ചരിത്രത്തിൽ ആദ്യം: ഓണം ബമ്പർ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞു; നറുക്കെടുപ്പ് നാളെ
Thiruvananthapuram , 25 സെപ്റ്റംബര് (H.S.) കേരള ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലാദ്യമായി അച്ചടിച്ച ഓണം ബമ്പർ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞു. റെക്കോർഡ് തുകയായ 30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ (BR-111) ലോട്ടറിയുടെ, വിപണിയിലെത്തിച്ച
KERALA STATE LOTTERY


Thiruvananthapuram , 25 സെപ്റ്റംബര് (H.S.)

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലാദ്യമായി അച്ചടിച്ച ഓണം ബമ്പർ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞു. റെക്കോർഡ് തുകയായ 30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ (BR-111) ലോട്ടറിയുടെ, വിപണിയിലെത്തിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റഴിയുകയായിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വൻ ജനപ്രീതിയാണ് ഇത്തവണത്തെ ബമ്പറിന് ലഭിച്ചത്. മുൻവർഷങ്ങളിൽ 75 ലക്ഷവും 2024-ൽ 71.50 ലക്ഷവും ടിക്കറ്റുകൾ വിറ്റ സ്ഥാനത്താണ് ഇത്തവണ ചരിത്രപരമായ ഈ നേട്ടം കൈവരിച്ചത്.

500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പിന് ഇനി ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് എല്ലാ ടിക്കറ്റുകളും തീർന്നത്.

നാളെ (സെപ്റ്റംബർ 26) ഉച്ചയ്ക്ക് 1.30-ന് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് ഭാഗ്യശാലിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കുന്നത്.

ചടങ്ങിൽ വെച്ച് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. ഒന്നാം സമ്മാനമായ 30 കോടിക്ക് പുറമേ, 20 പേർക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനവും 20 പേർക്ക് 25 ലക്ഷം രൂപ വീതം മൂന്നാം സമ്മാനവും പദ്ധതിയിലുണ്ട്.

ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ്. 20 ലക്ഷത്തോളം ടിക്കറ്റുകൾ പാലക്കാട് വിറ്റുപോയി. തൃശൂർ ജില്ല രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. ഏറ്റവും കുറവ് ഭാഗ്യക്കുറി വിൽപ്പന നടന്നത് കാസർകോട് ജില്ലയിലാണ്. നാളെയാണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില. 90 ലക്ഷം ടിക്കറ്റുകൾ വിൽപ്പന നടത്തിയതിലൂടെ 450 കോടി രൂപയുടെ വിറ്റുവരവാണ് ആകെയുണ്ടായത്. ഏജന്റുമാർ ലോട്ടറി കാര്യാലയത്തിൽ അടയ്ക്കുന്ന തുക ടിക്കറ്റൊന്നിന് 411 രൂപയാണ്.

ജി എസ് ടി ഉൾപ്പെടെയാണിത്. ഏജൻസി കമ്മീഷനും ജി എസ് ടിയും കഴിച്ച് ഒരു ടിക്കറ്റിന് സർക്കാരിന് കിട്ടുന്നത് ഏകദേശം 268 രൂപയാണ്. ഈ കണക്കനുസരിച്ച് 90 ലക്ഷം ടിക്കറ്റുകൾക്ക് സർക്കാർ ഖജനാവിലെത്തിയത് 241.20 കോടിയിലധികം രൂപയാണ്. ഇതിൽ 125.54 കോടി രൂപ സമ്മാന ഇനത്തിൽ നൽകണം. 90 ലക്ഷം ടിക്കറ്റുകൾക്ക് ജി എസ് ടി ഇനത്തിൽ ലഭിക്കുന്നത് 128.52 കോടി രൂപയാണ്. ഇതിൻ്റെ പാതി സ്വാഭാവികമായും കേരളത്തിന് കിട്ടും.

ഒന്നാം സമ്മാനത്തിൻ്റെ തുകയിലുൾപ്പെടെ ലഭിക്കുന്ന നികുതി അല്ലാതെ കിട്ടും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന പാലക്കാട് ബുധനാഴ്ച തന്നെ ടിക്കറ്റുകൾ കിട്ടാനില്ലായിരുന്നു. ടിക്കറ്റുകൾ കിട്ടാനില്ലെന്നത് പ്രചരിച്ചതോടെ മൊത്തവിതരണക്കാർ ജില്ലകൾ മാറിയെത്തി വാങ്ങിക്കൂട്ടാനുള്ള ശ്രമത്തിലായിരുന്നു. ടിക്കറ്റുകൾ ബാക്കിയുള്ള ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലുമെത്തി കച്ചവടക്കാർ ടിക്കറ്റുകൾ വാങ്ങിയതോടെ വിൽപ്പന പൂർണമായി.

കനത്ത മഴയായതിനാൽ ഇക്കുറി ഓണക്കാലത്ത് പ്രതീക്ഷിച്ചത്ര വിൽപ്പന നടന്നില്ല. പക്ഷേ, ഓണം കഴിഞ്ഞുള്ള ദിവസങ്ങളിൽ പ്രതീക്ഷിച്ചതിനേക്കാൾ ടിക്കറ്റുകൾ വിറ്റുപോകുകയും ചെയ്തു. ഈ മാസം രണ്ടാം വാരമായപ്പോഴേക്കും വിൽപ്പന 75 ലക്ഷം പിന്നിട്ടിരുന്നു. റെക്കോർഡ് സമ്മാനത്തുകയുള്ള ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന പൊടിപൊടിക്കുമ്പോൾ അന്യസംസ്ഥാനങ്ങളിൽ ഓൺലൈനിലൂടെ വ്യാജ ടിക്കറ്റ് വിൽപ്പന വ്യാപകമായിരുന്നു.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ വിൽക്കുന്ന ടിക്കറ്റുകൾ വ്യാജമാണെന്നും, കേരളത്തിൽ ലഭിക്കുന്ന പേപ്പർ ടിക്കറ്റുകൾ മാത്രമാണ് ഒറിജിനലെന്നും കാണിച്ച് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കേരള സംസ്ഥാന ലോട്ടറി വകുപ്പ് പ്രചാരണവും നടത്തിയിരുന്നു. 2022-ലാണ് തിരുവോണം ബമ്പറിൻ്റെ ഒന്നാം സമ്മാനം 25 കോടി രൂപയും ടിക്കറ്റ് വില 500 രൂപയുമാക്കിയത്. ആ വർഷം 66.55 ലക്ഷവും 2023-ൽ 75.76 ലക്ഷവും ടിക്കറ്റുകളാണ് വിറ്റത്. ഇത്തവണ ടിക്കറ്റ് നിരക്കിൽ മാറ്റമൊന്നും വരുത്താതെയാണ് 30 കോടി രൂപ ഒന്നാം സമ്മാനമാക്കിയത്. ഏതാനും ദിവസത്തിനുള്ളിൽ 12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബമ്പർ ടിക്കറ്റുകൾ വിൽപ്പനയ്ക്കെത്തും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News