Enter your Email Address to subscribe to our newsletters

Mumbai , 13 സെപ്റ്റംബര് (H.S.)
മുംബൈ: മറാത്ത സംവരണ പ്രക്ഷോഭകൻ മനോജ് ജരാങ്കെ പാട്ടീലിന് മുംബൈയിലെ ആസാദ് മൈതാനിൽ അനിശ്ചിതകാല നിരാഹാര സമരം നടത്താൻ അനുമതി നിഷേധിച്ച് മുംബൈ പോലീസ്. സെപ്റ്റംബർ 19 മുതൽ സമരം ആരംഭിക്കാൻ അനുമതി തേടിയുള്ള അപേക്ഷ തള്ളിക്കൊണ്ട് ആസാദ് മൈതാനം പോലീസ് സ്റ്റേഷൻ സീനിയർ പോലീസ് ഇൻസ്പെക്ടർ രാജു ബിഡ്കർ കത്ത് നൽകി. ഇതോടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി ജരാങ്കെ രംഗത്തെത്തി. തങ്ങളുടെ പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് മഹാരാഷ്ട്ര സർക്കാർ ശ്രമിക്കുന്നതെന്നും പോലീസ് നടപടി ബോംബെ ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിന്റെയും പോലീസിന്റെയും ഈ നീക്കം ശുദ്ധമായ ഏകാധിപത്യവും ധിക്കാരവുമാണെന്ന് ജരാങ്കെ വിമർശിച്ചു. പ്രതിഷേധം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾ നിയമങ്ങൾ ലംഘിക്കുമെന്ന് മുൻകൂട്ടി കാണാൻ അധികാരികൾക്ക് എങ്ങനെ സാധിക്കും? ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത്? എന്ന് അദ്ദേഹം ചോദിച്ചു. ബോംബെ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടിയെ അദ്ദേഹം ചോദ്യം ചെയ്തത്.
അനുമതി നിഷേധിക്കാൻ പോലീസ് ചൂണ്ടിക്കാട്ടിയ 4 പ്രധാന കാരണങ്ങൾ
-
ഗണേശോത്സവ സുരക്ഷ: സംസ്ഥാനത്തെ ഏറ്റവും വലിയ ആഘോഷമായ ഗണേശോത്സവം ആരംഭിക്കുന്നതിനാൽ ക്രമസമാധാന പാലനത്തിനായി വലിയ തോതിൽ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിഷേധങ്ങൾ പൊതുസുരക്ഷയെ ബാധിച്ചേക്കാം.
-
കോടതി ഉത്തരവുകൾ: സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ, ബോംബെ ഹൈക്കോടതി നിർദ്ദേശങ്ങൾ, പൊതുയോഗങ്ങളും പ്രകടനങ്ങളും നിയന്ത്രിക്കുന്ന ചട്ടങ്ങൾ എന്നിവ പ്രകാരം അനുമതി നൽകാൻ കഴിയില്ല.
-
ആസാദ് മൈതാനത്തിന്റെ ശേഷിക്കുറവ്: 4,000 മുതൽ 4,500 വരെ ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. എന്നാൽ അത്രയും ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷി ആസാദ് മൈതാനത്തിനില്ല. മുൻ വർഷങ്ങളിലെ സമരങ്ങൾ സ്കൂളുകളുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെയും ഗതാഗതത്തെയും ബാധിച്ചിരുന്നു.
-
മുൻകാല അനുഭവങ്ങൾ: മുൻപ് നടന്ന പ്രക്ഷോഭങ്ങളിൽ വൻതോതിൽ ആളുകൾ എത്തുകയും കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ 'മുംബൈ ബന്ദ്' അടക്കമുള്ള ആഹ്വാനങ്ങൾ ക്രമസമാധാന തകർച്ചയ്ക്ക് കാരണമായേക്കാമെന്നും പോലീസ് വ്യക്തമാക്കുന്നു.
മുംബൈ മാർച്ചിന് സജ്ജരാകാൻ ആഹ്വാനം
അർഹരായ മറാത്ത സമുദായക്കാർക്ക് നൽകിവരുന്ന കുൻബി ജാതി സർട്ടിഫിക്കറ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കാൻ സർക്കാർ നീക്കം നടത്തുകയാണെന്ന് ജരാങ്കെ ആരോപിച്ചു. മുൻപ് കണ്ടെത്തിയ 58 ലക്ഷം രേഖകളുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ വേഗത്തിൽ വിതരണം ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
മുംബൈയിലേക്ക് മാർച്ച് ചെയ്യാൻ മറാത്ത സമുദായാംഗങ്ങൾ പൂർണ്ണ സജ്ജരായിരിക്കണമെന്ന് ജരാങ്കെ ആഹ്വാനം ചെയ്തു. മുംബൈയിലേക്ക് പോകാൻ തീരുമാനിച്ചാൽ ആസാദ് മൈതാനത്തോ, ശിവാജി പാർക്കിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'വർഷ'യ്ക്ക് മുന്നിലോ സമരം ഇരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നാണ് സമരക്കാർ എത്തുന്നത്. 10 മുതൽ 15 ദിവസത്തേക്ക് അവരെ സഹിക്കാൻ മുംബൈയിലെ ജനങ്ങൾ തയ്യാറാകണം. ഞങ്ങൾ നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്, എന്നാൽ മുംബൈയിലേക്ക് വരണമെന്ന് ഞാൻ തീരുമാനിച്ചാൽ എന്നെ ആർക്ക് തടയാൻ സാധിക്കുമെന്ന് കാണാം, ജരാങ്കെ വ്യക്തമാക്കി. സർക്കാരിന്റെ നിലപാടുകൾക്കെതിരെ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുമെന്ന സൂചനയാണ് ജരാങ്കെയുടെ പ്രതികരണം നൽകുന്നത്.
---------------
Hindusthan Samachar / Roshith K