Enter your Email Address to subscribe to our newsletters

Newdelhi , 25 സെപ്റ്റംബര് (H.S.)
ന്യൂഡൽഹി: യുപിഐ വഴിയുള്ള വ്യാപാരി ഇടപാടുകൾക്ക് ഏർപ്പെടുത്തുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഉപഭോക്താക്കളുടെ മേൽ അധിക ഭാരമായി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ബാങ്കുകൾ. ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യക്തി-വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ബാധകമാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തുവന്നത്. ഈ അധിക ചാർജ്ജ് യാതൊരു കാരണവശാലും വ്യാപാരികൾ പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കും.
വിഷയത്തിൽ വ്യാപാരികളുടെ ആശങ്ക പരിഹരിക്കുന്നതിനായി കേന്ദ്ര ധനമന്ത്രാലയം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും വ്യാപാരി സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സുമായും (സിഎഐടി) അടിയന്തര യോഗം ചേരും. പുതിയ നിയമപ്രകാരം വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾക്കും ഭൂരിഭാഗം വരുന്ന സാധാരണ ദൈനംദിന വ്യാപാരി ഇടപാടുകൾക്കും തുടർന്നും യാതൊരു ചാർജ്ജും ഉണ്ടാകില്ല. കൂടാതെ, വ്യക്തിഗത ഉപഭോക്താക്കൾക്ക് സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധിയോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ പരിഷ്കാരത്തിൽ പ്രധാന ഇളവുകളും നിശ്ചയിച്ചിട്ടുണ്ട്. യുപിഐ ക്യുആർ കോഡ് വഴി പ്രതിമാസം ഒരു ലക്ഷം രൂപ വരെ സ്വീകരിക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഇത്തരം ചാർജ്ജുകൾ ഒന്നും ബാധകമല്ല. രാജ്യത്തെ മൊത്തം വ്യാപാരി ഇടപാടുകളുടെ 96 ശതമാനത്തോളം വരുന്ന വിഭാഗത്തിന് ഇത് പൂർണ്ണ ആശ്വാസമേകും. 75,000 രൂപയോ അതിൽ കൂടുതലോ വരുന്ന ഉയർന്ന ഇടപാടുകൾക്ക് എംഡിആർ പരമാവധി 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, റെയിൽവേ, ടെലികോം, ഇന്ധനം, ഇൻഷുറൻസ്, കാർഷിക അനുബന്ധ വിപണനം തുടങ്ങിയ അവശ്യ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് അഞ്ച് രൂപ മാത്രമായിരിക്കും ഫ്ലാറ്റ് എംഡിആർ നിരക്ക്. മ്യൂച്വൽ ഫണ്ടുകൾ, ഓഹരി ഇടപാടുകൾ തുടങ്ങിയ മൂലധന വിപണി പണമിടപാടുകൾക്ക് 0.02 ശതമാനം എന്ന കുറഞ്ഞ നിരക്കാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരം ഇടപാടുകൾക്കും പരമാവധി പരിധി 300 രൂപയായിരിക്കും.
യുപിഐ ആപ്പുകൾ പ്രത്യേക പ്ലാറ്റ്ഫോം ഫീസോ മറ്റ് മറഞ്ഞിരിക്കുന്ന ചാർജ്ജുകളോ ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ പാടില്ലെന്നും കർശന നിർദേശമുണ്ട്. ചാർജ്ജുകൾ ഈടാക്കാൻ തുനിയുന്ന വ്യാപാരികളെ കണ്ടെത്തി നടപടിയെടുക്കാൻ ബാങ്കുകൾക്ക് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നും സാധാരണക്കാരായ ഉപയോക്താക്കൾക്ക് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
---------------
Hindusthan Samachar / Roshith K