ബാങ്ക് സമരം : ഞായറാഴ്ച അംഗങ്ങള് ആരും ശാഖകളില് ജോലിക്ക് റിപ്പോര്ട്ട് ചെയ്യരുതെന്ന് ഓള് ഇന്ത്യ ബാങ്ക് ഓഫിസേഴ്സ്
Mumbai, 25 സെപ്റ്റംബര്‍ (H.S.) ജീവനക്കാരുടെ പണിമുടക്കിനെ നേരിടാന്‍ ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ ധനകാര്യമന്ത്രാലയത്തിന്റെ നീക്കം നേരിടാന്‍ യൂണിയനുകള്‍. തുടര്‍ച്ചയായി 5 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് ഒഴിവാക്കാനാണ് ഞായറാഴ്ച പ്രവര്‍ത്തി ദി
BANK UNIONS STRIKE KERALA


Mumbai, 25 സെപ്റ്റംബര്‍ (H.S.)

ജീവനക്കാരുടെ പണിമുടക്കിനെ നേരിടാന്‍ ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ ധനകാര്യമന്ത്രാലയത്തിന്റെ നീക്കം നേരിടാന്‍ യൂണിയനുകള്‍. തുടര്‍ച്ചയായി 5 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് ഒഴിവാക്കാനാണ് ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കിയത്. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട് പ്രകാരം ഞായര്‍ അവധിദിനമായതിനാല്‍ യൂണിയന്‍ അംഗങ്ങള്‍ ആരും ശാഖകളില്‍ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ (എഐബിഒഎ) ആവശ്യപ്പെട്ടു.

ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ഇതുപ്രകാരം എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുമെന്ന് വ്യക്തമായിട്ടുമുണ്ട്. ആഴ്ചയില്‍ പ്രവൃത്തിദിനം 5 ആയി ചുരുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമില്‍ മാറ്റംവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബര്‍ 28, 29, 30 തീയതികളിലാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്.

7 ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുബിഎഫ്‌യു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 8 ലക്ഷംത്തോളം അംഗങ്ങളുള്ള കൂട്ടായ്മയാണിത്. സെപ്റ്റംബര്‍ 26 ശനിയും 27 ഞായറും ആയതിനാല്‍ ഫലത്തില്‍ തുടര്‍ച്ചയായി 5 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഇത് ചെക്ക് ക്ലിയയറന്‍സ്, എടിഎം ഉള്‍പ്പെടെ പണമിടപാടുകളെ ബാധിക്കുമെന്നതിനാല്‍, ജനങ്ങളും വ്യാപാര-വാണിജ്യ സമൂഹങ്ങളും നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഞായറാഴ്ച പ്രവൃത്തിദിനമാക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ചത്.

എന്നാല്‍, ഞായറാഴ്ച ജീവനക്കാര്‍ അതത് ശാഖകളില്‍ ജോലിക്ക് കയറുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് യുബിഎഫ്‌യു ഭാരവാഹികള്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ഇന്ന് വൈകിട്ടോ നാളെയോ മാത്രമേ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് (എന്‍ഐഎ) പ്രകാരമാണോ ഞായര്‍ പ്രവൃത്തിദിനമാക്കിയതെന്ന് വ്യക്തമല്ലാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

അതേസമയം, മാസാവസാനം ബാങ്ക് സമരമായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നാളെ വിതരണം ചെയ്യാന്‍ ധനകാര്യമന്ത്രാലയം വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ട്രഷറി ശാഖകള്‍ക്ക് സാധാരണ സൂക്ഷിക്കുന്ന പണത്തിന്റെ ഇരട്ടി കൈവശം വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കി.

പണിമുടക്ക് ഒഴിവാക്കാന്‍ യൂണിയനുകളുമായി കേന്ദ്രസര്‍ക്കാര്‍ നേരത്തേ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. പണിമുടക്കുന്നതുകൊണ്ട് ഒന്നും നേടാനാവില്ലെന്ന് കേന്ദ്രവും പ്രതികരിച്ചിരുന്നു. എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നാണ് യൂണിയനുകളുടെ മുന്നറിയിപ്പ്.

---------------

Hindusthan Samachar / Sreejith S


Latest News