Enter your Email Address to subscribe to our newsletters

Kolkkatha, 24 സെപ്റ്റംബര്‍ (H.S.)
അടിസ്ഥാന സൗകര്യങ്ങളിലെ കുറവ് കാരണം മദ്രസകള്‍ക്ക് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ 300ഓളം മദ്രസകള്‍ കൂടി പൂര്‍ണമായും അടച്ചുപൂട്ടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും വിദ്യാര്‍ഥികളില്ലാത്തതുമായ സര്‍ക്കാര്‍ അംഗീകാരമുള്ള 250ഓളം സ്വകാര്യ മദ്രസകളാണ് വരുന്ന ഡിസംബറോടെ പൂട്ടാന്‍ പോകുന്നത്.
ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റ് 100 മദ്രസകള്‍ക്ക് ഭരണകൂടം ഇതിനകം തന്നെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. വരാനിരിക്കുന്ന ദുര്‍ഗാപൂജ അവധിക്ക് മുന്‍പായി മറുപടി നല്‍കാനാണ് ഈ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭരണസമിതി വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, ഈ 100 മദ്രസകളില്‍ 50 എണ്ണമെങ്കിലും പൂര്‍ണമായും അടച്ചുപൂട്ടാന്‍ വലിയ സാധ്യതയുണ്ട്. ഇതോടെ ഡിസംബറോടെ മൊത്തം 300ഓളം മദ്രസകള്‍ക്ക് താഴുവീഴും.
മദ്രസ വിദ്യാഭ്യാസത്തില്‍ സുതാര്യത കൊണ്ടുവരുന്നതിനും അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഭരണകൂടം വളരെക്കാലമായി കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്ത് യാതൊരു കാരണവശാലും 'ഖാരിജി' മദ്രസകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നബന്നയിലെ (പശ്ചിമബംഗാള്‍ സെക്രട്ടേറിയറ്റ്) വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പഠനത്തിനും അധ്യാപനത്തിനും ആവശ്യമായ കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത സര്‍ക്കാര്‍ അംഗീകാരമുള്ള സ്വകാര്യ മദ്രസകളെയും ഇനിമുതല്‍ വെറുതെ വിടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
സംസ്ഥാനത്തൊട്ടാകെ ഇതിനകം തന്നെ 252 മദ്രസകള്‍ പൂര്‍ണമായും അടച്ചുപൂട്ടാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വടക്കന്‍ ബംഗാള്‍ മുതല്‍ തെക്കന്‍ ബംഗാള്‍ വരെയുള്ള ഒന്നിലധികം ജില്ലകളിലായാണ് അടച്ചുപൂട്ടിയ മദ്രസകളുടെ പട്ടിക നീളുന്നത്. കൂച്ച് ബിഹാര്‍, ജല്‍പായ്ഗുരി, അലിപുര്‍ദ്വാര്‍, നോര്‍ത്ത് ദിനാജ്പുര്‍, സൗത്ത് ദിനാജ്പുര്‍, മാള്‍ഡ തുടങ്ങിയ വടക്കന്‍ ജില്ലകളിലും മുര്‍ഷിദാബാദ്, നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, ഈസ്റ്റ് ബര്‍ധമാന്‍, വെസ്റ്റ് ബര്‍ധമാന്‍ തുടങ്ങിയ ജില്ലകളിലുമാണ് മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഈ മദ്രസകള്‍ അടച്ചുപൂട്ടിയത്.
പുതിയതായി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുള്ള 100 മദ്രസകള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി ഭരണസമിതി വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമായും ഈ സ്ഥാപനങ്ങള്‍ നിയമപ്രകാരമല്ല പ്രവര്‍ത്തിച്ചിരുന്നതെന്നും, പരിശോധനകളില്‍ ഉദ്യോഗസ്ഥര്‍ ഗുരുതരമായ പല ക്രമക്കേടുകളും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂജ ആഘോഷങ്ങള്‍ക്ക് മുന്‍പായി മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ ഉടനടി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുകയും ഇവയുടെ അംഗീകാരം റദ്ദാക്കുകയും ചെയ്യും.
---------------
Hindusthan Samachar / Sreejith S