Enter your Email Address to subscribe to our newsletters

Mumbai , 24 സെപ്റ്റംബര് (H.S.)
മുംബൈ: പുതിയ ചിത്രമായ 'ദായ്റ'യുടെ റിലീസിന് പിന്നാലെ മുംബൈയിലെ പ്രശസ്തമായ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ നടൻ പൃഥ്വിരാജ് സുകുമാരനെതിരെ രൂക്ഷമായ സൈബർ ആക്രമണം. പൃഥ്വിരാജിന്റെ ക്ഷേത്രസന്ദർശനത്തെ പരിഹസിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ രാഷ്ട്രീയ-സാംസ്കാരിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
മുംബൈയിലെ പ്രസിദ്ധമായ ലാൽബാഗ് രാജ ഗണേശ മണ്ഡലിലാണ് പൃഥ്വിരാജ് ഭാര്യ സുപ്രിയ മേനോനൊപ്പം എത്തിയത്. വെളുത്ത കുർത്തയണിഞ്ഞ്, നെറ്റിയിൽ തിലകം ചാർത്തി വിനീതനായി എത്തിയ താരം ഗണപതിക്ക് മുന്നിൽ പ്രാർത്ഥിക്കുകയും കാണിക്കയർപ്പിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. സിനിമാ-കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പതിവായി ദർശനം നടത്തുന്ന ലാൽബാഗ് രാജയിലെ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
എന്നാൽ ഈ ചിത്രങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ബിജെപി അനുകൂല സമൂഹമാധ്യമ പ്രൊഫൈലുകളിൽ നിന്നും ഹാൻഡിലുകളിൽ നിന്നും താരത്തിനെതിരെ വ്യാപകമായ പരിഹാസങ്ങളും സൈബർ ആക്രമണങ്ങളും ആരംഭിക്കുകയായിരുന്നു. പൃഥ്വിരാജിന്റെ മുൻകാല നിലപാടുകളെയും നിലവിലെ സന്ദർശനത്തെയും കൂട്ടിക്കെട്ടിയാണ് ബിജെപി നേതാവ് യുവരാജ് ഗോകുൽ ഉൾപ്പെടെയുള്ളവർ പരിഹാസവുമായി രംഗത്തെത്തിയത്.
ചിത്രത്തിന്റെ വിജയത്തിനും പ്രമോഷനും വേണ്ടിയുള്ള കാപട്യമാണിതെന്ന തരത്തിലാണ് വിമർശകർ പ്രചാരണം നടത്തുന്നത്.
അതേസമയം, താരത്തിനെതിരെയുള്ള അനാവശ്യ വ്യക്തിഹത്യയ്ക്കും അധിക്ഷേപങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി ആരാധകരും സിനിമാപ്രേമികളും രംഗത്തെത്തിയിട്ടുണ്ട്. ഒരാളുടെ വ്യക്തിപരമായ വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തികച്ചും അപലപനീയമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഏതൊരു വ്യക്തിയെയും പോലെ ക്ഷേത്രങ്ങളിൽ പോകാനും പ്രാർത്ഥിക്കാനുമുള്ള അവകാശം കലാകാരന്മാർക്കുമുണ്ടെന്നും, അതിനെ സിനിമയുടെ റിലീസുമായി ബന്ധപ്പെടുത്തി വർഗീയ-രാഷ്ട്രീയ കോണിലൂടെ നോക്കിക്കാണുന്നത് സങ്കുചിത മനോഭാവമാണെന്നും സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ഉയരുന്നുണ്ട്.
മുമ്പും പല വിഷയങ്ങളിലും തന്റേതായ നിലപാടുകൾ തുറന്നുപറഞ്ഞ പൃഥ്വിരാജിനെ ലക്ഷ്യമിട്ട് സംഘടിത സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ടെങ്കിലും, പുതിയ സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടന്ന ഈ ക്ഷേത്രദർശനം വീണ്ടും അദ്ദേഹത്തെ സോഷ്യൽ മീഡിയ സൈബർ പോരാട്ടങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റിയിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K