ഒരു കർഷകനും സഹായം ലഭിക്കാതെ പുറത്തുപോകില്ല; 265 താലൂക്കുകൾ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചതിന് പിന്നാലെ ആശ്വാസ നടപടികളുമായി മഹാരാഷ്ട്ര സർക്കാർ
Nagpur , 27 സെപ്റ്റംബര് (H.S.) നാഗ്പൂർ: കടുത്ത പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ ഒരു കർഷകനും ദുരിതാശ്വാസ സഹായം ലഭിക്കാതെ പുറത്തുപോകില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സംസ്ഥാനത്തെ 265 താലൂക്കുകൾ വരൾച്ചാബാധിതമായി പ്രഖ്യാപിച്ച സാഹചര
ഒരു കർഷകനും സഹായം ലഭിക്കാതെ പുറത്തുപോകില്ല; 265 താലൂക്കുകൾ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചതിന് പിന്നാലെ ആശ്വാസ നടപടികളുമായി മഹാരാഷ്ട്ര സർക്കാർ


Nagpur , 27 സെപ്റ്റംബര് (H.S.)

നാഗ്പൂർ: കടുത്ത പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ ഒരു കർഷകനും ദുരിതാശ്വാസ സഹായം ലഭിക്കാതെ പുറത്തുപോകില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സംസ്ഥാനത്തെ 265 താലൂക്കുകൾ വരൾച്ചാബാധിതമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, ദുരിതബാധിത പ്രദേശങ്ങളിൽ ആവശ്യമായ എല്ലാ അടിയന്തര സഹായ നടപടികളും ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വരൾച്ചാ വിലയിരുത്തലിന്റെ ആദ്യ സൂചനകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവിറക്കിയത്. പ്രതിസന്ധി ലഘൂകരിക്കുന്നതിനായി സാധാരണയായി നടപ്പിലാക്കാറുള്ള 12 പ്രധാന ദുരിതാശ്വാസ നടപടികൾക്ക് സർക്കാർ പൂർണ്ണ അംഗീകാരം നൽകിയിട്ടുണ്ട്. നിലവിൽ ചില പ്രദേശങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും അത്തരം താലൂക്കുകളുടെ എണ്ണം വളരെ കുറവാണ്. അത്തരം ഇടങ്ങളിൽ കൃത്യമായ നാശനഷ്ട പരിശോധന നടത്തി അർഹരായ എല്ലാ കർഷകർക്കും ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നും, നടപടിക്രമങ്ങളിൽ വരുന്ന തടസ്സങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂനികുതിയിൽ ഇളവ്, കാർഷിക വായ്പകളുടെ പുനഃക്രമീകരണം, കാർഷിക അനുബന്ധ വായ്പകൾ തിരിച്ചുപിടിക്കുന്നതിലുള്ള മൊറട്ടോറിയം, കാർഷിക പമ്പുകളുടെ നിലവിലെ വൈദ്യുതി ബില്ലുകളിൽ ഇളവ്, വിദ്യാർഥികൾക്കുള്ള പരീക്ഷാ ഫീസ് ഒഴിവാക്കൽ എന്നിവയുൾപ്പെടെയുള്ള സമഗ്ര പാക്കേജാണ് സർക്കാർ നടപ്പിലാക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും ഫഡ്നാവിസ് അഭ്യർഥിച്ചു. പണം വഴിയോ കന്നുകാലികൾക്കുള്ള തീറ്റ എത്തിച്ചോ സഹായം നൽകാൻ സന്നദ്ധതയുള്ളവർ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2027 ജൂലൈ-ഓഗസ്റ്റ് വരെയുള്ള ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി ഓരോ ജില്ല കേന്ദ്രീകരിച്ചും സമഗ്രമായ ജല ആസൂത്രണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റിസർവോയറുകളിലും പ്രധാന അണക്കെട്ടുകളിലും നിലവിലുള്ള വെള്ളം കൃത്യമായി സംരക്ഷിച്ചുവെച്ച ശേഷം മിച്ചം വരുന്ന വെള്ളം മാത്രമേ റാബി വിളകൾക്കോ വ്യവസായങ്ങൾക്കോ വിട്ടുനൽകൂ. അതുകൊണ്ടുതന്നെ എല്ലാ ജില്ലകൾക്കും ഒരേ മാനദണ്ഡം ഏർപ്പെടുത്തുന്നതിന് പകരം, പ്രാദേശികമായ ജലലഭ്യത കണക്കിലെടുത്താകും തീരുമാനങ്ങൾ എടുക്കുക. പസഫിക് സമുദ്രത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട 'എൽ നിനോ' പ്രതിഭാസം ഫെബ്രുവരിയിൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ എല്ലാവിധ അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സർക്കാർ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അയൽസംസ്ഥാനമായ ഛത്തീസ്ഗഡിലെ കനത്ത മഴയെത്തുടർന്ന് ഗഡ്ചിരോളി ജില്ലയിലുണ്ടായ പ്രളയക്കെടുതിയും മുഖ്യമന്ത്രി പരാമർശിച്ചു. നിരവധി ഗ്രാമങ്ങളുടെ ഗതാഗതബന്ധം തകരാറിലായെങ്കിലും വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ ഭരണകൂടം സജീവമായി രംഗത്തുണ്ടെന്ന് ഫഡ്നാവിസ് കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News