Enter your Email Address to subscribe to our newsletters

Kollam , 26 സെപ്റ്റംബര് (H.S.)
മാതാ അമൃതാനന്ദമയിദേവിയുടെ 73-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് അസാമിലെയും നേപ്പാളിലെയും മിന്നൽ പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമൃതാനന്ദമയി മഠം ധനസഹായം പ്രഖ്യാപിച്ചു. ഇരു മേഖലകളിലെയും പ്രളയദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ വീതം ആകെ നാല് കോടി രൂപയാണ് നൽകുന്നത്.
മഠത്തിൽ നടക്കുന്ന വിശ്വസേവാദിനാഘോഷ ചടങ്ങുകളിൽ വെച്ച് ധനസഹായ തുക ഔദ്യോഗികമായി കൈമാറും. പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അമൃതാനന്ദമയി മഠം നടപ്പിലാക്കുന്ന വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം നൽകുന്നത്.
അസാമിലെ പ്രളയദുരിതാശ്വാസ പ്രവര്ത്തന നിധിയിലേക്കുള്ള തുക വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവിന് കൈമാറും. നേപ്പാളില് മിന്നല് പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കായി മാതാ അമൃതാനന്ദമയി മഠം നല്കുന്ന രണ്ട് കോടി രൂപ ഇന്ത്യയിലെ നേപ്പാള് അംബാസിഡര് ഡോ. സുരേന്ദ്രഥാപയ്ക്കും കൈമാറും. പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുഖ്യാതിഥിയാണ്. അദ്ദേഹം കേരളത്തിലെ വിവിധ പരിപാടികളിലും പങ്കെടുക്കും. 2001 മുതൽ ഇന്ത്യയിലുടനീളമുള്ള ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്കായി മഠം 700 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്.
'2001 മുതല് അമ്മയുടെ ജന്മദിനത്തിന്റെ ഭാഗമായി ഇന്ത്യയിലാകമാനം ഇതിനകം തന്നെ 700 കോടിയില്പ്പരം രൂപയാണ് പ്രകൃതി ദുരന്ത നിവാരണത്തിനും പുനരധിവാസ പ്രവര്ത്തനങ്ങള്ക്കുമായി മാതാ അമൃതാനന്ദമയീ മഠം സംഭാവന ചെയ്തിരിക്കുന്നത്. 2024 ല് അമ്മയുടെ എഴുപത്തൊന്നാം ജന്മദിനത്തിന്റെ ഭാഗമായി വയനാട് ഉരുള്പൊട്ടലില് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പുനരധിവാസ പ്രവര്ത്തനങ്ങള്ക്കും ഉരുള്പൊട്ടലടക്കമുള്ള ദുരന്തങ്ങള് നേരത്തേ മനസിലാക്കാനുള്ള സംവിധാനങ്ങള് ഏര്പ്പെടുത്തുന്നതിനുമായി 15 കോടി രൂപ മഠം സംഭാവന ചെയ്തിരുന്നു.
2018 ലെ ഓഖി ചുഴലിക്കാറ്റിലും 2015 ലെ ചെന്നൈ പ്രളയത്തിലും 2019 ലെ കേരള പ്രളയത്തിലും മഠം ദുരിതാശ്വാസവുമായി രംഗത്തെത്തിയിരുന്നു. സുനാമി ദുരന്ത സമയത്തും സമാനതകളില്ലാത്ത പുനരധിവാസ പുനര്നിര്മ്മാണ പ്രവര്ത്തനം കാഴ്ച വെച്ച മഠം ലോക ശ്രദ്ധ നേടിയിരുന്നു. ദുരന്ത മേഖലയിലുള്ളവര്ക്ക് ഭാഷയോ മതമോ മറ്റ് ഘടകങ്ങളോ നോക്കാതെ ഭക്ഷണം പാര്പ്പിടം, ആരോഗ്യ പരിരക്ഷ, ചികില്സ, വിദ്യാഭ്യാസം , ജീവനോപാധികള് എന്നിവ ഒരുക്കാനാണ് അമൃതാനന്ദ മയീ മഠം ശ്രമിച്ചു പോരുന്നത്,'' എന്ന് അമൃതാനന്ദമയി മഠം വൈസ് ചെയർമാനും അമ്മയുടെ പ്രഥമ ശിഷ്യനുമായ സ്വാമി അമൃത സ്വരൂപാനന്ദപുരി പറഞ്ഞു.
വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതുപരിപാടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും. നാല് മണിയോടെ അമൃതപുരി ക്യാംപസിലെ ഹെലിപാഡിലിറങ്ങുന്ന അമിത് ഷാ അമ്മയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അഞ്ച് മണിയോടെ പ്രത്യേകം തയാറാക്കിയ വേദിയിലേക്ക് എത്തും. വിശ്വസേവാ ദിനാഘോഷങ്ങളില് പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി ആയിരങ്ങളാണ് പരിപാടി നടക്കുന്ന അമൃതപുരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ആശ്രമത്തില് നിന്നും പരിപാടികള് നടക്കുന്ന അമൃത സര്വ്വകലാശാല ക്യാംപസില് എത്തുന്ന അമൃതാനന്ദമയിയെ ഭക്തിയാദരപൂര്വ്വം സ്വീകരിക്കുമെന്ന് സംഘാചകർ അറിയിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി കെ മുരളീധരന് എം പി മാര് എം എല് എമാര് സാമൂഹ്യ-സാംസക്കാരിക രംഗത്തെ പ്രമുഖര് എല്ലാം ചടങ്ങില് പങ്കെടുക്കും.
ഈ വര്ഷത്തെ അമൃതകീര്ത്തി പുരസ്ക്കാരം പി എസ് ശ്രീധരന്പിള്ളയ്ക്ക് ചടങ്ങില് സമ്മാനിക്കും. 1,23,456 രൂപയും ആര്ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതീ ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഔദ്യോഗിക ചടങ്ങിന് ശേഷം അമ്മയുടെ നേതൃത്വത്തില് ധ്യാനവും ഭജനയും തുടര്ന്ന് ദര്ശനവും നടക്കും.
അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗം
27ന് രാവിലെ ഏഴരയ്ക്ക് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്മാനും അമ്മയുടെ പ്രഥമ ശിഷ്യനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗത്തോടെയാണ് ചടങ്ങുകള് തുടങ്ങുക. ഒമ്പത് മണിയ്ക്ക് വേദിയിലെത്തുന്ന അമ്മ വിശിഷ്ട വ്യക്തികള് ചേര്ന്ന് സ്വീകരിക്കും. തുടര്ന്ന് ഗുരുപാദുക പൂജ, വിശ്വശാന്തി പ്രാര്ത്ഥന എന്നിവയ്ക്ക് ശേഷം അമ്മയുടെ അനുഗ്രഹ പ്രഭാഷണവും ഭജനയും നടക്കും.
11 മണിയ്ക്ക് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് വേദിയില് എത്തുന്നതോടെ ഔദ്യോഗിക ചടങ്ങുകള്ക്ക് തുടക്കമാവും. ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അർലേകർ, മുഖ്യമന്ത്രി വി ഡി സതീശന്, കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡു, സംസ്ഥാന മന്ത്രിമാര്, എം പി മാര്, എം എല് എ മാര് തുടങ്ങിയവര് പങ്കെടുക്കും. പരിപാടിയില് പങ്കെടുക്കാനായി ദേശത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയ ആയിരങ്ങള്ക്ക് തുടര്ന്ന് അമ്മ ദര്ശനം നല്കും.
ചടങ്ങുകളില് പങ്കെടുക്കാന് എത്തുന്നവര്ക്കായി അതിവിപുലമായ സൗകര്യങ്ങളാണ് അമൃതപുരിയില് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി. സുഗമമായ ഗതാഗതത്തിനും പ്രാഥമിക ആവശ്യങ്ങള്ക്കായും എത്തുന്നവര്ക്കെല്ലാം ഭക്ഷണവും വെള്ളവും നല്കാനും ക്രമീകരണങ്ങള് ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR