Enter your Email Address to subscribe to our newsletters

Newdelhi, 24 സെപ്റ്റംബര് (H.S.)
കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഈ മാസത്തെ ശമ്പളവും പെൻഷനും നാളെ (സെപ്റ്റംബർ 25) തന്നെ വിതരണം ചെയ്യും. ഇത് സംബന്ധിച്ച ഓഫീസ് മെമ്മോറാണ്ടം കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (CGA) പുറപ്പെടുവിച്ചു.
സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കാരണം സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണ് ശമ്പള വിതരണം നേരത്തെയാക്കാൻ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചത്. പ്രതിരോധം, തപാൽ, ടെലികോം ഉൾപ്പെടെയുള്ള വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും വ്യവസായ തൊഴിലാളികൾക്കും പെൻഷൻകാർക്കും മുൻകൂറായുള്ള ഈ ശമ്പള വിതരണം ബാധകമായിരിക്കും.
മാസാവസാനമുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ ജീവനക്കാർക്ക് ശമ്പളം മുൻകൂറായി നൽകണമെന്ന് നിർദേശിച്ച് റിസർവ് ബാങ്ക് വഴിയും വിവിധ പേ & അക്കൗണ്ട് ഓഫീസുകൾ വഴിയും ബാങ്കുകൾക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്.
പ്രതിരോധം, തപാല്, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങി കേന്ദ്രസർക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകളിലേയും ജീവനക്കാർക്ക് വെള്ളിയാഴ്ച തന്നെ ശമ്പളം നല്കണമെന്നാണ് മെമ്മൊറാണ്ടത്തില് പറയുന്നത്. ഇൻഡസ്ട്രിയല് ജീവനക്കാരുടെ സെപ്റ്റംബറിലെ വേതനവും അന്നേ ദിവസം മുൻകൂറായി നല്കിയേക്കും. മാത്രമല്ല വിരമിച്ച ജീവനക്കാർക്കുള്ള പെൻഷനും 25 ന് തന്നെ വിതരണം ചെയ്യും.
ശമ്പളവും പെൻഷനും വേതനവും 'അഡ്വാൻസ് പേയ്മെൻ്റ്'' ആയിട്ടായിരിക്കും കണക്കാക്കുക. മാസാവസാനം ശമ്പളത്തില് എന്തെങ്കിലും മാറ്റം ഉണ്ടായാല് അത് ഒക്ടോബറിലെ ശമ്പളത്തില് ക്രമീകരിക്കുമെന്നും സിജിഎ വ്യക്തമാക്കി. അതേസമയം തുടർച്ചയായി ബാങ്ക് അവധി ആയതിനാല് മാസാവസാനം ചെയ്തുതീർക്കേണ്ട എല്ലാ ഇടപാടുകളും വകുപ്പുകള് നേരത്തേ തന്നെ ചെയ്ത് തീർക്കണമെന്ന നിർദേശവും സിഎജി നല്കി.
ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച മുതല് ബുധനാഴ്ച വരെയാണ് പണിമുടക്ക്. അതേസമയം ഈ ഞായറാഴ്ച ബാങ്കുകള് പ്രവർത്തിക്കണമെന്ന് ധനമന്ത്രാലയം നിർദേശം നല്കിയിട്ടുണ്ട്. ശനിയും ഞായറും ബാങ്ക് അവധിയായതിനാല് തുടർച്ചയായ അഞ്ച് ദിവസം ബാങ്കുകള് പ്രവർത്തിക്കാതിരിക്കുന്ന സാഹചര്യം വന്നേക്കും. അതിാലാണ് രാജ്യത്തെ എല്ലാ പൊതുമേഖല, പ്രാദേശിക ബാങ്കുകളും വരുന്ന ഞായറാഴ്ച സാധാരണ പോലെ തുറന്നു പ്രവർത്തിക്കാൻ ധനമന്ത്രാലയം ഉത്തരവിറക്കിയത്. ആർബിഐയും ഇതിന് അംഗീകാരം നല്കിയിട്ടുണ്ട്.
അതിനിടെ സർക്കാർ ഇടപാടുകള് കൈകാര്യം ചെയ്യുന്ന പ്രധാന ബാങ്ക് ശാഖകള് പണിമുടക്ക് ദിവസങ്ങളിലും തുറക്കണമെന്ന് സർക്കാർ നിർദേശം നല്കിയിട്ടുണ്ട്. പണിമുടക്കില് പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തനങ്ങള് നടത്താനാണ് സർക്കാർ നീക്കം. അതേസമയം ബാങ്ക് ഇടപാടുകള് തടസപ്പെടാൻ സാധ്യത ഉള്ളതിനാല് മൊബൈല് ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, എ ടി എം, യു പി ഐ തുടങ്ങിയ ഡിജിറ്റല് സേവനങ്ങള് ഉപഭോക്താക്കള് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സർക്കാർ നിർദേശിച്ചു. ഉപഭോക്താക്കള് അടിയന്തര പണമിടപാടുകള് അവധി ദിവസങ്ങള്ക്ക് മുൻപേ തന്നെ പൂർത്തിയാക്കണമെന്നും സർക്കാർ നിർദേശിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR