Enter your Email Address to subscribe to our newsletters

Newdelhi , 26 സെപ്റ്റംബര് (H.S.)
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ബിജെപി സജീവമാക്കുന്നതിനിടെ, നിർണായക രാഷ്ട്രീയ നീക്കവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ എന്നിവരുമായും യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തും.
2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി സംസ്ഥാനത്ത് സംഘടനാ സംവിധാനങ്ങൾ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ഡൽഹി സന്ദർശനം ഏറെ രാഷ്ട്രീയ പ്രാധാന്യം നേടുന്നത്. ഉത്തർപ്രദേശിലെ ഭരണ-സംഘടനാ വിഷയങ്ങളും വികസന പദ്ധതികളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും അടിത്തട്ടു മുതലുള്ള പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിനും കേന്ദ്ര നേതൃത്വം നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഗ്രേറ്റർ നോയിഡയിൽ നടന്ന ഉത്തർപ്രദേശ് ഇന്റർനാഷണൽ ട്രേഡ് ഷോയിൽ അമിത് ഷായ്ക്കൊപ്പം പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിച്ചത്. ട്രേഡ് ഷോയിൽ റഷ്യ, വിയറ്റ്നാം, സിംഗപ്പൂർ, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ യോഗി, പ്രതിരോധം, വ്യോമയാനം, ഫാർമസ്യൂട്ടിക്കൽസ്, ഐടി മേഖലകളിൽ യുപിയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള ചർച്ചകൾ നടത്തിയിരുന്നു. ഉത്തർപ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെട്ടതാണ് നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കിയതെന്ന് ട്രേഡ് ഷോ ഉദ്ഘാടന വേളയിൽ അമിത് ഷാ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മീററ്റിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി ചേർന്ന് സംഘടനാ ഒരുക്കങ്ങൾ യോഗി ആദിത്യനാഥ് അവലോകനം ചെയ്തിരുന്നു. ബൂത്ത്, ശക്തി കേന്ദ്രം, മണ്ഡലം, ജില്ലാ തലങ്ങളിൽ പ്രവർത്തനം ശക്തമാക്കാനാണ് പാർട്ടി തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വർഷം അടയാളപ്പെടുത്തിക്കൊണ്ട് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീളുന്ന 'സേവാ സങ്കൽപ് അഭിയാൻ' ക്യാമ്പയിനും സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
യുപിയിൽ തുടർഭരണം ഉറപ്പാക്കാൻ താഴെത്തട്ടിൽ പ്രവർത്തകരെ സജ്ജരാക്കുക, ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുക, യുവാക്കളെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കുക എന്നിവയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഉന്നത നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തിയാകുന്നതോടെ യുപിയിലെ സംഘടനാ തലത്തിലും ഭരണ തലത്തിലും വരാനിരിക്കുന്ന മാറ്റങ്ങളുടെ രൂപരേഖ വ്യക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
---------------
Hindusthan Samachar / Roshith K