Enter your Email Address to subscribe to our newsletters

Thiruvananthapuram , 25 സെപ്റ്റംബര് (ഹായ്. S)
മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ. എക്സാലോജിക് അഴിമതിക്കേസിൽ ഉയർന്നിട്ടുള്ള ഗുരുതര ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് സി.പി.എമ്മും കോൺഗ്രസും ചേർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് വി. മുരളീധരന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. വി. മുരളീധരനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളെ ബിജെപി ശക്തമായി പ്രതിരോധിക്കും.
പാർട്ടി അദ്ദേഹത്തോടൊപ്പം അടിയുറച്ച് നിൽക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വി. മുരളീധരനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട കാലയളവിൽ അദ്ദേഹം മന്ത്രിയോ എംപിയോ എംഎൽഎയോ ആയിരുന്നില്ലെന്ന വസ്തുതയും ശ്രദ്ധിക്കേണ്ടതാണ്. എക്സാലോജിക് കേസിലെ പ്രധാന ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം വി. മുരളീധരന്റെ പേര് വലിച്ചിഴച്ച് രാഷ്ട്രീയ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്.
ആരാണ് പണം നൽകിയത്, ആർക്കാണ് പണം ലഭിച്ചത്, എന്തിനാണ് പണം നൽകിയത്, അതിന് പിന്നിലെ രാഷ്ട്രീയ ബന്ധങ്ങൾ എന്താണ് തുടങ്ങിയ എക്സാലോജിക് കേസിലെ പ്രധാന ചോദ്യങ്ങൾക്ക് നിയമപരമായ അന്വേഷണത്തിലൂടെയാണ് ഉത്തരം കണ്ടെത്തേണ്ടത്. അതിന് പകരം ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് വിവാദം വഴിതിരിച്ചുവിടാനുള്ള ശ്രമം അംഗീകരിക്കാനാകില്ല.
എക്സാലോജിക് അഴിമതിക്കേസും പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളും അഴിമതി നിരോധന നിയമത്തിലെ 13-ാം വകുപ്പ് പ്രകാരമുള്ള നിയമലംഘനത്തിന്റെ പരിധിയിൽ വരുന്നതാണ്.
അഴിമതിയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളിൽ നിയമാനുസൃതമായ അന്വേഷണം നടത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
സർക്കാർ സംവിധാനങ്ങളിലുള്ളവർ അഴിമതിയിൽ ഏർപ്പെട്ടാൽ അവർക്കെതിരെ ശിക്ഷാനടപടികൾ ഉറപ്പാക്കുന്നതിനാണ് രാജ്യത്ത് അഴിമതി നിരോധന നിയമം നിലവിലുള്ളത്. വകുപ്പ് 13 പ്രകാരം ക്രിമിനൽ മിസ്കണ്ടക്ടിന് നാല് മുതൽ പത്ത് വർഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമപരമായ അധികാരം ഉപയോഗിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ വിവരങ്ങളുടെയും അന്വേഷണത്തിൽ ലഭിച്ചിട്ടുള്ള വസ്തുതകളുടെയും അടിസ്ഥാനത്തിൽ നിയമാനുസൃതമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ് വേണ്ടത്.
എന്നാൽ അതിന് പകരം സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണത്തിനായി എസ്.ഐ.ടി രൂപീകരിച്ചിരിക്കുകയാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തേണ്ട ഘട്ടത്തിൽ വീണ്ടും പ്രാഥമിക അന്വേഷണത്തിലേക്ക് പോകുന്നത് സ്വാഭാവികമായും നിരവധി സംശയങ്ങൾ ഉയർത്തുന്നു.
അഴിമതി രഹിതമായ ഭരണം ഒരു ജനാധിപത്യ രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണ്. എക്സാലോജിക് കേസിൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കേണ്ട സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ എന്തുകൊണ്ടാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തയ്യാറാകാത്തത് എന്നത് സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്.
അതിന് പിന്നിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളിലേക്കും അന്വേഷണം എത്തുമെന്ന ആശങ്കയാണ്. കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള കുത്തുകളിയാണ് നടക്കുന്നത് അവർ രണ്ടല്ല ഒന്നാണ്.
എക്സാലോജിക് കേസിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി വി. മുരളീധരനെ ലക്ഷ്യമിടുമ്പോഴും ബിജെപി അദ്ദേഹത്തോടൊപ്പം ഉറച്ചുനിൽക്കും. അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും.
എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സുതാര്യവും നിയമാനുസൃതവുമായ അന്വേഷണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. അതിന് പകരം രാഷ്ട്രീയ ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കങ്ങളാണ് നടക്കുന്നതെങ്കിൽ അതിനെ ശക്തമായി ചോദ്യം ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR