Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 സെപ്റ്റംബര് (H.S.)
സംസ്ഥാനത്തെ 12 ജില്ലകളിലായി ഒഴിവുവന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.
കൊല്ലം, ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 126 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 64 പേർ പുരുഷന്മാരും 62 പേർ സ്ത്രീകളുമാണ്.
ഏറ്റവുമധികം സ്ഥാനാർഥികൾ ജനപിന്തുണ തേടുന്നത് പാലക്കാട് ജില്ലയിലാണ്.
ഏഴ് വാർഡുകളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് 23 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
വോട്ടെടുപ്പിനായി ആകെ 385 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്.
പോളിങ് ഉദ്യോഗസ്ഥർക്കുള്ള എല്ലാ പരിശീലന പരിപാടികളും പൂർത്തിയായിക്കഴിഞ്ഞു. വോട്ടെടുപ്പിനാവശ്യമായ ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക് കൈമാറുകയും വോട്ടിങ് മെഷീനുകൾ പൂർണമായും സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
28-ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം പിറ്റേന്ന് (സെപ്റ്റംബർ 29) വോട്ടെണ്ണൽ നടക്കും.
വോട്ട് രേഖപ്പെടുത്താൻ തിരിച്ചറിയൽ രേഖയായി സമ്മതിദായകർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്ക് അല്ലെങ്കില് പോസ്റ്റ് ഓഫിസിൽ നിന്ന് ആറുമാസത്തിനകത്ത് ലഭിച്ച ഫോട്ടോ പതിച്ച പാസ് ബുക്ക്, കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ജീവനക്കാർ / എം എൽ എ /എം പി എന്നിവരുടെ ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൂടി ഇത്തവണ തിരിച്ചറിയൽ രേഖയായി കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ്. 309713 വോട്ടർമാരുള്ള അന്തിമ പട്ടികയിൽ, 164241 സ്ത്രീകളും 145468 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡർ വിഭാഗക്കാരുമുണ്ട്. പട്ടിക കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമ പഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ്.
വോട്ടെടുപ്പ് കാര്യക്ഷമമായി നടത്താൻ ക്രമസമാധാനപാലനത്തിന് മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫിയും പ്രത്യേക പൊലീസ് സുരക്ഷയും ഉറപ്പാക്കും. വോട്ടെണ്ണൽ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും. തെരഞ്ഞെടുപ്പ് ഫലം സൈറ്റിൽ ലഭിക്കും. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്ക് ഒക്ടോബർ 29 നകം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സമർപ്പിക്കണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR