Enter your Email Address to subscribe to our newsletters

Newdelhi , 26 സെപ്റ്റംബര് (H.S.)
ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയും വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (SIR) നടപടികളും ചർച്ച ചെയ്യുന്നതിനായി പ്രതിപക്ഷ 'ഇന്ത്യ' മുന്നണി കക്ഷികൾ സെപ്റ്റംബർ 30-ന് ന്യൂഡൽഹിയിൽ യോഗം ചേർന്നേക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെയും നടപടിക്രമങ്ങളിലെ സുതാര്യതക്കുറവിനെതിരെയും സംയുക്ത പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ ഒന്നിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യാനുള്ള പ്രമേയം പാർലമെന്റിന്റെ ഇരുസഭകളിലും കൊണ്ടുവരുന്നതടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്യുമെന്നാണ് വിവരം.
വോട്ടർപട്ടികയിലെ തീവ്ര പുനരവലോകനവുമായി (SIR) ബന്ധപ്പെട്ട കമ്മീഷന്റെ തീരുമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ വിയോജിപ്പ് അറിയിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കമ്മീഷനകത്ത് തന്നെ ഭിന്നസ്വരങ്ങൾ ഉടലെടുത്ത പശ്ചാത്തലത്തിലാണ് വിഷയം ഏറ്റെടുക്കാൻ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചത്. SIR നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കണമെന്നും സിപിഐ(എം), സിപിഐ, സിപിഐ(എംഎൽ)-ലിബറേഷൻ തുടങ്ങിയ ഇടതുപക്ഷ പാർട്ടികൾ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനങ്ങൾ കടുപ്പിച്ചു.
ദേശീയ തലത്തിൽ സംയുക്ത യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ. ബേബി 'ഇന്ത്യ' മുന്നണിയിലെ നേതാക്കൾക്കും മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കൾക്കും കത്തയച്ചിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി എം.എ. ബേബി ഫോണിൽ സംസാരിക്കുകയും നിലവിലെ സാഹചര്യത്തിൽ യോജിച്ചുള്ള പ്രതിരോധം അനിവാര്യമാണെന്ന നിലപാടിൽ തൃണമൂൽ കോൺഗ്രസ് യോജിക്കുകയും ചെയ്തു. ബംഗാളിൽ രാഷ്ട്രീയമായി കടുത്ത എതിരാളികളായ തൃണമൂലും ഇടതുപക്ഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഒരേ തട്ടിൽ എത്തിയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
സെപ്റ്റംബർ 30-ലെ യോഗത്തിന് മുന്നോടിയായി സെപ്റ്റംബർ 29-ന് കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) യോഗം ചേർന്ന് വിഷയത്തിൽ സ്വീകരിക്കേണ്ട നയസമീപനങ്ങൾ രൂപീകരിക്കും. നിയമ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം പാർലമെന്റിൽ അവതരിപ്പിക്കാനുദ്ദേശിക്കുന്ന പുതിയ നോട്ടീസിന്റെ കരട് തയാറാക്കുന്ന കാര്യവും മുന്നണിയുടെ പരിഗണനയിലുണ്ട്. നേരത്തെ രാജ്യത്തെ 23 രാഷ്ട്രീയ പാർട്ടികളും ഒരു സ്വതന്ത്ര എംപിയും ചേർന്ന് SIR നടപടികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചിരുന്നു. വരും ദിവസങ്ങളിൽ പാർലമെന്റിനകത്തും പുറത്തും കമ്മീഷനെതിരെ സംയുക്ത പ്രതിഷേധങ്ങൾ ശക്തമാക്കാനാണ് 'ഇന്ത്യ' മുന്നണിയുടെ നീക്കം.
---------------
Hindusthan Samachar / Roshith K