Enter your Email Address to subscribe to our newsletters

New delhi, 25 സെപ്റ്റംബര്‍ (H.S.)
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവര്‍ത്തിച്ച് സിജെപി. നാളെയ്ക്കകം രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രഖ്യാപിച്ചു. ഗ്യാനേഷ് കുമാര്‍ പദവി ഒഴിയാന്‍ തയാറായില്ലെങ്കില്‍ മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയില്‍ നിന്നും ആരംഭിച്ച് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം വന്‍ പ്രതിഷേധം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനായി നമുക്ക് ഒന്നിച്ച് പ്രതിജ്ഞയെടുക്കാം എന്ന് സിജെപി തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആഭ്യന്തര തീരുമാനങ്ങളില്‍ മറ്റ് കമ്മിഷണര്‍മാര്‍ ഉന്നയിച്ച കടുത്ത വിയോജിപ്പുകള്‍ പുറത്തുവന്നതിനു പിന്നാലെ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്നും നീക്കാനുള്ള ഇംപീച്ച്മെന്റ് നോട്ടിസുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യ കക്ഷികളും രംഗത്തുണ്ട്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം നടന്നു. ഡല്‍ഹി, ജമ്മു കശ്മീര്‍, ബിഹാര്‍, അസം, ചണ്ഡീഗഡ്, തെലങ്കാന തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അരങ്ങേറി. വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.
ഗുവാഹത്തിയില്‍ കോണ്‍ഗ്രസിന്റെ നേതത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. ഇവിടെ പൊലീസ് കനത്ത സന്നാഹം ഒരുക്കിയിരുന്നു. പ്രകടനത്തിനിടെ പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പട്‌നയിലും ചണ്ഡീഗഡിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കികള്‍ പ്രയോഗിച്ചു. മണിപ്പുരില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ജന്തര്‍ മന്തറിലും വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ട്. ജന്തര്‍ മന്തറില്‍ കോണ്‍ഗ്രസ്, സിപിഐ (എംഎല്‍), പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.
---------------
Hindusthan Samachar / Sreejith S