കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം ശക്തമാക്കാൻ സി.പി.എം; എം.എ. ബേബി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി
Newdelhi, 27 സെപ്റ്റംബര് (H.S.) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുതുക്കൽ (എസ്ഐആർ) നടപടികളിലെ അപാകതകളും ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ചർച്ചയാകുന്നതിനിടെ, പ്രതിപക്ഷ ഏകോപനം ശക്
M A BABY DISCUSSION WITH KEJRIWAL


Newdelhi, 27 സെപ്റ്റംബര് (H.S.)

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുതുക്കൽ (എസ്ഐആർ) നടപടികളിലെ അപാകതകളും ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ചർച്ചയാകുന്നതിനിടെ, പ്രതിപക്ഷ ഏകോപനം ശക്തമാക്കി സി.പി.എം. വിഷയത്തിൽ ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് അണിനിരത്തുന്നതിൻ്റെ ഭാഗമായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി നിർണായക കൂടിക്കാഴ്ച്ച നടത്തി.

ന്യൂഡൽഹിയിലെ ലോധി റോഡിലുള്ള അരവിന്ദ് കെജ്രിവാളിൻ്റെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.

വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുതുക്കലുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള ക്രമക്കേടുകളും, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള ആശങ്കകളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ചയായി. ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ശക്തമായ പ്രക്ഷോഭ പരിപാടികളും നിയമപരമായ ഇടപെടലുകളും നടത്തേണ്ടതിൻ്റെ ആവശ്യകത ഇരു നേതാക്കളും അടിവരയിട്ടു പറഞ്ഞു.

വരും ദിവസങ്ങളിൽ കൂടുതൽ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി സി.പി.എം നേതൃത്വം ചർച്ചകൾ തുടരുമെന്നാണ് വിവരങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികൾക്കെതിരെ ദേശീയ തലത്തിൽ സംയുക്ത നീക്കങ്ങൾക്ക് രൂപം നൽകാൻ ഈ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ ഭിന്നതകളെക്കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെ, ഇക്കാര്യത്തിൽ സംയുക്ത ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് 'ഇന്ത്യ' സഖ്യത്തിലെയും എൻ.ഡി.എ. ഇതര പാർട്ടികളിലെയും നേതാക്കൾക്ക് എം.എ. ബേബി കത്തയച്ചിരുന്നു. ഇതിനുശേഷം തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായും അദ്ദേഹം സംസാരിക്കുകയും, സാഹചര്യം സംയുക്ത നീക്കം ആവശ്യപ്പെടുന്നുണ്ടെന്ന കാര്യത്തിൽ അവർ യോജിക്കുകയും ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ വിവാദം; പ്രതിപക്ഷ ഏകോപനത്തിന് നീക്കം

തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങൾക്കിടയിൽ എസ്ഐആർ നടപടിയുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായങ്ങൾ ഉണ്ടായെന്ന മാധ്യമ റിപ്പോർട്ടിനെ തുടർന്നാണ് പ്രതിപക്ഷ പാർട്ടികൾ വിഷയത്തിൽ കൂടുതൽ സജീവമായത്. റിപ്പോർട്ട് പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും എസ്ഐആർ സംബന്ധിച്ച ചില തീരുമാനങ്ങളിലും ഉത്തരവുകളിലും 14 തവണ എതിർപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, കമ്മീഷൻ്റെ ആഭ്യന്തര ചർച്ചകളിൽ വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും, പുറപ്പെടുവിച്ച ഉത്തരവുകൾക്ക് നിയമപരമായ സാധുതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ വിഷയം കൂട്ടായി ചർച്ച ചെയ്യാൻ നീക്കം നടത്തുന്നത്. ബേബി നേരത്തെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായും ആശയവിനിമയം നടത്തിയിരുന്നു. വിഷയത്തിൽ ഏകോപിതമായ ഇടപെടൽ ആവശ്യമാണെന്ന് മമത പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ.

സെപ്റ്റംബർ 30ന് ന്യൂഡൽഹിയിൽ ഇന്ത്യാ സഖ്യത്തിലെ പാർട്ടികളുടെ യോഗം ചേരാനുള്ള നീക്കവും നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനം, എസ്ഐആർ, തുടർപ്രതിഷേധ പരിപാടികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.

പിണറായിക്കെതിരായ ഇ.ഡി നടപടി; കേരളത്തിലെ പ്രതിഷേധത്തിലേക്ക് ക്ഷണം

കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയിൽ മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി നടപടികളും ചർച്ചയായതായി സി.പി. എം അറിയിച്ചു. സി.എം.ആർ.എൽ എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.

ഇ.ഡി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനതല അന്വേഷണ നടപടികൾ മുന്നോട്ടുപോയത്. വിഷയത്തിൽ കേരള ഹൈക്കോടതിയിലും നിയമനടപടികൾ തുടരുകയാണ്. ഇ.ഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താമോ എന്നതടക്കമുള്ള കാര്യങ്ങൾ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പിണറായി വിജയനെതിരായ അന്വേഷണത്തെ സി.പി.ഐ.എം രാഷ്ട്രീയമായി നേരിടുമെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും എം.എ. ബേബി നേരത്തെ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന അസാധാരണമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി. ഭരണഘടനാ മൂല്യങ്ങളും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കുന്നതിന് സംയുക്തമായ നടപടികൾ അടിയന്തരമായി ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞതായി പാർട്ടി പ്രസ്താവനയിൽ പറയുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ എന്നിവയ്ക്കെതിരെ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗങ്ങളിൽ പങ്കെടുക്കാൻ എം.എ. ബേബി കെജ്രിവാളിനെ ക്ഷണിക്കുകയും ചെയ്തു.

സെപ്റ്റംബർ 30 ന് ഇന്ത്യ' സഖ്യത്തിൻ്റെ യോഗം

സെപ്റ്റംബർ 30 ന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന 'ഇന്ത്യ' സഖ്യത്തിൻ്റെ യോഗത്തിന് മുന്നോടിയായാണ് എം.എ. ബേബി കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനം, വോട്ടർ പട്ടിക പുതുക്കൽ നടപടികൾ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ആവശ്യം ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിൻ്റെ തുടർനടപടികൾ എന്നിവ ഈ യോഗത്തിൽ ചർച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. SIR നിർത്തിവയ്ക്കണമെന്ന ആവശ്യവും വിവിധ പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെതിരായ പുതിയ നീക്കം നിയമപരിശോധനയ്ക്ക് ശേഷം പാർലമെൻ്റിൻ്റെ ഇരുസഭകളിലും സമർപ്പിക്കാനുള്ള സാധ്യതയും പ്രതിപക്ഷം പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News