Enter your Email Address to subscribe to our newsletters

Newdelhi , 13 സെപ്റ്റംബര് (H.S.)
ന്യൂഡൽഹി: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029-ൽ നടക്കുന്ന അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുൻപായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. കേന്ദ്രത്തിൽ സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ആഭ്യന്തര മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ഇതിനകം തന്നെ ചില ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നിയമനിർമ്മാണത്തിന് തുടക്കമിട്ടിട്ടുണ്ടെന്നും, ഈ മാതൃക ഘട്ടംഘട്ടമായി എൻഡിഎ സഖ്യം അധികാരത്തിലുള്ള എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ജീവനാംശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിനിയമങ്ങളിൽ മതാതീതമായി തുല്യത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭരണഘടനാപരമായ തുല്യനീതി ഉറപ്പാക്കാൻ രാജ്യവ്യാപകമായി ഇത്തരം നിയമപരിഷ്കാരങ്ങൾ അനിവാര്യമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 12 വർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തിയ അമിത് ഷാ, രാജ്യം രാഷ്ട്രീയ സ്ഥിരതയുടെയും ശക്തമായ ഭരണനേതൃത്വത്തിന്റെയും പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി അവകാശപ്പെട്ടു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് മുതൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ മേഖലയിൽ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീഷണിയായിരുന്ന നക്സലിസം ഏതാണ്ട് പൂർണ്ണമായി തുടച്ചുനീക്കാൻ കഴിഞ്ഞതും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ ഒപ്പിട്ട സമാധാന കരാറുകളും സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ഉടച്ചുവാർത്ത ഭാരതീയ ന്യായ സംഹിത ഉൾപ്പെടെയുള്ള പുതിയ നിയമങ്ങൾ വഴി കേസുകളിൽ അതിവേഗം വിചാരണ പൂർത്തിയാക്കാനും ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാനും സാധിച്ചതായി ആഭ്യന്തര മന്ത്രി പറഞ്ഞു. മൂന്ന് വർഷത്തിനകം പരാതിക്കാർക്ക് നീതി ലഭ്യമാക്കുന്ന രീതിയിലേക്ക് സംവിധാനങ്ങൾ പരിഷ്കരിക്കുകയാണ്. രാജ്യത്തിന്റെ അതിർത്തി സുരക്ഷയും സാമ്പത്തിക നിലയും മുൻകാലങ്ങളെ അപേക്ഷിച്ച് അഭൂതപൂർവ്വമായ കരുത്ത് നേടിയിട്ടുണ്ട്. കുടുംബവാഴ്ചയ്ക്കും അഴിമതിക്കും പ്രീണന രാഷ്ട്രീയത്തിനും പകരമായി വികസനത്തിലും മികച്ച പ്രകടനത്തിലും അധിഷ്ഠിതമായ രാഷ്ട്രീയ ശൈലിയാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണനേട്ടങ്ങൾ ഓരോ പൗരനിലേക്കും എത്തിക്കാനുള്ള സമഗ്രമായ കർമ്മപദ്ധതികളാണ് കേന്ദ്ര നേതൃത്വം വിഭാവനം ചെയ്യുന്നത്. പൗരന്മാരുടെ തുല്യാവകാശവും സ്ത്രീശാക്തീകരണവും ഉറപ്പുവരുത്തുന്ന ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് എൻഡിഎ സർക്കാരുകളുടെ മുഖ്യ അജണ്ടയായി തുടരുമെന്ന് അമിത് ഷാ അടിവരയിട്ടു. ഈ പ്രഖ്യാപനം ദേശീയ രാഷ്ട്രീയത്തിൽ വരുംദിവസങ്ങളിൽ വലിയ ചർച്ചകൾക്കും രാഷ്ട്രീയ പ്രതികരണങ്ങൾക്കും വഴിവെക്കുമെന്നുറപ്പാണ്.
---------------
Hindusthan Samachar / Roshith K