അടുത്ത വര്ഷത്തോടെ 4,500 ഫാര്മസിസ്റ്റുകള്ക്ക് തൊഴിലവസരം; പൊതുജനാരോഗ്യ റീട്ടെയില് രംഗത്ത് 15 വര്ഷം പൂര്ത്തിയാക്കി എച്ച്എല്എല്
Thiruvananthapuram ,5 സെപ്റ്റംബര്‍ (H.S.) തിരുവനന്തപുരം: വരും വര്‍ഷത്തോടെ ഔട്ട്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം നല്‍കാന്‍ ലക്ഷ്യമിട്ട് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്. ലോക ഫാര്‍മസിസ്റ്റ് ദിനാചരണത്തില്‍
Government hospital


Thiruvananthapuram ,5 സെപ്റ്റംബര്‍ (H.S.)

തിരുവനന്തപുരം: വരും വര്‍ഷത്തോടെ ഔട്ട്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം നല്‍കാന്‍ ലക്ഷ്യമിട്ട് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ്. ലോക ഫാര്‍മസിസ്റ്റ് ദിനാചരണത്തില്‍ പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് എച്ച്എല്‍എല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2011 സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച എച്ച്എല്‍എല്ലിന്റെ ആദ്യ റീട്ടെയില്‍ ഔട്ട്ലെറ്റായ ലൈഫ്‌കെയര്‍ സെന്ററിലൂടെയാണ് റീട്ടെയില്‍ രംഗത്തേക്ക് എച്ച്എല്‍എല്‍ ചുവടുവെച്ചത്. പിന്നീടിത് 'എച്ച്എല്‍എല്‍ ഫാര്‍മസി ആന്‍ഡ് സര്‍ജിക്കല്‍സ്'എന്ന് പുനര്‍നാമകരണം ചെയ്തു. ഈ ഫാര്‍മസി ശൃംഖല ഇന്ന് രാജ്യവ്യാപകമായി 340 ലധികം കേന്ദ്രങ്ങളിലൂടെ കോടിക്കണക്കിന് രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ എത്തിക്കുന്നുണ്ട്.

നിലവില്‍ 863 വനിതാ ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെ 2,000-ത്തോളം ഫാര്‍മസിസ്റ്റുകള്‍ എച്ച്എല്‍എല്‍ ഫാര്‍മസി ശൃംഖലയില്‍ സേവനം അനുഷ്ഠിക്കുന്നു. അടുത്ത വര്‍ഷത്തിനുള്ളില്‍ ഔട്ട്ലെറ്റുകളുടെ എണ്ണം 600 ആയി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. എച്ച്എല്‍എല്ലിന്റെ 340 ഫാര്‍മസികളില്‍ 20 എണ്ണം എച്ച്എല്‍എല്‍ ഫാര്‍മസി ആന്‍ഡ് സര്‍ജിക്കല്‍സ് ആണ്. ഇതിനുപുറമേ ഫ്രീജനറിക് സ്റ്റോറുകള്‍, എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ്, അമൃത് ഫാര്‍മസി, അമൃത് ഒപ്റ്റിക്കല്‍സ് എന്നീ ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ദേശീയ മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, കോള്‍ ഇന്ത്യ ലിമിറ്റഡ്, ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് തുടങ്ങിയ കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, പോര്‍ട്ട് ട്രസ്റ്റ് ആശുപത്രികള്‍ എന്നിവയുമായി സഹകരിച്ചാണ് എച്ച്എല്‍എല്‍ റീട്ടെയില്‍ രംഗത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നത്. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പോലും ജീവന്‍രക്ഷാമരുന്നുകളും ആരോഗ്യഉല്‍പ്പന്നങ്ങളും എത്തിക്കുകയാണ് എച്ച്എല്‍എല്ലിന്റെ ലക്ഷ്യം.

സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള കണ്ണടകളും ഒഫ്താല്‍മിക് ഉല്‍പ്പന്നങ്ങളും എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സിലൂടെ വിതരണം ചെയ്യുന്നു. എച്ച്എല്‍എല്ലിന്റെ റീട്ടെയില്‍ യാത്രയിലെ പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നാണ് അമൃത് പദ്ധതി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ 2015-ല്‍ ആരംഭിച്ച അമൃത് ഫാര്‍മസിയിലൂടെ കാന്‍സര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ വിപണിവിലയേക്കാള്‍ ശരാശരി 50% വരെ വിലക്കുറവിലാണ് ലഭ്യമാക്കുന്നത്.

6500-ലധികം മരുന്നുകള്‍, ഇംപ്ലാന്റുകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്. 2015 നവംബറില്‍ ഡല്‍ഹി എയിംസിലാണ് ആദ്യ അമൃത് ഫാര്‍മസി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 24 സംസ്ഥാനങ്ങളും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 285 അമൃത് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതുവരെ 8.13 കോടിയിലധികം രോഗികള്‍ക്ക് അമൃത് സേവനംലഭിച്ചു. ഏകദേശം 22,323 കോടി രൂപ എം.ആര്‍.പി വിലയുള്ള മരുന്നുകളും ആരോഗ്യ ഉല്‍പ്പന്നങ്ങളും വിതരണം ചെയ്തതിലൂടെ രോഗികള്‍ക്ക് ആകെ 10,969 കോടി രൂപയുടെ സാമ്പത്തികലാഭം ഉറപ്പാക്കാനായി.

റീട്ടെയില്‍ എന്നത് എച്ച്എല്‍എല്ലിനെ സംബന്ധിച്ച് കേവലം മരുന്നുവില്‍പ്പനയല്ലെന്നും താങ്ങാനാവുന്ന വിലയില്‍ അവശ്യ ആരോഗ്യസേവനങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണെന്നും എച്ച്എല്‍എല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബെന്നി ജോസഫ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു ഫാര്‍മസിയുമായി തുടങ്ങിയ ഈ മുന്നേറ്റം ഇന്ന് വലിയൊരു പൊതുജനാരോഗ്യ റീട്ടെയില്‍ ശൃംഖലയായി വളര്‍ന്നതില്‍ ഫാര്‍മസിസ്റ്റുകളുടെ പങ്ക് വലുതാണ്. ഈ സേവന മനോഭാവത്തോടെ കമ്പനി രാജ്യത്തെ കൂടുതല്‍ സമൂഹങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News