വി എച്ച് എസ് ഇ പഠനത്തിൽ സമഗ്ര പരിഷ്കരണത്തിന് സമിതിയെ നിയോഗിക്കും - മന്ത്രി എൻ ഷംസുദ്ദീൻ
Thiruvanathapuram, 11 സെപ്റ്റംബര്‍ (H.S.) സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ കാലാനുസൃതമായി പുനരുജ്ജീവിപ്പിക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനും സമഗ്ര പരിഷ്കരണങ്ങൾ കൊണ്ടുവരുമെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി
N SHAMSUDHEEN CONTROVERSY


Thiruvanathapuram, 11 സെപ്റ്റംബര്‍ (H.S.)

സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ കാലാനുസൃതമായി പുനരുജ്ജീവിപ്പിക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനും സമഗ്ര പരിഷ്കരണങ്ങൾ കൊണ്ടുവരുമെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. പുതിയ കാലഘട്ടത്തിനനുയോജ്യമായ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള പഠനം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘സ്കിൽബിസ് - വൺ സ്കൂൾ, വൺ പ്രോഡക്റ്റ്/സർവീസ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടപ്പാടി പുതൂർ ട്രൈബൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

മാറുന്ന ശാസ്ത്ര- സാങ്കേതിക മുന്നേറ്റങ്ങൾക്ക് അനുസൃതമായി വി എച്ച് എസ് ഇ പാഠ്യപദ്ധതിയിലും ഘടനയിലും മാറ്റങ്ങൾ അനിവാര്യമാണ്. റോബോട്ടിക്സ്, നിർമ്മിത ബുദ്ധി, ഡാറ്റാ അനലിറ്റിക്സ്, ലോജിസ്റ്റിക്സ് തുടങ്ങിയ നൂതന തൊഴിൽമേഖലകളിലേക്ക് വിഎച്ച്എസ്ഇ വിഭാഗവും കടന്നുചെല്ലണം. ഉപരിപഠന സാധ്യത നിലനിർത്തി, കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്. വി എച്ച് എസ് ഇയെ കൂടുതൽ വിദ്യാർഥിസൗഹൃദവും ആധുനികവുമാക്കാനുള്ള രൂപരേഖ സമിതി തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുതൂർ സ്കൂളിനായി ഒരുക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. വിനോദസഞ്ചാരികൾക്ക് താവളം- മുള്ളി വഴി ഊട്ടിയിലേക്ക് പോകുന്ന പാതയിലെ യാത്രാതടസം പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടൽ നടത്തിവരുന്നതായും അദ്ദേഹം വ്യക്തമാക്കി.

സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് വി എച്ച് എസ് ഇ വിഭാഗം രൂപം നൽകിയ പദ്ധതിയാണ് ‘സ്കിൽബിസ് - വൺ സ്കൂൾ, വൺ പ്രോഡക്റ്റ്/സർവീസ്’. ഓരോ സ്കൂളിലും തൊഴിൽപരമായ ഓരോ ഉത്പന്നമോ സേവനമോ വികസിപ്പിച്ചെടുത്ത് സമൂഹത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വിദ്യാർഥികളിൽ പ്രായോഗിക തൊഴിൽ നൈപുണ്യം വളർത്തുന്നതിനൊപ്പം പഠനത്തോടൊപ്പം വരുമാനവും ഉറപ്പാക്കും.

പദ്ധതിയുടെ ഭാഗമായി പുതൂർ ഗവ. ട്രൈബൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാസ്റ്റർ ഗാർഡനർ, ഫ്ലോറി കൾച്ചറിസ്റ്റ് എന്നീ കോഴ്സുകളുടെ ഭാഗമായി ഗോത്രകലയും പരിസ്ഥിതിസൗഹൃദ സമീപനങ്ങളും സമന്വയിപ്പിച്ച് ഒരുക്കിയ ഇൻഡോർ ഓർണമെന്റൽ പ്ലാന്റ് നിർമാണ യൂണിറ്റ് ഉദ്ഘാടനവും ആദ്യ വില്പനയും മന്ത്രി നിർവഹിച്ചു. പരിപാടിയോടനുബന്ധിച്ച് വി എച്ച് എസ് ഇ രണ്ടാം വർഷ വിദ്യാർഥി എം ഗോകുൽ നടത്തിയ ഫോട്ടോ പ്രദർശനവും ശ്രദ്ധേയമായി.

ചടങ്ങിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ അധ്യക്ഷനായി. വി എച്ച് എസ് ഇ ഡെപ്യൂട്ടി ഡയറക്ടർ കെ. വി മനോജ് പദ്ധതി അവതരണം നടത്തി. പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കവേൽ, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി എസ് ചിത്ര, ജില്ലാ പഞ്ചായത്ത് അംഗം അബ്ദുൾ ലത്തീഫ്, വി എച്ച് എസ് ഇ കരിക്കുലം ഡി ഡി ഡോ. എ. എം അസ്ഹർ, ഹയർ സെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ അഷറഫ് കൊയിലോത്താൻ കണ്ടിയിൽ, പുതൂർ ജി ടി വി എച്ച് എസ് എസ് പ്രിൻസിപ്പൽ ഡോ. മരിയ തെരേസ, സിജിസിസി കോഡിനേറ്റർ മുഹമ്മദ് ഇഖ്ബാൽ, സ്ഥിരംസമിതി അധ്യക്ഷർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News