർവകക്ഷി യോഗം വിളിച്ചുചേർക്കണമെന്ന ആവശ്യത്തിലാണ് കോൺഗ്രസ് ഉറച്ചുനിൽക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ ബില്ലിനൊപ്പം വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതികളും വരും ദിവസങ്ങളിൽ പാർലമെന്റിൽ പ്രധാന ചർച്ചാവിഷയമാകും.
---------------
Hindusthan Samachar / Roshith K