Enter your Email Address to subscribe to our newsletters

Thiruvananthapuram , 23 സെപ്റ്റംബര് (H.S.)
ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിന്റെ പേരിൽ വോട്ട് തേടി അധികാരത്തിലെത്തിയ കോൺഗ്രസ്, സമരത്തിൽ പങ്കെടുത്ത സാധാരണ വിശ്വാസികളെ മറക്കരുതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു.
ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഇപ്പോഴും നിലനിൽക്കുന്നത് അംഗീകരിക്കാനാവില്ല. ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. പതിനാറായിരത്തോളം ആളുകൾക്കെതിരെ കേസുകളുണ്ടെന്നാണ് കണക്ക്. കേസുകളുടെ എണ്ണത്തിൽ പോലും വ്യക്തതയില്ലാത്ത സാഹചര്യമുണ്ട്.
കേസുകൾ നിലനിൽക്കുന്നതിനാൽ നിരവധി പേർക്ക് ജോലി, യാത്ര തുടങ്ങിയ കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. ശബരിമല പ്രക്ഷോഭത്തെ ദുർബലപ്പെടുത്തുന്നതിനായി രജിസ്റ്റർ ചെയ്ത കേസുകളാണിവയെന്ന വിമർശനം നിലനിൽക്കുമ്പോഴും അവ പിൻവലിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കേസുകളിൽ ക്രിമിനൽ സ്വഭാവമില്ലെന്ന് നേരത്തെ തന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി വ്യക്തമായ നിലപാട് സ്വീകരിക്കണം. വിശ്വാസികൾക്കെതിരായ കേസുകളിൽ നിഷേധാത്മക സമീപനം അവസാനിപ്പിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ശബരിമല തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ അടിസ്ഥാന സൗകര്യ വികസനത്തിലും ആവശ്യമായ മുന്നൊരുക്കങ്ങളിലും കാര്യമായ പുരോഗതിയില്ലെന്നത് ആശങ്കാജനകമാണ്. ശബരിമലയിലേക്കുള്ള റോഡുകളുടെ നവീകരണം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യസംവിധാനം, ഗതാഗതം, ശുചിത്വം തുടങ്ങിയ സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. തീർത്ഥാടകരിൽ നിന്ന് വലിയ തോതിൽ വരുമാനം ലഭിക്കുന്ന സംവിധാനങ്ങൾ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്.
അരവണയും അപ്പവും ഉൾപ്പെടെയുള്ള വഴിപാട് സാധനങ്ങൾ ആവശ്യത്തിന് ലഭ്യമാക്കണം. പമ്പയിൽ ഇരുമുടിക്കെട്ടിനാവശ്യമായ നെയ്ത്തേങ്ങ ഉൾപ്പെടെയുള്ള സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കണം. ഭക്ഷണം ലഭിക്കാതെ ഭക്തർ മടങ്ങിപ്പോകേണ്ട സാഹചര്യം ഒഴിവാക്കണം. സൗജന്യമായി ഭക്ഷണവിതരണം നടത്താൻ തയ്യാറാകുന്ന ചാരിറ്റബിൾ സംഘടനകൾക്കും സന്നദ്ധ കൂട്ടായ്മകൾക്കും ആവശ്യമായ അനുമതിയും സൗകര്യവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയുടെ കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡും പരസ്പരം പഴിചാരുന്ന സമീപനം അവസാനിപ്പിക്കണം. സർക്കാർ, ദേവസ്വം ബോർഡ്, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി, വൈദ്യുതി ബോർഡ് തുടങ്ങി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഏകോപനത്തോടെ പ്രവർത്തിക്കണം. ഭക്തരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് പകരം പരസ്പരം ഉത്തരവാദിത്തം കൈമാറുന്ന സമീപനം അവസാനിപ്പിക്കണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ശബരിമലയുടെ മഹത്വവും അയ്യപ്പഭക്തരുടെ വിശ്വാസവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കുകയും തീർത്ഥാടനത്തിന് മുന്നോടിയായുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി പൂർത്തിയാക്കുകയും വേണം. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ വോട്ട് തേടിയവർ അധികാരത്തിലെത്തിയ ശേഷം സമരത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കുന്ന സമീപനം സ്വീകരിക്കരുതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR