Enter your Email Address to subscribe to our newsletters

Newdelhi , 13 സെപ്റ്റംബര് (H.S.)
ന്യൂഡൽഹി: ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത, അനുബന്ധ, സംയോജിത വൈദ്യശാസ്ത്ര മേഖലകളിൽ (TCIM) ശാസ്ത്രാധിഷ്ഠിത ആഗോള സഹകരണത്തിന് ആഹ്വാനം ചെയ്ത് ബ്രിക്സ് ഉച്ചകോടി. ന്യൂഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ അംഗീകരിച്ച പ്രഖ്യാപനം പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയുടെ വളർച്ചയ്ക്ക് സുപ്രധാന ചുവടുവെപ്പായി മാറി. ഇതിന്റെ ഭാഗമായി ഹെൽത്ത് ട്രാക്കിന് കീഴിൽ ഒരു പുതിയ വിദഗ്ധ സമിതി (Expert Working Group) രൂപീകരിക്കാനുള്ള നിർദ്ദേശത്തെ അംഗരാജ്യങ്ങൾ ഔദ്യോഗികമായി സ്വാഗതം ചെയ്തു.
പരമ്പരാഗത ചികിത്സാ രീതികൾക്ക് ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യത നൽകുന്നതിനും, ശാസ്ത്രീയ തെളിവുകളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ അവയെ ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനം വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വിദഗ്ധ സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ
അംഗരാജ്യങ്ങൾ തമ്മിൽ പരമ്പരാഗത ആരോഗ്യ പരിപാലന അറിവുകൾ പങ്കുവെക്കുന്നതിനും സംയുക്ത ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന വേദിയായിരിക്കും നിർദ്ദിഷ്ട വിദഗ്ധ സമിതി.
-
ഔഷധസസ്യങ്ങളെയും പ്രകൃതിദത്ത കൂട്ടുകളെയും സംബന്ധിച്ച ശാസ്ത്രീയ ഗവേഷണം വിപുലമാക്കുക.
-
പരമ്പരാഗത ഔഷധങ്ങളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ ഉറപ്പാക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും വികസിപ്പിക്കുക.
-
താങ്ങാനാവുന്നതും ഫലപ്രദവുമായ ആരോഗ്യ പരിപാലന ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് അംഗരാജ്യങ്ങളിലെ പരമ്പരാഗത ഔഷധ ശേഖരങ്ങൾ പ്രയോജനപ്പെടുത്തുക.
-
വിവിധ രാജ്യങ്ങളിലെ ഗവേഷണ രീതികൾ, ഗുണനിലവാര പരിശോധനകൾ, ശാസ്ത്രീയ മൂല്യനിർണ്ണയങ്ങൾ എന്നിവ കൈമാറുക.
ഇന്ത്യയ്ക്ക് നിർണ്ണായക നേട്ടം
ഈ നയപ്രഖ്യാപനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു നയതന്ത്ര-ആരോഗ്യ നേട്ടമാണ്. ആയുർവേദം, യോഗ, സിദ്ധ, യുനാനി തുടങ്ങിയ പാരമ്പര്യ വൈദ്യശാസ്ത്ര സംവിധാനങ്ങൾക്ക് ശാസ്ത്രീയ അടിത്തറ നൽകി ആഗോള ശ്രദ്ധയിലേക്ക് എത്തിക്കാൻ രാജ്യം നടത്തുന്ന നിരന്തര പരിശ്രമങ്ങൾക്ക് ഈ തീരുമാനം കരുത്തുപകരും.
പരമ്പരാഗത ചികിത്സകളെ ആധുനിക ആരോഗ്യ സംവിധാനങ്ങളുമായി കോർത്തിണക്കി ആഗോളതലത്തിൽ പ്രയോജനപ്പെടുത്താൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്റാവു ജാദവ് വ്യക്തമാക്കി. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണങ്ങളിലൂടെ ആരോഗ്യ പരിരക്ഷാ രംഗത്തെ സമഗ്ര മുന്നേറ്റത്തിന് പരമ്പരാഗത വൈദ്യ സംവിധാനം വലിയ പങ്കുവഹിക്കുമെന്ന് ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചയും ചൂണ്ടിക്കാട്ടി.
ആഗോള ആരോഗ്യ നയങ്ങളുമായി ഒത്തുപോകുന്ന സമീപനം
ലോകാരോഗ്യ സംഘടനയുടെ (WHO) 2025–2034 കാലയളവിലേക്കുള്ള ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങളോട് ചേർന്നുനിൽക്കുന്നതാണ് അംഗരാജ്യങ്ങളുടെ ഈ പുതിയ ചുവടുവെപ്പ്. പരമ്പരാഗത വൈദ്യശാസ്ത്രത്തെ ശാസ്ത്രാധിഷ്ഠിതമായി ലോകമെമ്പാടും വ്യാപിപ്പിക്കാൻ പുതിയ വിദഗ്ധ സമിതിയുടെ പ്രവർത്തനം സഹായകരമാകും. രോഗപ്രതിരോധത്തിനും ചെലവ് കുറഞ്ഞ ചികിത്സാ രീതികൾക്കും മുൻഗണന നൽകുന്നതിലൂടെ ആഗോളതലത്തിൽ സമഗ്ര ആരോഗ്യ പരിരക്ഷ (Universal Health Coverage) ഉറപ്പാക്കാനും ഇത് വഴിതുറക്കും.
---------------
Hindusthan Samachar / Roshith K