Enter your Email Address to subscribe to our newsletters

Kochi, 15 സെപ്റ്റംബര് (H.S.)
കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക കണ്ടെത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തായ ഫാബിസിന്റെ ബാങ്ക് ലോക്കറിൽ നടത്തിയ പരിശോധനയിൽ 51 പവൻ സ്വർണം കണ്ടെടുത്തു. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ കമ്പനിയുടെ ജനറൽ മാനേജർ മനോഹർ ദാസ് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി.
ലോക്കർ പരിശോധനയും സ്വർണം കണ്ടെത്തലും
മുൻപ് കോഴിക്കോട് മുഹമ്മദ് റിയാസുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡുകളുടെ തുടർച്ചയായി ഫാബിസിന്റെ ലോക്കർ ഇ.ഡി മരവിപ്പിച്ചിരുന്നു. ഈ ലോക്കറിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കണ്ടെടുത്ത സ്വർണം കുറ്റകൃത്യത്തിലൂടെ നേടിയ പണം (Proceeds of Crime) ഉപയോഗിച്ച് വാങ്ങിയതാണെന്നാണ് അന്വേഷണ ഏജൻസിയുടെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട കൃത്യമായ രേഖകളും വരുമാന സ്രോതസ്സുകളും ഇ.ഡി പരിശോധിച്ചു വരികയാണ്.
സി.എം.ആർ.എൽ ഉദ്യോഗസ്ഥരിലേക്ക് നീളുന്ന ചോദ്യം ചെയ്യൽ
സി.എം.ആർ.എൽ കമ്പനിയുടെ ഭാഗത്തുനിന്ന് നടന്നിട്ടുള്ള 132 കോടിയിലധികം രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കമ്പനിയുടെ ഓഡിറ്റർമാരെ അടക്കം നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജനറൽ മാനേജർ മനോഹർ ദാസിനെ ഇ.ഡി ഓഫീസിലേക്ക് വിളിപ്പിച്ചു മൊഴിയെടുക്കുന്നത്. അനധികൃത പണമിടപാടുകളുടെ വിശദാംശങ്ങൾ, ഇടപാടുകൾ നടത്തിയ രീതി എന്നിവയെക്കുറിച്ചാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നത്.
ഈ മൊഴിയെടുപ്പുകൾ എത്രയും വേഗം പൂർത്തിയാക്കി, കേസിൽ ആദ്യഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം. വരും ദിവസങ്ങളിൽ കമ്പനിയിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന.
മുഹമ്മദ്റിയാസിനെതിരായഇ.ഡിയുടെ പ്രധാന ആരോപണങ്ങൾ:
- ₹25 കോടിയുടെ ഹവാല ഇടപാട്: എക്സാലോജിക്കിന് ലഭിച്ച പണത്തിന് പുറമെ, 25 കോടിയിലധികം രൂപ ഹവാല മാർഗ്ഗത്തിലൂടെ ദുബായിലേക്ക് കടത്തിയെന്നും അവിടെ ബിസിനസുകളിലും കമ്പനികളിലും നിക്ഷേപിച്ചെന്നും ഇ.ഡി ആരോപിക്കുന്നു.
- സുഹൃത്തുക്കൾ വഴി പണം കടത്തൽ: മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളായ നിഖിൽ, ഹസൻ വാരിസ്, ഫൈജാസ്, നന്ദുലാൽ, ഷൈജൽ എന്നിവർ വഴി അനധികൃതമായി പണം വിദേശത്തേക്ക് കൈമാറ്റം ചെയ്തതായി ഏജൻസി ആരോപിക്കുന്നു.
ഇ.ഡി നിരത്തുന്ന തെളിവുകൾ
- 'ചുവപ്പ് ഡയറി' (Red Book): തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ചുവന്ന പുറംചട്ടയുള്ള ഡയറിയാണ് ഇ.ഡി പ്രധാന തെളിവായി ചൂണ്ടിക്കാട്ടുന്നത്. ഇതിലെ ഏഴ് മുതൽ ഒമ്പത് വരെയുള്ള പേജുകളിൽ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇ.ഡി അവകാശപ്പെടുന്നു.
- ഡിജിറ്റൽ തെളിവുകളും വാട്സാപ്പ് ചാറ്റുകളും: കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള റിയാസിന്റെയും സുഹൃത്തുക്കളുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയിലെ വാട്സാപ്പ് ചാറ്റുകൾ, ഇമെയിലുകൾ എന്നിവ പണമിടപാടുകൾ സ്ഥിരീകരിക്കുന്ന തെളിവുകളാണെന്ന് ഏജൻസി വ്യക്തമാക്കുന്നു.
- ഹസൻ വാരിസിന്റെ മൊഴി: പണം ദുബായിലേക്ക് എത്തിച്ചതായി റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് നൽകിയ മൊഴി ഇ.ഡി രേഖപ്പെടുത്തിയിരുന്നു. (എന്നാൽ കുടുംബത്തെയും മകളെയും കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഈ മൊഴി വാങ്ങിയതെന്നും അത് പിൻവലിക്കുകയാണെന്നും വ്യക്തമാക്കി വാരിസ് പിന്നീട് സത്യവാങ്മൂലം നൽകി.അതേസമയം റെയ്ഡ് വേളയിൽ നൽകിയ മൊഴി അസാധുവാക്കാനാകില്ലെന്നാണ് ഇ.ഡിയുടെ വാദം).
- വിദേശയാത്ര വിവരങ്ങൾ: 2024 മുതലുള്ള ചില വിദേശയാത്രകളുടെ വിവരങ്ങളും ഹവാല പണത്തിന്റെ കൈമാറ്റ രീതികളും തമ്മിൽ ബന്ധമുണ്ടെന്ന് ഇ.ഡി റിപ്പോർട്ടിൽ പറയുന്നു.
---------------
Hindusthan Samachar / Roshith K