Enter your Email Address to subscribe to our newsletters

Raibareli , 24 സെപ്റ്റംബര് (H.S.)
റായ്ബറേലി: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ ശ്രീകൃഷ്ണനായി ചിത്രീകരിച്ചുകൊണ്ടുള്ള കൂറ്റൻ ഫ്ലെക്സ് ബോർഡുകൾ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സ്ഥാപിച്ചു. 'പിഡിഎ രഥ'ത്തിൽ അഖിലേഷ് യാദവ് റായ്ബറേലി സന്ദർശിക്കുന്നതിന് തൊട്ടുമുമ്പാണ് നഗരത്തിലെ പ്രധാന പാതയോരത്ത് പ്രവർത്തകർ വിവാദ ഫ്ലെക്സ് ഉയർത്തിയത്. അഖിലേഷിനെ കൃഷ്ണനായും ഒപ്പമുള്ള പ്രാദേശിക നേതാവിനെ സുദാമാവായും ചിത്രീകരിച്ചുകൊണ്ടാണ് ബോർഡ് തയ്യാറാക്കിയിരിക്കുന്നത്.
എന്റെ മാധവാ, സുദാമന്റെ മണ്ണായ റായ്ബറേലിയിലേക്ക് സ്വാഗതം (മേരേ മാധവ്, ആപ്കാ സുദാമാ കി ധർതി റായ്ബറേലി മേം സ്വാഗത് ഹെ) എന്നാണ് ഫ്ലെക്സിലെ പ്രധാന വാചകം. പീലിത്തിരുമുടിയും മഞ്ഞപ്പട്ടാംബരവും അണിഞ്ഞ് ഓടക്കുഴലൂതുന്ന ഭാവത്തിലാണ് മുൻ മുഖ്യമന്ത്രിയായ അഖിലേഷ് യാദവിനെ ബോർഡിൽ ആവിഷ്കരിച്ചിട്ടുള്ളത്. 'പിഡിഎ മഹാനായകൻ' എന്നും ഫ്ലെക്സിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. സമാജ്വാദി യുവജന സഭ സംസ്ഥാന സെക്രട്ടറി അഡ്വ. വിശ്വാസ് ദുബെയുടെ നേതൃത്വത്തിലാണ് ഈ ബോർഡ് നഗരത്തിൽ സ്ഥാപിച്ചത്.
ഫ്ലെക്സ് ബോർഡ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചതോടെ വിഷയത്തെ പ്രതിരോധിച്ച് സമാജ്വാദി പാർട്ടി എംഎൽഎ രാഹുൽ ലോധിയും രംഗത്തെത്തി. ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണന്റെ ഉത്തമ സുഹൃത്തായിരുന്നു സുദാമനെന്നും, ആ പാരമ്പര്യം തുടരുന്നതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും ലോധ കൂട്ടിച്ചേർത്തു. ബിജെപിയുടെ ചിന്താഗതികൾ സങ്കുചിതമാണെന്നും അദ്ദേഹം രൂക്ഷമായി കുറ്റപ്പെടുത്തി.
ഹർചന്ദ്പുർ എംഎൽഎ രാഹുൽ ലോധിയുടെ വസതിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ലഖ്നൗവിൽ നിന്ന് അഖിലേഷ് യാദവ് റായ്ബറേലിയിലെത്തിയത്. അടുത്തിടെ സമാജ്വാദി ഛാത്ര സഭയും എബിവിപിയും തമ്മിൽ സംഘർഷമുണ്ടായപ്പോൾ ലോധിയെ പോലീസ് മർദ്ദിച്ചതായി ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി അധ്യക്ഷന്റെ സന്ദർശനം.
2027 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പിന്നാക്ക, ദളിത്, ന്യൂനപക്ഷ (പിഡിഎ) വോട്ടുകൾ ഏകീകരിക്കാനുള്ള സമാജ്വാദി പാർട്ടിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് റായ്ബറേലിയിലെ 'പിഡിഎ രഥയാത്ര'. അതേസമയം, നേതാക്കളെ ദൈവതുല്യരായി ചിത്രീകരിച്ച് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ഭരണകക്ഷിയായ ബിജെപി രംഗത്തെത്തിയതോടെ സംഭവം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K