Enter your Email Address to subscribe to our newsletters

Kolkkatha, 24 സെപ്റ്റംബര്‍ (H.S.)
പശ്ചിമ ബംഗാളില്‍ വന്‍നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ പ്രഖ്യാപനം. ഒരു ലക്ഷം കോടിയിലധികം രൂപയുടെ ദീര്‍ഘകാല നിക്ഷേപം നടത്തുമെന്നാണ്പ്രഖ്യാപനം. കൊല്‍ക്കത്തയിലെ ന്യൂ ടൗണില്‍ നിര്‍മ്മിക്കുന്ന ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചടങ്ങില്‍ പങ്കെടുത്തു. മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായ 'അദാനി ആരോഗ്യ മന്ദിറി'നായി 4,000 കോടി രൂപ ചെലവഴിക്കുമെന്നും ഈ പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിയിലെ പകുതി കിടക്കകളും സംസ്ഥാന-കേന്ദ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് കീഴില്‍ അര്‍ഹരായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഗവേഷണ-ചികിത്സാ സൗകര്യങ്ങള്‍ക്കൊപ്പം ഒരു മെഡിക്കല്‍ കോളജും ഇവിടെ പ്രവര്‍ത്തിക്കും.
ബംഗാളിന്റെ തന്ത്രപ്രധാനമായ തീരദേശ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വിപുലമായ ട്രേഡ് നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കും. തുറമുഖങ്ങള്‍, ലോജിസ്റ്റിക്സ്, വൈദ്യുതി ഉല്‍പ്പാദനം-വിതരണം-പ്രസരണം, റോഡുകള്‍, പാലങ്ങള്‍, റോപ്വേകള്‍, ഗ്രീന്‍ സിമന്റ്, ഹൈപ്പര്‍സ്‌കെയില്‍ ഡാറ്റാ സെന്ററുകള്‍ എന്നിവയിലായിരിക്കും ഈ നിക്ഷേപമെന്നും അദാനി കൂട്ടിച്ചേര്‍ത്തു. തുറമുഖങ്ങള്‍ ലോജിസ്റ്റിക്സിനെ ശക്തിപ്പെടുത്തുന്നു, ലോജിസ്റ്റിക്സ് വ്യവസായങ്ങളെ ആകര്‍ഷിക്കുന്നു. വ്യവസായങ്ങള്‍ ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഉല്‍പ്പാദനത്തിന് ഊര്‍ജ്ജം ആവശ്യമാണ്, ഊര്‍ജ്ജം ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളെ സാധ്യമാക്കുന്നു, ഈ ശൃംഖല വികസിക്കുമ്പോള്‍ തൊഴിലവസരങ്ങളും വര്‍ധിക്കുന്നുവെന്ന് അദാനി വിശദീകരിച്ചു.
കൊല്‍ക്കത്തയിലും ഹൗറയിലും ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ സിഇഎസ്സി ലിമിറ്റഡിന്റെ കുത്തകയായിരുന്നു വൈദ്യുതി വിതരണ മേഖല. ഇവിടെ നിക്ഷേപം നടത്താനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിയെക്കുറിച്ചുള്ള ഔദ്യോഗികമായ ആദ്യ പരാമര്‍ശമാണിത്. ഈ ഇരട്ട നഗരങ്ങളില്‍ സിഇഎസ്സി ലിമിറ്റഡാണ് വൈദ്യുതി വിതരണം നിലവില്‍ നടത്തുന്നത്. അതേസമയം പശ്ചിമ ബംഗാളിലെ മറ്റ് ഭാഗങ്ങളിലും സാള്‍ട്ട് ലേക്ക്, ന്യൂ ടൗണ്‍ എന്നിവിടങ്ങളിലും സംസ്ഥാന ഉടമസ്ഥതയിലുള്ള ഡബ്ല്യുബിഎസ്ഇഡിസിഎല്‍ (WBSEDCL) ആണ് സേവനം നല്‍കുന്നത്.
ഏഷ്യയിലെ ഏറ്റവും മികച്ച സംയോജിത വ്യാവസായിക-സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി മാറാനുള്ള ശേഷി ബംഗാളിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റൈറ്റേഴ്സ് ബില്‍ഡിംഗ് പുനരുദ്ധരിക്കുക, കുമാര്‍തുലി ഘാട്ടിന് നവജീവന്‍ നല്‍കുക, കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുക എന്നിവയ്ക്കുള്ള തന്റെ ഗ്രൂപ്പിന്റെ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
---------------
Hindusthan Samachar / Sreejith S