വികസിത് ഭാരതത്തിലേക്ക് ഇന്ത്യ കുതിക്കുന്നത് സ്വന്തം റോക്കറ്റുകളിലും ക്രയോജനിക് സാങ്കേതികവിദ്യയിലും: ഐഎസ്ആർഒ ചെയർമാൻ
Newdelhi, 25 സെപ്റ്റംബര് (H.S.) ''വികസിത് ഭാരത്'' എന്ന ലക്ഷ്യത്തിലേക്കുള്ള ഭാരതത്തിന്റെ പ്രയാണം ഭൂമിയുടെ അതിരുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. സ്വന്തം മണ്ണിൽ വികസിപ്പിച്ചെടുത്ത റോക്കറ്റുകളിലൂടെയും ക്രയോജനിക് സാ
ISRO CHAIRMAN V NARAYANAN


Newdelhi, 25 സെപ്റ്റംബര് (H.S.)

'വികസിത് ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള ഭാരതത്തിന്റെ പ്രയാണം ഭൂമിയുടെ അതിരുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. സ്വന്തം മണ്ണിൽ വികസിപ്പിച്ചെടുത്ത റോക്കറ്റുകളിലൂടെയും ക്രയോജനിക് സാങ്കേതികവിദ്യയിലൂടെയുമാണ് രാജ്യം ഈ മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കാൻ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തെ കുതിച്ചുചാട്ടം ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന വരുംകാല ദൗത്യങ്ങൾ 'വികസിത് ഭാരത് 2047' എന്ന ലക്ഷ്യത്തിന് വലിയ ഊർജ്ജം പകരുമെന്നും ഐഎസ്ആർഒ മേധാവി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) 'ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷയിലും സാക്ഷരതയിലും രാജ്യം അതിൻ്റെ ഏറ്റവും അടിസ്ഥാനപരമായ കഴിവുകൾ വികസിപ്പിച്ചുകൊണ്ടിരുന്ന 1962 ൽ തുടക്കമിട്ട ഇന്ത്യയുടെ ബഹിരാകാശ യാത്രയെകളെക്കുറിച്ച് വിശദീകരിച്ചു.

'2047-ലേക്ക് ഉറ്റുനോക്കുമ്പോൾ 'വികസിത് ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര ഭൂമിയുടെ അതിരുകളിൽ ഒതുങ്ങിനിൽക്കുന്നതല്ല. ഇന്ത്യൻ മണ്ണിൽ നിർമ്മിച്ച റോക്കറ്റുകളിലൂടെയും ഒരുകാലത്ത് ലോകം പങ്കുവെക്കാൻ വിസമ്മതിച്ച ക്രയോജനിക് എൻജിനുകളിലൂടെയും രാജ്യത്തിൻ്റെ ബഹിരാകാശ സ്വപ്നങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്ന യുവ എൻജിനീയർമാരിലൂടെയുമാണ് ഇത് സാധ്യമാകുന്നതെന്ന്', അദ്ദേഹം വ്യക്തമാക്കി.

തുമ്പയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണം

ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് 1963 നവംബറിൽ തുമ്പയിൽ നിന്ന് നടത്തിയ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ ബഹിരാകാശ യാത്രയുടെ എളിയ തുടക്കത്തെയും ഇന്നത്തെ വൻ നേട്ടങ്ങളെയും തമ്മിൽ താരതമ്യം ചെയ്യുകയായിരുന്നു. മറ്റ് രാജ്യങ്ങൾക്കായി പൂർണമായും വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹങ്ങൾ നിർമ്മിക്കാനും വിക്ഷേപിക്കാനുമുള്ള ഇന്ത്യയുടെ ഇന്നത്തെ ശേഷിയുമായി താരതമ്യപ്പെടുത്തി.

കൂടാതെ, 1990 കളുടെ തുടക്കത്തിൽ മറ്റ് രാജ്യങ്ങൾ ഇന്ത്യയ്ക്ക് നിഷേധിച്ചിരുന്ന സാങ്കേതികവിദ്യയായ ക്രയോജനിക് പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ വികസനത്തെക്കുറിച്ചും അദ്ദേഹം ഓർമ്മപ്പെടുത്തി. 'ക്രയോജനിക് സാങ്കേതിക വിദ്യകൾ ഇന്ത്യയ്ക്ക് നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ സ്വന്തമായി മൂന്ന് ക്രയോജനിക് പ്രൊപ്പൽഷൻ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലോകം ഞങ്ങൾക്ക് സാങ്കേതികവിദ്യ നിഷേധിച്ചപ്പോൾ, അത് സ്വന്തമായി നിർമ്മിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു', എന്ന് വി നാരായണൻ പറഞ്ഞു.

ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിന് സമീപം 'സോഫ്റ്റ് ലാൻഡിങ്' നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യയെ മാറ്റിയ ചന്ദ്രയാൻ-3-ൻ്റെ വിജയത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 2023 ഓഗസ്റ്റ് 23 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ഒരു ദിവസമായിരുന്നു. ചന്ദ്രനിൽ വിജയകരമായി 'സോഫ്റ്റ് ലാൻഡിങ്' നടത്തുന്ന നാലാമത്തെ രാജ്യമായും ചന്ദ്രൻ്റെ ദക്ഷിണധ്രുവ മേഖലയിൽ വിജയകരമായി ഇറങ്ങുന്ന ആദ്യത്തെ രാജ്യമായും ഇന്ത്യ മാറി. ഇതിനുമുൻപ് മൂന്ന് രാജ്യങ്ങൾ മാത്രമേ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളൂ, എന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ദശാബ്ദത്തിലേയ്ക്കുള്ള കർമ്മ പദ്ധതികൾ

അടുത്ത ദശാബ്ദത്തിലേയ്ക്കുള്ള ഇന്ത്യയുടെ കർമ്മപദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മനുഷ്യനെ ഒഴിവാക്കിക്കൊണ്ട് ആദ്യ ദൗത്യത്തിനായി 'ഗഗൻയാൻ' ബഹാരാകാശ ദൗത്യം ഒരുങ്ങുകയാണ്. 2028 ഓടെ വിക്ഷേപണം ലക്ഷ്യമിടുന്നു എന്നും കൂട്ടിച്ചേർത്തു. ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ രൂപകൽപ്പന ചെയ്ത 'ചന്ദ്രയാൻ-4', ശുക്രനിലേക്കുള്ള ദൗത്യം, 2040-ഓടെ മനുഷ്യരെ ചന്ദ്രനിൽ ഇറക്കാനുള്ള പദ്ധതി എന്നിവയും ദൗത്യത്തിൽ ഉൾപ്പെടുന്നു എന്നും വ്യക്തമാക്കി.

ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ 30,000 കിലോഗ്രാം ഭാരം എത്തിക്കാൻ ശേഷിയുള്ള അത്യാധുനിക വിക്ഷേപണ വാഹനത്തിൻ്റെ വികസനത്തെക്കുറിച്ചും ഭാഗികമായി പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹന സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് പരമ്പരാഗത തൊഴിൽ എന്ന ലക്ഷ്യങ്ങൾക്കപ്പുറം രാജ്യത്തിന് എന്ത് സംഭാവന നൽകാൻ കഴിയുമെന്നതിനെക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹം വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. 'രണ്ടോ മൂന്നോ ലക്ഷം രൂപ വരുമാനം ലഭിക്കുന്ന ഒരു ജോലി നേടുക എന്നതാകരുത് നിങ്ങളുടെ ലക്ഷ്യം. മറിച്ച് 2047 ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകുക എന്നതാകണം നിങ്ങളുടെ ലക്ഷ്യമെന്ന്', അദ്ദേഹം വിദ്യാർഥികളോട് ഉപദേശിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News