കുറഞ്ഞ വിദ്യാർഥി പങ്കാളിത്തവും അടിസ്ഥാന സൗകര്യക്കുറവും; ഡിസംബറിന് ശേഷം 250 മദ്രസകൾ പൂട്ടാൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനം
Kolkota, 24 സെപ്റ്റംബര് (H.S.) കൊൽക്കത്ത: വിദ്യാർഥികളുടെ എണ്ണക്കുറവും മോശം അടിസ്ഥാന സൗകര്യങ്ങളും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 250 സർക്കാർ അംഗീകൃത സ്വകാര്യ മദ്രസകൾ അടച്ചുപൂട്ടാൻ തത്വത്തിൽ തീരുമാനമെടുത്ത് പശ്ചിമ ബംഗാൾ സർക്കാർ. സംസ്ഥാന മന്ത്രിസഭാ യോഗത്
കുറഞ്ഞ വിദ്യാർഥി പങ്കാളിത്തവും അടിസ്ഥാന സൗകര്യക്കുറവും; ഡിസംബറിന് ശേഷം 250 മദ്രസകൾ പൂട്ടാൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനം


Kolkota, 24 സെപ്റ്റംബര് (H.S.)

കൊൽക്കത്ത: വിദ്യാർഥികളുടെ എണ്ണക്കുറവും മോശം അടിസ്ഥാന സൗകര്യങ്ങളും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 250 സർക്കാർ അംഗീകൃത സ്വകാര്യ മദ്രസകൾ അടച്ചുപൂട്ടാൻ തത്വത്തിൽ തീരുമാനമെടുത്ത് പശ്ചിമ ബംഗാൾ സർക്കാർ. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. നിലവിൽ ഈ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പഠനത്തിന് തടസ്സം വരാതിരിക്കാൻ ഡിസംബർ വരെ ക്ലാസുകൾ തുടരാൻ അനുവദിക്കുമെന്നും അതിനുശേഷമായിരിക്കും ഘട്ടംഘട്ടമായുള്ള തുടർനടപടികൾ ആരംഭിക്കുകയെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ-മദ്രസ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനകളെ തുടർന്നാണ് ഈ നീക്കം. പൂട്ടാൻ നിർദേശിക്കപ്പെട്ട മദ്രസകളിൽ ഭൂരിഭാഗത്തിലും വളരെ കുറഞ്ഞ കുട്ടികൾ മാത്രമാണ് പഠിക്കുന്നത്. പലയിടങ്ങളിലും അടിസ്ഥാന ഭൗതിക സൗകര്യങ്ങളുടെ ഗുരുതരമായ അഭാവമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ നിന്നുള്ള വിശദമായ റിപ്പോർട്ട് ദുർഗാപൂജ ആഘോഷങ്ങൾക്ക് മുൻപായി സർക്കാരിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് അധ്യയന വർഷം അവസാനിക്കുന്നതോടെ പൂർണമായ അടച്ചുപൂട്ടൽ നടപടികൾ നടപ്പിലാക്കും.

ഇതിന് മുന്നോടിയായി ജൂൺ മാസം മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടത്തിയ വിപുലമായ സർവേയുടെ അടിസ്ഥാനത്തിൽ, ആവശ്യമായ സർക്കാർ അംഗീകാരങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത 252 അനധികൃത മദ്രസകൾ പൂട്ടാൻ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പുറമെ നൂറോളം സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. മതിയായ അനുമതികളോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് തുടർപ്രവർത്തനത്തിന് അനുമതി നൽകുകയെന്ന് വകുപ്പ് വ്യക്തമാക്കുന്നുണ്ട്. നിലവിൽ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന രണ്ടായിരത്തഞ്ഞൂറോളം മദ്രസകളും സർക്കാരിന്റെ നിരീക്ഷണത്തിലാണ്. ഇവയ്ക്കെതിരെയും വരുംഘട്ടങ്ങളിൽ നടപടിയുണ്ടാകുമെന്നാണ് സൂചന.

മദ്രസകൾ സംബന്ധിച്ച തീരുമാനങ്ങൾക്ക് പുറമെ, വിവിധ സർക്കാർ വകുപ്പുകളിലായി 1.51 ലക്ഷം തസ്തികകളിലേക്ക് നിയമനം നടത്താനുള്ള സുപ്രധാന നിർദ്ദേശത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിൽ പശ്ചിമ ബംഗാൾ പോലീസിലെ 12,000 ഒഴിവുകളും കൊൽക്കത്ത പോലീസിലെ 4,000 ഒഴിവുകളും ഉൾപ്പെടെ ആകെ 16,000 പോലീസ് തസ്തികകളും ഉൾപ്പെടുന്നു.

പൊതുസേവന വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ഒഴിവുകൾ വേഗത്തിൽ നികത്താനും നിയമന പ്രക്രിയകൾക്ക് തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒപ്പം പൂർബ മേദിനിപുർ ജില്ലയിലെ നിംതൗരിയിൽ പുതിയ കറക്ഷണൽ ഹോം സ്ഥാപിക്കാനും ആയുഷ് വിഭാഗത്തിന് പ്രത്യേക വകുപ്പ് പദവി നൽകാനും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള ആശ്രമം ഹോസ്റ്റലുകളുടെ ഗ്രാന്റ് വർധിപ്പിക്കാനും മന്ത്രിസഭ അനുമതി നൽകി.

---------------

Hindusthan Samachar / Roshith K


Latest News