Enter your Email Address to subscribe to our newsletters

KOHIMA, 26 സെപ്റ്റംബര്‍ (H.S.)
നാഗാലാന്‍ഡില്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇതുവരെ 19 മരണമാണ് സ്ഥിരീകരിച്ചത്. നാഗാലാന്‍ഡിലെ മൊക്കോക്ചുവാങ്, ടുയെന്‍സാങ് ജില്ലകളിലാണ് രണ്ട് ദിവസമായി മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടി മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണിത്. മൊക്കോക്ചുവാങ് ജില്ലയില്‍ മാത്രം എട്ട് പേര്‍ മരിച്ചു. പതിനൊന്ന് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ടുയെന്‍സാങിലാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ബഗ്ലാങ് ചാങിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപീകരിച്ചിട്ടുള്ളത്. മരണത്തെക്കുറിച്ചും ഇതിന് കാരണമായ മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചും വിതരണശൃംഖലയെക്കുറിച്ചും സംഘം അന്വേഷിക്കുമെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് വെസുപര കെസോ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധിയിടങ്ങളില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. മൂവായിരം കുപ്പി അനധികൃത മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ഈ വ്യാജമദ്യം 'MC Rum' എന്ന ബ്രാന്‍ഡിന്റെ ലേബലിലാണ് വിതരണം ചെയ്യപ്പെട്ടതെന്ന് സംശയിക്കുന്നു. പ്രാഥമിക വിവരങ്ങള്‍ പ്രകാരം മദ്യത്തില്‍ മാരകമായ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കണ്ണിന് കാഴ്ച കുറയുകയും ഛര്‍ദ്ദി, തലവേദന, കടുത്ത ക്ഷീണം, തുടങ്ങിയവ അനുഭപ്പെട്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരാണ് മരണത്തിന് കീഴടങ്ങിയത്.
1990 മുതല്‍ പൂര്‍ണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് നാഗാലാന്‍ഡ്. ഈ പശ്ചാത്തലത്തില്‍ വ്യാജമദ്യം വിതരണം ചെയ്യപ്പെട്ടത് വലിയ സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.അനധികൃതമോ ലേബലില്ലാത്തതോ ആയ മദ്യങ്ങള്‍ ഉപയോഗിക്കരുതെന്നും മദ്യം കഴിച്ചതിനു ശേഷം ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും നാഗാലാന്‍ഡ് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാഗാലാന്‍ഡ് പൊലീസ് മേധാവി സംസ്ഥാനത്തുടനീളം 'റെഡ് അലര്‍ട്ട്' പ്രഖ്യാപിക്കുകയും പൊതുജനങ്ങള്‍ക്കായി കടുത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് മണ്‍ (Mon), മൊകോക്ചുങ് , ടുയെന്‍സാങ്, ലോംഗ്ലെങ്, കിഫയര്‍, ഷാമറ്റോര്‍, നോക്ലാക് എന്നീ കിഴക്കന്‍ ജില്ലകളിലുള്ളവര്‍ മദ്യോപയോഗത്തില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കണമെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S