Enter your Email Address to subscribe to our newsletters

Kashmir, 17 സെപ്റ്റംബര്‍ (H.S.)
ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുര്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി വൈകി ആരംഭിച്ച സംയുക്ത സൈനിക നീക്കത്തിനൊടുവിലാണ് ഇവരെ വകവരുത്തിയത്.
ഉധംപുര്‍ ജില്ലയിലെ മജല്‍ത, സോഹന്‍ മേഖലകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചിലരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചത്. ബുധനാഴ്ച രാത്രി വൈകിയോടെ പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസ്, രാഷ്ട്രീയ റൈഫിള്‍സ്, പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് എന്നിവര്‍ സംയുക്തമായി പ്രദേശം വളയുകയും ശക്തമായ ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് വിദേശികളാണെന്ന് സംശയിക്കുന്ന രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ സുരക്ഷാസേന കണ്ടെടുത്തത്. ഇവരുടെ പക്കല്‍നിന്നും വന്‍ ആയുധശേഖരവും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ദുഷ്‌കരമായ ഭൂപ്രകൃതിയും മോശം കാലാവസ്ഥയും മറികടന്നാണ് സൈന്യം ഈ നിര്‍ണായക ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.
സെപ്റ്റംബര്‍ അഞ്ചിന് മധ്യ കശ്മീരിലെ ബദ്ഗാം ജില്ലയില്‍ പാകിസ്ഥാനില്‍നിന്നുള്ള ലഷ്‌കറെ ത്വയ്യിബ കമാന്‍ഡറെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉധംപുരിലും സമാനമായ രീതിയില്‍ ഭീകരരെ വധിക്കുന്നത്. ബദ്ഗാമില്‍ കൊല്ലപ്പെട്ട യാസിര്‍ എന്ന ഭീകരന്‍ ലഷ്‌കറെ ത്വയ്യിബയുടെ സുലൈമാന്‍ മൂസ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു.
എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ഈ ഗ്രൂപ്പില്‍നിന്നും വേര്‍പിരിഞ്ഞ ഇയാള്‍ ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. യാസിറിന്റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവന്ന സുരക്ഷാസേന, ബദ്ഗാമിലെ യൂസ്മാര്‍ഗ് മേഖലയില്‍ വച്ചാണ് ഇയാളെ വധിച്ചത്. ഈ സംഭവത്തിന് ശേഷം സംസ്ഥാനത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി രഹസ്യാന്വേഷണ ഏജന്‍സികളും പൊലീസും സംയുക്തമായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S