Enter your Email Address to subscribe to our newsletters

Kozhikode , 13 സെപ്റ്റംബര് (H.S.)
സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട് തുടക്കമായി. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് പതാക ഉയർത്തി. പാർട്ടിയുടെ പുതിയ മുന്നേറ്റങ്ങൾക്കും പ്രവർത്തനങ്ങൾക്കും ദിശാബോധവും തെളിമയും നൽകാനുള്ള ചർച്ചകളും തീരുമാനങ്ങളും യോഗത്തിലുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അതിജീവിക്കാനും ജന സ്വാധീനം വിപുലമാക്കാനും കർമ്മ പദ്ധതികൾ ആവിഷ്കരിക്കും. ജനറൽ സെക്രട്ടറി എം എ ബേബി യോഗം ഉദ്ഘാടനം ചെയ്യും.
സംഘടനാ രീതി അനുസരിച്ച്, സംസ്ഥാന സമിതി അംഗീകരിച്ച് റിപ്പോർട്ട് വീണ്ടും വിശാല സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യുമ്പോൾ സംസ്ഥാന സമിതി അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കില്ല. പകരം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പോഷക/ബഹുജന സംഘടനാ പ്രതിനിധികളും മാത്രമാണ് ഈ ചർച്ചയിൽ പങ്കാളികളാകുന്നത്. അതിനാൽ തന്നെ രൂക്ഷമായ വിമർശനങ്ങളുടെ മൂർച്ച കുറയുമോ അതാണ് ചോദ്യം. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട വർഗ, ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരടക്കം 307 പേരാണ് പങ്കെടുക്കുക.
കഴിഞ്ഞ നാല് മാസമായി പാർട്ടിക്കുള്ളിൽ കടുത്ത സ്വയംവിമർശന ഘട്ടങ്ങളിലൂടെയാണ് സിപിഎം കടന്നുപോകുന്നത്. നേതൃത്വത്തിൻ്റെ ശൈലിക്കെതിരെയും സംഘടനാ വീഴ്ചൾക്കെതിരെയും വ്യക്തി കേന്ദ്രീകൃതമായ പ്രചാരണങ്ങൾക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരെ നേരിട്ട് ലക്ഷ്യമിടുന്ന പരാമർശങ്ങളും, നേതൃത്വത്തിൽ നിന്ന് ഒഴിയണമെന്ന തുറന്ന ആവശ്യങ്ങളും പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു.
റിപ്പോർട്ടിൽ കൂടുതൽ തിരുത്തലുകൾ വരുത്തിയാണ് വിശാല സംസ്ഥാന സമിതിയിലേക്ക് എത്തിയത്. പ്ലീനം വിളിക്കേണ്ട സാഹചര്യമുണ്ടെന്ന് വിലയിരുത്തിയെങ്കിലും വിശാല സംസ്ഥാന സമിതി തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. കേരളത്തിൽ സിപിഎം സംഘടനാ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു വിശാല സംസ്ഥാന സമിതി യോഗം ചേരുന്നത്.
കരട് റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ
ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കുകയും നേതാക്കൾ എളിമ കാണിക്കുകയും വേണം. മതേതര നിലപാടുകൾ വീണ്ടെടുക്കണം. പ്രവർത്തനം മന്ദഗതിയിലായ പോഷക സംഘടനകളെ സജീവമാക്കണം. കേഡർമാരും കമ്മിറ്റികളും സജീവമായി പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാകണം.
ഔദ്യോഗിക അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും യോഗത്തിൽ സംസ്ഥാന നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവരാൻ സാധ്യതയേറെയാണ്. കമ്മിറ്റി ചർച്ചകളുടെയും റിപ്പോർട്ടിൻ്റെയും വിവരങ്ങൾ പുറത്തുപോകരുതെന്ന് പാർട്ടി നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്. അതിനിശിതമായ ചർച്ചകൾ നടക്കുമെങ്കിലും മാസപ്പടിക്കേസ് ഇഡി അന്വേഷണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ഉയരുമോ, ഉയർന്നാൽ തന്നെ വിമർശനങ്ങളുടെ ആഴം എത്രത്തോളമുണ്ടാകുമെന്നതുമാണ് കണ്ടറിയേണ്ടത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR