Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 സെപ്റ്റംബര്‍ (H.S.)
കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തകര്‍ത്തുവിട്ട് ട്രിവാണ്‍ഡ്രം റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. കൊച്ചി ഉയര്‍ത്തിയ 197 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പത്ത് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് തിരുവനന്തപുരം മറികടന്നത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിന്റേയും ഗോവിന്ദ് ദേവ് പൈയുടെയും റെക്കോര്‍ഡ് കൂട്ടുകെട്ടാണ് റോയല്‍സിന് അനായാസ വിജയം സമ്മാനിച്ചത്.
കഴിഞ്ഞ കളിയിലെ താരം ജോബിന്‍ ജോബിയും വിപുല്‍ ശക്തിയും ചേര്‍ന്നാണ് കൊച്ചിയുടെ ഇന്നിങ്‌സ് ആരംഭിച്ചതെങ്കിലും അഞ്ച് റണ്‍സെടുത്ത ജോബിനും തൊട്ടുപിന്നാലെ ആദി അഭിലാഷും (1) തുടക്കത്തില്‍ തന്നെ പുറത്തായി. എന്നാല്‍ ഒരുവശത്ത് ഉറച്ചുനിന്ന വിപുല്‍ ടീമിന് മികച്ച അടിത്തറ നല്‍കി. വിനോദ് കുമാര്‍ എറിഞ്ഞ പത്താം ഓവറില്‍ വിപുലും സാലി സാംസണും വീണതോടെ കൊച്ചി നാല് വിക്കറ്റിന് 70 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലായി. തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച സച്ചിന്‍ സുരേഷും (18 പന്തില്‍ 33) മനുകൃഷ്ണനും (22 പന്തില്‍ 47) ചേര്‍ന്ന് 75 റണ്‍സിന്റെ കൂട്ടുകെട്ടുമായി കൊച്ചിയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറുകളില്‍ മുഹമ്മദ് ആഷിഖും (21), അനന്തു സുനിലും (18) മികച്ച പ്രകടനം പുറത്തെടുത്തതോടെ കൊച്ചി സ്‌കോര്‍ 196-ല്‍ എത്തിച്ചു. ട്രിവാണ്‍ഡ്രത്തിനായി വിനോദ് കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ 12 റണ്‍സിനിടെ അഭിഷേക് ജെ. നായര്‍ (2), സുധീഷ് മോഹന്‍ (4) എന്നിവരെ നഷ്ടമായി ട്രിവാണ്‍ഡ്രം തകര്‍ച്ചയെ അഭിമുഖീകരിച്ചെങ്കിലും, മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേര്‍ന്ന് കളിയുടെ ഗതി പൂര്‍ണ്ണമായി മാറ്റി. ഈദന്‍ ആപ്പിള്‍ ടോം എറിഞ്ഞ ആറാം ഓവറില്‍ മൂന്ന് സിക്സറുകള്‍ പായിച്ച് സ്‌കോര്‍ 50 കടത്തിയ സഖ്യം, പത്താം ഓവറില്‍ ടീമിനെ 100 കടത്തി. വെറും 28 പന്തുകളില്‍ നിന്ന് ഇരുവരും അര്‍ധസെഞ്ചുറി തികച്ചതോടെ കളി റോയല്‍സിന്റെ വരുതിയിലായി.
തുടര്‍ന്ന് 10 പന്തുകള്‍ ബാക്കിനില്‍ക്കെ ഇരുവരും ചേര്‍ന്ന് ടീമിനെ ആധികാരിക വിജയത്തിലെത്തിച്ചു. കെസിഎല്ലിലെ കന്നി സെഞ്ചുറി കുറിച്ച ഗോവിന്ദ് പൈ 62 പന്തില്‍ 11 ഫോറും 4 സിക്സറും സഹിതം 108 റണ്‍സുമായും, കൃഷ്ണപ്രസാദ് 68 റണ്‍സുമായും പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 185 റണ്‍സിന്റെ ഓപ്പണിങ് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്. 10 കളികളില്‍ മൂന്ന് ജയവും ഏഴ് തോല്‍വിയുമടക്കം ആറ് പോയിന്റോടെ അവസാന സ്ഥാനക്കാരായാണ് നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്.
---------------
Hindusthan Samachar / Sreejith S