Enter your Email Address to subscribe to our newsletters

New delhi, 23 സെപ്റ്റംബര്‍ (H.S.)
ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിന്നും കണ്ടെത്തി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍, പ്രസംഗങ്ങള്‍, മീമുകള്‍ എന്നിവ കണ്ടെത്തി നീക്കം ചെയ്യാനും തടയാനും കേന്ദ്ര സര്‍ക്കാരിനോടും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോടും നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്.
അഹമ്മദാബാദ് സ്വദേശിയായ ഹിതേന്ദ്ര കുമാര്‍ പര്‍സോത്തംഭായ് ഗാധിയയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വരുണ്‍ സിന്‍ഹയുടെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് അംഗീകരിച്ചില്ല. സോഷ്യല്‍ മീഡിയ ഉള്ളടക്കവുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റൊരു ഹര്‍ജിക്കൊപ്പം ഈ ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യവും ബെഞ്ച് നിരസിച്ചു. 'നിങ്ങള്‍ക്ക് മറ്റ് നിയമപരമായ മാര്‍ഗങ്ങള്‍ തേടാവുന്നതാണെന്ന്' ചീഫ് ജസ്റ്റിസ് പറഞ്ഞു.
'ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ ദേശവിരുദ്ധ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും/പ്രസ്താവനകളും എക്സ് കോര്‍പ്പ് (X Corp), ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് ഹര്‍ജിക്കാരന്‍ ഈ റിട്ട് ഹര്‍ജി സമര്‍പ്പിച്ചതെ'ന്ന് ഹര്‍ജിയില്‍ പറയുന്നു.
'സിജെപി' (CJP) എന്ന് വിളിക്കപ്പെടുന്ന സംഘടനയുടെ പേരില്‍ രാജ്യത്തുടനീളമുള്ള അക്രമാസക്തരായ ജനക്കൂട്ടം സൃഷ്ടിച്ച സുരക്ഷാ ഭീഷണികളും ഒപ്പം എസ്എംഎസ്, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെയുള്ള വ്യാജ സന്ദേശങ്ങളുടെ പ്രചാരണവും കാരണം ദേശീയ തലസ്ഥാനവും പല സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളും ബന്ദികളാക്കപ്പെടുന്ന അവസ്ഥയുണ്ടായെന്നും' ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യാജ വാര്‍ത്തകളും പ്രകോപനപരമായ പ്രസ്താവനകളും പ്രസംഗങ്ങളും പ്രചരിക്കുന്നത് വര്‍ഗീയ സൗഹാര്‍ദ്ദത്തിനും ക്രമസമാധാനത്തിനും ഗുരുതരമായ ഭീഷണിയുയര്‍ത്തുകയും രാജ്യത്ത് അസ്വസ്ഥതയും പ്രശ്നങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
'വര്‍ഗീയ സൗഹാര്‍ദ്ദം, ദേശീയ അഖണ്ഡത, നീതിന്യായ വ്യവസ്ഥ എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുകയും വിവരമില്ലാത്ത ജനക്കൂട്ടത്തെ ഉപയോഗിച്ച് ഭരണഘടനാപരമായ പദവി വഹിക്കുന്നവരുടെ അധികാരം ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ (എക്സ് കോര്‍പ്പ്, യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയില്‍ പ്രസിദ്ധീകരിച്ചവ) തടയുന്നതിനോ നീക്കം ചെയ്യുന്നതിനോയുള്ള 'റിട്ട് ഓഫ് മാന്‍ഡമസ്' പുറപ്പെടുവിക്കണം' എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് പുറമെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തെയും ഹര്‍ജിയില്‍ കക്ഷികളാക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S