Enter your Email Address to subscribe to our newsletters

Pathanamthitta , 19 സെപ്റ്റംബര് (H.S.)
പത്തനംതിട്ട: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം വിശദമായി പരിശോധിച്ച ശേഷമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിക്കുമോയെന്ന കാര്യം സർക്കാർ അതീവ ഗൗരവത്തോടെ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ ഉയർന്ന അഴിമതി ആരോപണങ്ങളിൽ സംസ്ഥാന വിജിലൻസോ പോലീസോ കേസെടുക്കണമെന്ന ശുപാർശയോടെയാണ് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് കൈമാറിയത്. ഈ കത്ത് ഡി.ജി.പി ആഭ്യന്തര വകുപ്പിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. അഡ്വക്കേറ്റ് ജനറൽ (എ.ജി), ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് (ഡി.ജി.പി) എന്നിവരിൽ നിന്നുള്ള നിയമോപദേശമാണ് ആഭ്യന്തര വകുപ്പ് തേടിയിട്ടുള്ളത്. നിയമോപദേശം ഔദ്യോഗികമായി ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ വിഷയത്തിൽ ഹൈക്കമാൻഡുമായോ രാഹുൽ ഗാന്ധിയുമായോ ചർച്ച നടത്തേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണിത്. അതിനാൽ സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ നിയമപരമായി തീരുമാനം കൈക്കൊള്ളാൻ പൂർണ്ണ അധികാരമുണ്ടെന്നും, കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ ഇതിൽ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ ചട്ടക്കൂടുകൾ പാലിച്ച് മാത്രമായിരിക്കും ഏതൊരു നടപടിയും ഉണ്ടാകുക.
സിഎംആർഎൽ സാമ്പത്തിക ഇടപാടിൽ നേരത്തെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ളവരുടെ പേരുകൾ ഉയർന്നു വന്നിരുന്നു. അന്വേഷണ ഏജൻസികൾ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ ആരെയും അനാവശ്യമായി സംരക്ഷിക്കാനോ വേട്ടയാടാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പിച്ചു പറഞ്ഞു.
ഇ.ഡി ശുപാർശയിൽ സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നു എന്ന തരത്തിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നും മറ്റും ഉയരുന്ന വിമർശനങ്ങളെ മന്ത്രി തള്ളി. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ എടുത്തുചാടി നടപടികൾ സ്വീകരിക്കാനാകില്ലെന്നും, നിയമോപദേശം സർക്കാരിന് ലഭിക്കുന്ന മുറയ്ക്ക് അന്തിമ തീരുമാനം പൊതുജനങ്ങളെ അറിയിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K