Enter your Email Address to subscribe to our newsletters

Thiruvananthapuram , 24 സെപ്റ്റംബര് (H.S.)
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് സംസ്ഥാന പോലീസ് മേധാവിക്കാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനോ അന്വേഷണത്തിന് എന്ത് രൂപം വേണമെന്ന് നിർദേശിക്കാനോ ആഭ്യന്തര വകുപ്പിനോ സർക്കാരിനോ നിയമപരമായ സാധുതയില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
ഓർഡർ വന്നത് ഡിജിപിയുടേതാണെങ്കിലും, ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഏറ്റവും രസകരമായ കാര്യം, ഈ കേസിൽ ആരോപണം നേരിടുന്ന ആഭ്യന്തര മന്ത്രിയുടെ വകുപ്പ് തന്നെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാട് പോലീസിനോട് പറയുന്നത്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കുന്നത് തന്നെ പ്രതിസ്ഥാനത്ത് സംശയിക്കപ്പെടുന്നവരാണെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആരോപണവിധേയമായ കമ്പനിയിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ എൻട്രികളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അതിൽ പേരുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പേരും അതിലുണ്ട്. ‘പി.വി.’ എന്നല്ല, വളരെ കൃത്യമായി ‘പിണറായി വിജയൻ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു.
കോൺഗ്രസും സിപിഎമ്മും“രണ്ടല്ല, ഒന്നാണ്” എന്ന് തെളിയിക്കാൻ ഇതിനേക്കാൾ വ്യക്തമായ ഒരു തെളിവ് വേണോ എന്ന ചോദ്യമാണ് പൊതുസമൂഹത്തിന് മുന്നിലുള്ളത്. മുഖ്യമന്ത്രി സ്വയം ‘ഹരിത എംഎൽഎ’ എന്ന് വിശേഷിപ്പിക്കുന്ന ആളാണ്. എന്നാൽ പുഴയിലേക്ക് മാലിന്യം തള്ളുന്നുവെന്ന ആരോപണം നേരിടുന്ന കമ്പനിയിൽ നിന്ന് പണം വാങ്ങിയതായി രേഖകളിൽ കാണുന്നുവെന്നത് ഗുരുതരമായ വിരോധാഭാസമാണ്. കാപട്യം എന്താണെന്ന് മുഖ്യമന്ത്രിയെ കണ്ട് പഠിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പരിഹസിച്ചു.
ആരോപണവിധേയരായ ആളുകൾ തന്നെ അന്വേഷണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ 15 ദിവസമായി പ്രാഥമിക അന്വേഷണം വരും, നാളെ വരും, വിജിലൻസ് അന്വേഷണം വേണമോ തുടങ്ങിയ ചർച്ചകളാണ് നടന്നത്. ഒടുവിൽ ആഭ്യന്തരവകുപ്പ് ഡിജിപിക്ക് നൽകിയ ഉത്തരവിന്റെ ഫലം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാതിരിക്കാനുള്ള സാഹചര്യമാണെന്നും ഷോൺ ജോർജ് ആരോപിച്ചു.
ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്ന അന്വേഷണത്തിന് പകരം വീണ്ടും പ്രാഥമിക അന്വേഷണം നടത്തണമെന്ന് പറയുന്നത് കേസ് ദുർബലപ്പെടുത്താനുള്ള നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയനും വി.ഡി. സതീശനും ചേർന്ന് ഉണ്ടാക്കിയ തിരക്കഥയാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നാണ് ബിജെപിയുടെ നിലപാട്. ഇവർ രണ്ടും രണ്ടല്ല, ഒന്നാണെന്ന ആരോപണം വീണ്ടും ശരിവയ്ക്കുന്നതാണ് സംഭവവികാസങ്ങളെന്നും ഷോൺ ജോർജ് പറഞ്ഞു.
പതിറ്റാണ്ടുകളായി കേരളത്തെ കൊള്ളയടിക്കുന്ന കാര്യത്തിൽ ഒരുമിച്ച് നിൽക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങൾ സംബന്ധിച്ച് സ്വതന്ത്രവും നിയമാനുസൃതവുമായ അന്വേഷണം നടക്കേണ്ടതിന് പകരം ആരോപണവിധേയരുടെ നിയന്ത്രണത്തിൽ തന്നെ അന്വേഷണം സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാകുന്നത് കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയണമെന്നും അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR