Enter your Email Address to subscribe to our newsletters

Kolkota, 26 സെപ്റ്റംബര് (H.S.)
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ശനിയാഴ്ച ശ്രീരാംപൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഉത്തർപാറയിൽ വെച്ചാണ് ഒരു കൂട്ടം ആളുകൾ കുനാൽ ഘോഷിന്റെ കാർ തടഞ്ഞുനിർത്തി മുട്ടയും കല്ലുകളും എറിഞ്ഞത്. ആക്രമണത്തിൽ വാഹനത്തിന്റെ ചില്ലുകൾ തകരുകയും വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
മുൻ മുഖ്യമന്ത്രി മമത ബാനർജി അഭിസംബോധന ചെയ്യുന്ന പൊതുറാലിയിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. റോഡിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയും മുട്ടയും കല്ലുകളും എറിയുകയുമായിരുന്നു. ഇതോടെ പ്രദേശത്ത് പെട്ടെന്ന് സംഘർഷാവസ്ഥ ഉടലെടുത്തു. സുരക്ഷാ ജീവനക്കാരും പോലീസും ചേർന്നാണ് നേതാവിനെ സുരക്ഷിതമായി സംഭവസ്ഥലത്തുനിന്ന് മാറ്റിയത്. തൃണമൂൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും രാഷ്ട്രീയ ശത്രുതയുമാണ് ഈ അപ്രതീക്ഷിത ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് മമത ബാനർജി രംഗത്തെത്തി. രാഷ്ട്രീയ എതിർപ്പുകളുടെ പേരിൽ അക്രമവും പ്രശ്നങ്ങളും ഉണ്ടാക്കരുതെന്ന് അവർ കർശന മുന്നറിയിപ്പ് നൽകി. ജനാധിപത്യപരമായ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അവർ വ്യക്തമാക്കി.
തനിക്കെതിരെയുണ്ടായത് ആസൂത്രിതമായ ആക്രമണമാണെന്നും പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് തന്നെ തടയാനാണ് ചിലർ ഇതിലൂടെ ശ്രമിച്ചതെന്നും ആക്രമണത്തിന് ശേഷം കുനാൽ ഘോഷ് പ്രതികരിച്ചു. ഇത്തരം ഭീഷണികൾ കൊണ്ടൊന്നും പൊതുരംഗത്തുനിന്നും തന്നെ പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവസ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ശ്രീരാംപൂരിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. നിർണ്ണായക രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന സംസ്ഥാനത്ത് മുതിർന്ന തൃണമൂൽ നേതാവിന്റെ വാഹനത്തിന് നേരെ പരസ്യമായി ആക്രമണമുണ്ടായത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K