Enter your Email Address to subscribe to our newsletters

Kochi, 24 സെപ്റ്റംബര് (H.S.)
കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) സാമ്പത്തിക ഇടപാട് കേസിൽ അതീവ നിർണായകമായ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. സി.എം.ആർ.എല്ലിൽ നിന്ന് ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ കോടിക്കണക്കിന് രൂപ കൈപ്പറ്റിയതിന്റെ വിവരങ്ങൾ അടങ്ങിയ ഡയറിക്കുറിപ്പുകൾ ബി.ജെ.പി നേതാവ് ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള ഡയറിയിലെ പേജുകളാണ് പൊതുസമക്ഷം വെളിപ്പെടുത്തിയത്.
കേന്ദ്ര അന്വേഷണ ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളിൽ (Annexures) ഉൾപ്പെട്ടിട്ടുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ കക്ഷികൾ ഒരുപോലെ രാഷ്ട്രീയ പ്രതിരോധത്തിലായിരിക്കുകയാണ്.
പുറത്തുവിട്ട രേഖകൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുൾപ്പെടെ കേരളത്തിലെ ഒന്നാം നിര രാഷ്ട്രീയ നേതാക്കൾക്ക് സി.എം.ആർ.എൽ കമ്പനിയിൽ നിന്നും കർത്തയിൽ നിന്നും വൻതുകകൾ പല ഘട്ടങ്ങളിലായി ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ തലപ്പത്തുള്ള നേതാക്കൾ, മുൻ മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവരുടെ ചുരുക്കെഴുത്തുകളും അവർക്ക് കൈമാറിയ കൃത്യമായ തുകകളും ഡയറിയിലെ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കമ്പനിയുടെ സുഗമമായ പ്രവർത്തനത്തിനും വഴിവിട്ട സഹായങ്ങൾ ഉറപ്പാക്കുന്നതിനുമായി രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ ഉന്നത നേതാക്കൾക്കും നിയമവിരുദ്ധമായി നൽകിയ തുകകളുടെ പട്ടികയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാധാരണ കമ്പനി ചെലവുകൾ എന്ന വ്യാജേന വ്യാജ അക്കൗണ്ടുകൾ വഴിയും പണമായും ഇത്തരം ഇടപാടുകൾ നടത്തിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
എസ്.എഫ്.ഐ.ഒയുടെ ഔദ്യോഗിക രേഖകൾ തന്നെ അടിസ്ഥാനമാക്കി ഉയർന്നു വന്നിട്ടുള്ള പുതിയ വെളിപ്പെടുത്തലുകൾ കേരള രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിമരുന്നിടും. വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് ചട്ടവിരുദ്ധമായി വൻതുകകൾ കൈപ്പറ്റിയെന്ന ആക്ഷേപം ഭരണ-പ്രതിപക്ഷ ഭേദമന്യേ ഇരു മുന്നണികളെയും ഒരേപോലെ വെട്ടിലാക്കിയിരിക്കുകയാണ്.
ഡയറിയിൽ പേരുള്ള മുഴുവൻ ഉന്നതർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം ഉടൻ കേസെടുക്കണമെന്നും, നിയമവിരുദ്ധ പണമിടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സ്വതന്ത്രമായ അന്വേഷണം വ്യാപിപ്പിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നു കഴിഞ്ഞു. സി.എം.ആർ.എൽ അഴിമതിയിൽ ഉൾപ്പെട്ട എല്ലാ നേതാക്കളുടെയും പങ്കാളിത്തം പുറത്തുകൊണ്ടുവരണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ-ഭരണപക്ഷ ഇതര രാഷ്ട്രീയ സംഘടനകൾ പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങാനൊരുങ്ങുകയാണ്.
---------------
Hindusthan Samachar / Roshith K