സിവില് തര്ക്കങ്ങളില് ക്രിമിനല് കേസെടുക്കരുത് ; ഉത്തരവിട്ട് കര്ണാടക ഹൈക്കോടതി
Bengaluru, 25 സെപ്റ്റംബര്‍ (H.S.) സിവില്‍ സ്വഭാവമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനോ പൊലീസിനെ റിക്കവറി ഏജന്റുമാരായി ഉപയോഗിക്കാന്‍ പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി. വാടക നല്‍കാത്തതിന്റെ പേരില്‍ ആശുപത്രി മാനേജ്‌മെന്റിനെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ ക
karnataka-high-court-orders-inspection-of-pg-buildings-and-occupancy-capacity


Bengaluru, 25 സെപ്റ്റംബര്‍ (H.S.)

സിവില്‍ സ്വഭാവമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനോ പൊലീസിനെ റിക്കവറി ഏജന്റുമാരായി ഉപയോഗിക്കാന്‍ പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി. വാടക നല്‍കാത്തതിന്റെ പേരില്‍ ആശുപത്രി മാനേജ്‌മെന്റിനെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

ക്ലൗഡ്‌നൈന്‍ ആശുപത്രി നടത്തുന്ന കിഡ്‌സ് ക്ലിനിക് ഇന്ത്യ ലിമിറ്റഡിന്റെ റീജിയണല്‍ ഡയറക്ടര്‍ കുല്‍ദീപ് ബെഹ്‌റയും മറ്റുള്ളവരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ബെംഗളൂരുവിലെ വര്‍ത്തുര്‍ പൊലീസ് സ്റ്റേഷനില്‍ തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കരാറുകള്‍ പ്രകാരം നല്‍കേണ്ട വാടക ഈടാക്കാന്‍ സിവില്‍ കോടതികളെപ്പോലെ പ്രവര്‍ത്തിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്നും പൊലീസ് റിക്കവറി ഏജന്റുമാരല്ലെന്നും കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരായ കമ്പനി കഴിഞ്ഞ മൂന്ന് വര്‍ഷമായി കൃത്യമായി വാടക നല്‍കിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. കരാറില്‍ ഏര്‍പ്പെടുന്ന സമയത്ത് വഞ്ചനാപരമായ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെങ്കില്‍, പിന്നീട് വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നത് മാത്രം ഒരു ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല, കക്ഷികള്‍ തമ്മിലുള്ള വാടക കരാറില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ആര്‍ബിട്രേഷന്‍ വഴിയുള്ള പ്രത്യേക വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. തികച്ചും സിവില്‍ സ്വഭാവമുള്ള ഒരു തര്‍ക്കത്തിന് ക്രിമിനല്‍ പരിവേഷം നല്‍കുന്നത് നിയമനടപടികളുടെ ദുരുപയോഗമാണെന്നും കോടതി വിലയിരുത്തി.

സിവില്‍ തര്‍ക്കങ്ങളില്‍ നിന്നുണ്ടാകുന്ന ഇത്തരം ദുര്‍ബലമായ ക്രിമിനല്‍ കേസുകള്‍ വിലപ്പെട്ട ജുഡീഷ്യല്‍ സമയം അപഹരിക്കുകയും നീതിന്യായ വ്യവസ്ഥയ്ക്ക് ഭാരമാവുകയും ചെയ്യുന്നതില്‍ കോടതി ആശങ്ക രേഖപ്പെടുത്തി. തുടര്‍ന്നാണ് വിചാരണ കോടതിയുടെ പരിഗണനയിലുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയത്.

2023ല്‍ ഒപ്പുവച്ച വാടക കരാറില്‍ നിന്നാണ് കേസിന്റെ തുടക്കം. വര്‍ത്തുര്‍ ഹോബ്ലിയിലുള്ള തന്റെ കെട്ടിടം സഞ്ജീവ് എസ് എം എന്ന വ്യക്തിയാണ് ആശുപത്രി നടത്താനായി കിഡ്‌സ് ക്ലിനിക് ഇന്ത്യ ലിമിറ്റഡിന് വാടകയ്ക്ക് നല്‍കിയത്. പിന്നീട് വൈദ്യുതി മീറ്ററിന്റെ ആര്‍ആര്‍ നമ്പര്‍ ആശുപത്രിയുടെ പേരിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയും ആശുപത്രി മാനേജ്‌മെന്റും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ 11,70,858 രൂപ വരുന്ന മൂന്ന് മാസത്തെ വാടക ആശുപത്രി മാനേജ്‌മെന്റ് തടഞ്ഞുവച്ചു. ഇതോടെയാണ് ആശുപത്രി മാനേജ്‌മെന്റ് വഞ്ചിച്ചെന്നും വിശ്വാസവഞ്ചന കാണിച്ചെന്നും ആരോപിച്ച് കെട്ടിട ഉടമ പൊലീസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

---------------

Hindusthan Samachar / Sreejith S


Latest News