Enter your Email Address to subscribe to our newsletters

Bihar, 13 സെപ്റ്റംബര് (H.S.)
ബിഹാറിലെ കിഷൻഗഞ്ചിലുള്ള എസ്എസ്ബി ക്യാമ്പിൽ സൈനികൻ സ്വയം വെടിവെച്ച് ജീവനൊടുക്കി. പശ്ചിമ ബംഗാൾ സ്വദേശിയായ ചയൻ മണ്ഡൽ (24) ആണ് മരിച്ചത്. സംഭവത്തില് കിഷൻഗഞ്ച് എസ്പി സന്തോഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡ്യൂട്ടിക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ നടന്ന ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.
കിഷൻഗഞ്ച് ജില്ലയിലെ ജിയാപോഖർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന താക്കൂർഗഞ്ചിലെ എസ്എസ്ബി ക്യാമ്പിലാണ് സംഭവം. ശനിയാഴ്ച രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയില് ജവാൻ സ്വയം തലയ്ക്ക് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ജവാൻ്റെ പക്കലുള്ള സർവീസ് റൈഫിളിലെ (ഇൻസാസ് റൈഫിൾ) ബുള്ളറ്റ് ആണ് തുളച്ച് കയറിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആത്മഹത്യയിലേക്ക് നയിച്ച യഥാർഥ കാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ കാരണങ്ങളോ (പ്രേമനൈരാശ്യം സംശയിക്കുന്നു) മാനസിക സമ്മർദങ്ങളോ ആകാം ഇതിന് പിന്നിലെന്ന് അന്വേഷണ സംഘം പറയുന്നു.
പെട്ടെന്ന് വെടിയൊച്ച കേട്ട് ക്യാമ്പിലെ മറ്റ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും ഇദ്ദേഹം രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. തുടർന്ന് ഡെപ്യൂട്ടി കമാൻഡൻ്റ് വികാസ് കുമാർ പാണ്ഡെ മുതിർന്ന ഉദ്യോഗസ്ഥരെയും പ്രാദേശിക പൊലീസിനെയും വിവരമറിയിച്ചു. എസ്എസ്ബി ഡിഐജി എകെ സിങ്, കിഷൻഗഞ്ച് എസ്പി സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പ് സന്ദർശിച്ചു.
കൃത്യമായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അവിടെയുണ്ടായിരുന്ന ജവാൻമാരെ ചോദ്യം ചെയ്യുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കിഷൻഗഞ്ച് സദർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിവരമറിയിച്ചതിനെ തുടർന്ന് സൈനികൻ്റെ ബന്ധുക്കൾ ക്യാമ്പിലേക്ക് തിരിച്ചിട്ടുണ്ട്.
സംഭവ സ്ഥലത്തുനിന്ന് തെളിവുകൾ കണ്ടെടുത്തു
അന്വേഷണം പുരോഗമിക്കുകയാണെന്ന് ജിയാപോഖർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഗൗതം കുമാർ അറിയിച്ചു. സംഭവസ്ഥലത്തിന് സമീപത്തുനിന്ന് സർവീസ് റൈഫിളിൽ നിന്നുള്ള വെടിയുണ്ടയുടെ ഒഴിഞ്ഞ കാട്രിഡ്ജ് കണ്ടെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ച ജവാന് പ്രഫുൽ മണ്ഡലിൻ്റെ മകൻ ചയൻ മണ്ഡൽ ആണെന്ന് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
പ്രണയബന്ധമാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നു. റിപ്പോർട്ട് തയ്യാറാക്കിവരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കിഷൻഗഞ്ചിലെ സദർ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളുടെ കുടുംബത്തെ ഫോണിലൂടെ വിവരം അറിയിച്ചു. ഔദ്യോഗിക പരാതി ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കും ഗൗതം കുമാർ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR