Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 സെപ്റ്റംബര്‍ (H.S.)
പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറിക്കഴിഞ്ഞതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്ടറും എല്ലാം അജ്ഞാതരായ അത്തരം സാമ്പത്തിക ശക്തികള്‍ ആണ് സ്പോണ്‍സര്‍ ചെയ്യുന്നത്. ആ പ്രവൃത്തികള്‍ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നതായും ബിനോയ് വിശ്വം പറഞ്ഞു.
''മുതലാളി സേവയില്‍ മുമ്പേ ഗമിക്കുന്ന മുഖ്യമന്ത്രിയുടെ പിന്‍പേ ഗമിക്കു''കയാണ് മറ്റു മന്ത്രിമാര്‍. മന്ത്രിമാര്‍ക്കു സഞ്ചരിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന കാറുകള്‍ ഷെഡ്ഡില്‍ ഒതുക്കിയിട്ട് പണപ്രഭുക്കളുടെ അത്യാഡംബര കാറുകള്‍ക്കായി മന്ത്രിമാര്‍ കാത്തിരിക്കുന്നു.
മന്ത്രിമാര്‍ വിദേശത്ത് പോകുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നിബന്ധനകള്‍ അവര്‍ പാലിച്ചോ എന്നറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. പണക്കാരുടെ സൗജന്യം പറ്റുന്നത് സര്‍ക്കാരിന് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണെന്ന മന്ത്രിമാരുടെ വിചിത്രവാദവും യു ഡി എഫിന്റെ ട്രേഡ് മാര്‍ക്ക് ആയിരിക്കുന്നു. പ്രശസ്തരാകാന്‍ തങ്ങള്‍ക്ക് സൗജന്യങ്ങള്‍ തരാന്‍ ആഹ്വാനം ചെയ്യുന്ന മന്ത്രിമാരാണ് സതീശന്‍ സര്‍ക്കാരിന്റെ മുഖമുദ്ര. ഇത്തരം പുതുയുഗ വിസ്മയങ്ങള്‍ നെഹ്റൂവിയന്‍ സോഷ്യലിസത്തിന്റെ പുതിയ രൂപമാണെന്ന ഭാവത്തില്‍ മുഖ്യമന്ത്രി വാദിക്കുമ്പോള്‍ ഗാന്ധി - നെഹ്റു പാരമ്പര്യമുള്ള യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാര്‍ പോലും മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. സതീശന്‍ സര്‍ക്കാരിന്റെ ഈ നാണംകെട്ട പ്രവര്‍ത്തികളെപ്പറ്റി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും എന്താണ് പറയാനുള്ളതെന്നും ബിനോയ് വിശ്വം ചോദിച്ചു.
മലപ്പുറത്തെ ദുരിത ബാധിത മേഖലയിലേക്കുള്ള ചാര്‌ട്ടേര്ഡ് വിമാന യാത്രയെ മുഖ്യമന്ത്രി വിഡി സതീശന്‍ ന്യായീകരിച്ചിരുന്നു. സര്ക്കാര് പണം ചെലവാക്കിയല്ല താന് യാത്ര ചെയ്തത്. ഖജനാവിലെ പണം ചിലവഴിക്കാതിരിക്കാനാണ് സ്വകാര്യ വിമാനം ഉപയോഗിച്ചത്. ഇനിയും യാത്ര ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണത്തില് രാജ്യത്തിന് മാതൃകയാക്കാവുന്ന കാര്യമാണ് താന് ചെയ്തതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ദുരിതാശ്വാസ നിധിയിലെ പണം ഇത്തരം യാത്രകള്ക്ക് ചെലവാക്കാനുള്ളതല്ല. അത് ജനങ്ങള്ക്ക് ആശ്വാസം പകരാനുള്ളതാണ്. മുന്മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മന്ചാണ്ടിയും സ്വകാര്യ വിമാനങ്ങളില് യാത്ര ചെയ്തിട്ടുണ്ടെന്നും സതീശന് ചൂണ്ടിക്കാട്ടി.
മന്ത്രിമാരുടെ വിദേശ യാത്രയേയും മഉഖ്യമന്ത്രി ന്യായീകരിച്ചു. മന്ത്രി ജനീഷ് കുമാര് വിദേശത്ത് പോയതിലെന്താണ് കുഴപ്പം. പരിപാടികള്ക്കായി വിദേശത്തേക്ക് പോകുമ്പോള് സംഘടനകള് ടിക്കെറ്റടുത്ത് നല്കുന്നത് പതിവാണ്. അതില് എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനീഷിനോട് വിദേശത്തേക്ക് പോകാന് പറഞ്ഞത് താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടിക്കറ്റെടുത്ത് നല്കുന്നവര് ഔദാര്യം പറ്റാന് നില്ക്കുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സമാനരീതിയില് യാത്ര ചെയ്തവരുടെ പട്ടിക തന്റെ കയ്യിലുണ്ടെന്നും അത് വെളിപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S