മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശത്തില് വിവേചനം: കേന്ദ്ര സര്ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
New delhi, 23 സെപ്റ്റംബര്‍ (H.S.) മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. മുസ്ലിം വ്യക്തിനിയമപ്രകാരം സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ പകുതി മാത്രം സ്വത്തവകാശം നല്‍കുന്ന രീതി ഭരണഘടനാ വിരുദ്ധമായി പ്ര
Supreme Court HD


New delhi, 23 സെപ്റ്റംബര്‍ (H.S.)

മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. മുസ്ലിം വ്യക്തിനിയമപ്രകാരം സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ പകുതി മാത്രം സ്വത്തവകാശം നല്‍കുന്ന രീതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തേടി. മുസ്ലിം സ്ത്രീകളുടെ തുല്യമായ അനന്തരാവകാശവും ലിംഗവിവേചനവും ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

ഇംതിയാസ് ഹുസൈന്‍ ഷഹാബുദ്ദീന്‍ മുള്ള നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിനും കായിക-യുവജന മന്ത്രാലയത്തിനുമാണ് കോടതി നോട്ടീസ് അയച്ചത്. നിലവിലെ നിയമം ലിംഗവിവേചനം നിയമവിധേയമാക്കുകയാണെന്നും പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിന്റെ പകുതി വിഹിതം മാത്രം സ്ത്രീകള്‍ക്ക് നല്‍കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം അസമത്വങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 14), വിവേചനത്തിനെതിരെയുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 15), ജീവിക്കാനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 21) എന്നീ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന അഭിഭാഷകരായ എം. സിംഗ്, അനില്‍ സി. നിഷാനി എന്നിവരുടെ വാദങ്ങള്‍ കോടതി ഫയലില്‍ സ്വീകരിച്ചു.

വ്യക്തിനിയമങ്ങള്‍ ഏകപക്ഷീയത കാണിക്കുമ്പോള്‍ അവയ്ക്ക് ഭരണഘടനാപരമായ പരിശോധനകളില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്നും ചരിത്രപരമായ 'ഷായാര ബാനോ' കേസിന്റെ വിധി ഇതിന് തെളിവാണെന്നും അഭിഭാഷകനായ നിഷാനി പറഞ്ഞു. മുസ്ലിംകള്‍ക്കിടയില്‍ ലിംഗസമത്വത്തിലധിഷ്ഠിതമായ സ്വത്തവകാശവും അനന്തരാവകാശവും ഉറപ്പാക്കാന്‍ പരമോന്നത കോടതിയില്‍ നിന്ന് കൃത്യമായൊരു തീരുമാനം ഉണ്ടാകണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു.

പാരമ്പര്യ സ്വത്തിലും കുടുംബസ്വത്തിലും ഉള്‍പ്പെടെ മുസ്ലിം സ്ത്രീകള്‍ക്ക് തുല്യമായ സ്വത്തവകാശവും അനന്തരാവകാശവും ഉറപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.'മുസ്ലിം വ്യക്തിനിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമായ സ്വത്തവകാശം നല്‍കുന്നത് ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ്. അതിനാല്‍ അത്തരം വിവേചനങ്ങള്‍ ഭരണഘടനാ വിരുദ്ധവും നടപ്പിലാക്കാന്‍ സാധിക്കാത്തതുമായി പ്രഖ്യാപിക്കണം,' ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News