Enter your Email Address to subscribe to our newsletters

Patna , 24 സെപ്റ്റംബര് (H.S.)
പട്ന: ബിഹാറിലെ ജമുയിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ നടുറോഡിൽ തടഞ്ഞുനിർത്തി ഉപദ്രവിച്ച സംഭവത്തിന് പിന്നാലെ, സംസ്ഥാനത്തെ ഞെട്ടിച്ച് സമാനമായ മറ്റൊരു സദാചാര അതിക്രമം കൂടി. സമസ്തിപൂർ ജില്ലയിലെ കർപ്പൂരിഗ്രാം പോലീസ് സ്റ്റേഷൻ പരിധിയിൽ പട്ടാപ്പകൽ പെൺകുട്ടിയെ തടഞ്ഞുവെച്ച് ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് അതിവേഗ നടപടി സ്വീകരിച്ചത്.
കർപ്പൂരിഗ്രാമിലെ ജഗത്സിങ്പൂർ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ബൈപാസ് റോഡിൽ വെച്ചാണ് സംഭവം നടന്നത്. സുഹൃത്തായ ആൺകുട്ടിയോടൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടി ഫോട്ടോ എടുക്കാനായി റോഡരികിൽ വാഹനം നിർത്തിയപ്പോഴാണ് ഒരു സംഘം യുവാക്കൾ ഇവരെ വളഞ്ഞത്. ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയെ മർദ്ദിച്ച് ഓടിച്ച ശേഷം യുവാക്കൾ പെൺകുട്ടിയെ വളഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കൈയിൽ കടന്നുപിടിക്കുകയും വസ്ത്രങ്ങളിൽ വലിച്ചുപിടിച്ച് അപമാനിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു.
തന്നെ വെറുതെ വിടണമെന്നും സഹോദരനെ വിളിക്കുമെന്നും പെൺകുട്ടി കരഞ്ഞുപറയുന്നതും യുവാക്കൾ പരിഹസിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവസ്ഥലത്തുണ്ടായിരുന്നവർ തന്നെ മൊബൈൽ ഫോണിൽ പകർത്തിയ 56 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ ജനരോഷമാണ് ഉയർന്നത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സമസ്തിപൂർ എസ്പി അരവിന്ദ് പ്രതാപ് സിങ്ങിന്റെ നിർദേശപ്രകാരം പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
വീഡിയോയിൽ ദൃശ്യമായവരെ തിരിച്ചറിഞ്ഞ് അവരുടെ വീടുകളിൽ റെയ്ഡ് നടത്തിയാണ് നാല് പ്രതികളെ പിടികൂടിയത്. രാഹുൽ കുമാർ, അവധേഷ് പാസ്വാൻ, വികാസ് ശർമ്മ, രാംബാബു സാഹ്നി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു രണ്ടുപേർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് ജമുയിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും സഹപാഠിയെയും കാട്ടുപാതയിൽ തടഞ്ഞുനിർത്തി ക്രൂരമായി ഉപദ്രവിച്ച സംഭവം ദേശീയതലത്തിൽ വലിയ വിവാദമായിരുന്നു. ആ ഞെട്ടൽ മാറും മുൻപാണ് സമസ്തിപൂരിലും സമാനമായ രീതിയിൽ പെൺകുട്ടികൾക്ക് നേരെ സദാചാര ഗുണ്ടായിസവും അതിക്രമവും ആവർത്തിക്കപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K