Enter your Email Address to subscribe to our newsletters

Lucknow , 27 സെപ്റ്റംബര് (H.S.)
ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം. മഴക്കെടുതികളിൽപ്പെട്ട് സംസ്ഥാനത്തുടനീളം 15 പേർക്ക് ജീവൻ നഷ്ടമായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നൂറിലധികം വീടുകൾ തകരുകയും നാല് വളർത്തുമൃഗങ്ങൾ ചാവുകയും ചെയ്തു. സംസ്ഥാനത്തെ 63 ജില്ലകളിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ രേഖപ്പെടുത്തിയതോടെ പലയിടങ്ങളിലും മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 19 മടങ്ങ് അധികം മഴയാണ് പെയ്തിറങ്ങിയത്. തലസ്ഥാനമായ ലഖ്നൗവിൽ 125.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഫറൂഖാബാദിൽ സാധാരണയേക്കാൾ 200 ഇരട്ടിയും കാൺപൂർ നഗറിൽ 160 ഇരട്ടിയും അധികം മഴ ലഭിച്ചതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. കനൗജ്, കാൺപൂർ ദേഹത്, ഹർദോയി തുടങ്ങിയ ജില്ലകളിലും റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലകളിൽ ഏക്കറുകണക്കിന് കൃഷിഭൂമി വെള്ളത്തിനടിയിലായി.
വടക്കുകിഴക്കൻ മധ്യപ്രദേശിനും വടക്കൻ ഛത്തീസ്ഗഢിനും മുകളിലായി രൂപപ്പെട്ട തീവ്ര ന്യൂനമർദമാണ് കനത്ത മഴയ്ക്ക് കാരണമായതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) വ്യക്തമാക്കി. ഈ ന്യൂനമർദം ക്രമേണ ദുർബലമാകുമെങ്കിലും മധ്യ തെറായി മേഖലയിൽ അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൂടാതെ, സംസ്ഥാനത്തിന്റെ മധ്യഭാഗങ്ങളിലും തെറായി മേഖലയിലെ നീർത്തടങ്ങളിലും മിന്നൽ പ്രളയ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.
ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തരമായി രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും ഉറപ്പാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും, വീടുകളും വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടവർക്കും വേഗത്തിൽ നഷ്ടപരിഹാരം എത്തിക്കാൻ അദ്ദേഹം ഉത്തരവിട്ടു. കൃഷിനാശം നേരിട്ട കർഷകർക്കുള്ള സഹായം ഉടൻ ലഭ്യമാക്കാൻ നഷ്ടം തിട്ടപ്പെടുത്താനും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും ഭരണകൂടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
---------------
Hindusthan Samachar / Roshith K