Enter your Email Address to subscribe to our newsletters

New delhi, 25 സെപ്റ്റംബര്‍ (H.S.)
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് കണ്ടെത്തി നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇത്തരം നിയമലംഘനങ്ങള്‍ തടയാന്‍ സ്വീകരിച്ച മുന്‍കരുതലുകളും പിഴയും സംബന്ധിച്ച വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റ് റൈറ്റ്‌സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ് (ജെ.ആര്‍.സി.എ) എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. 2024-ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധി നടപ്പാക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
സമൂഹമാധ്യമ കമ്പനികള്‍ ഇത്തരം ദൃശ്യങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഏകീകൃത മാര്‍ഗരേഖ (SOP) വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ ഭുവന്‍ റിഭു കോടതിയില്‍ ഹാജരായി. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ശക്തമായ നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം വാദിച്ചു.
വിഷയം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി) കെ.എം നടരാജ് ഹാജരായി. വിഷയത്തില്‍ മറുപടി നല്‍കാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തോടും നിയമ മന്ത്രാലയത്തോടും കഴിഞ്ഞ ഓഗസ്റ്റില്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍, ഒക്ടോബര്‍ 15-നകം മറുപടി നല്‍കാന്‍ കേന്ദ്രത്തിന് കോടതി അവസാന അവസരം നല്‍കി. വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഒരാഴ്ചയ്ക്കകം മറുപടി നല്‍കുമെന്നും എ.എസ്.ജി കോടതിയെ അറിയിച്ചു.
2024-ലെ വിധി നടപ്പാക്കാന്‍ രണ്ട് മന്ത്രാലയങ്ങളും സ്വീകരിച്ച നടപടികള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയ ഈ വലിയ വിപത്ത് തടയാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്നും കോടതി ചോദിച്ചു. ഭാവിയില്‍ സമൂഹമാധ്യമ കമ്പനികളുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് കൃത്യമായി സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതില്‍ സമൂഹമാധ്യമ കമ്പനികള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് 2024 സെപ്റ്റംബറില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പോക്‌സോ നിയമപ്രകാരം ഇത്തരം കേസുകള്‍ പൊലീസ് ഉള്‍പ്പെടെയുള്ള പ്രാദേശിക അധികാരികളെ അറിയിക്കാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി അന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
---------------
Hindusthan Samachar / Sreejith S