പശ്ചിമേഷ്യൻ സംഘർഷം: തെറ്റൊന്നും ചെയ്യാത്ത വിദൂര രാജ്യങ്ങൾ വില നൽകേണ്ടിവരുന്നുവെന്ന് ഐക്യരാഷ്ട്രസഭയിൽ എസ്. ജയശങ്കർ; പാകിസ്താനെതിരെയും രൂക്ഷവിമർശനം
Kerala, 27 സെപ്റ്റംബര് (H.S.) ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ആഗോളതലത്തിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും, ഇതിൽ യാതൊരു പങ്കുമില്ലാത്ത വിദൂര രാജ്യങ്ങൾ അനാവശ്യമായി ദുരിതം അനുഭവിക്കേണ്ടി വരികയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ
പശ്ചിമേഷ്യൻ സംഘർഷം: തെറ്റൊന്നും ചെയ്യാത്ത വിദൂര രാജ്യങ്ങൾ വില നൽകേണ്ടിവരുന്നുവെന്ന് ഐക്യരാഷ്ട്രസഭയിൽ എസ്. ജയശങ്കർ; പാകിസ്താനെതിരെയും രൂക്ഷവിമർശനം


Kerala, 27 സെപ്റ്റംബര് (H.S.)

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ആഗോളതലത്തിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും, ഇതിൽ യാതൊരു പങ്കുമില്ലാത്ത വിദൂര രാജ്യങ്ങൾ അനാവശ്യമായി ദുരിതം അനുഭവിക്കേണ്ടി വരികയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഐക്യരാഷ്ട്ര പൊതുസഭയുടെ (യുഎൻജിഎ) സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘർഷ മേഖലകളിൽനിന്ന് ഏറെ അകലെയുള്ള രാജ്യങ്ങൾ തെറ്റൊന്നും ചെയ്യാതെ തന്നെ ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണെന്നും, ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന ഇത്തരം രാജ്യങ്ങൾക്ക് പലപ്പോഴും ഈ വിഷയങ്ങളിൽ അഭിപ്രായം പറയാൻ പോലും അവസരം ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള സമൂഹം ഈ യാഥാർഥ്യം തിരിച്ചറിയണമെന്നും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെയുള്ള ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷങ്ങളിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയും ആഗോള ഊർജ-വാണിജ്യ മേഖലകളുടെ സുഗമമായ ഒഴുക്കും ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

തന്റെ പ്രസംഗത്തിൽ പാകിസ്താനെതിരെയും ജയശങ്കർ അതിരൂക്ഷമായ കടന്നാക്രമണം നടത്തി. പാകിസ്താനെ ഭീകരവാദത്തിന്റെ സ്ഥിരം വക്താക്കൾ (Serial practitioner of terrorism) എന്ന് വിശേഷിപ്പിച്ച അദ്ദേഹം, യുഎൻ വേദിയിൽ വസ്തുതകൾ വളച്ചൊടിക്കാനും ഭീകരവാദത്തെ ന്യായീകരിക്കാനുമാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പരാമർശങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദത്തിൽനിന്ന് ആർക്കും ഒഴിഞ്ഞുമാറാനാവില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും വ്യക്തമാക്കിയ ജയശങ്കർ, ഭീകരവാദത്തിന്റെ പ്രയോക്താക്കൾ സ്വന്തം വഴി തിരുത്താൻ തയാറാകണമെന്നും ആവശ്യപ്പെട്ടു.

ഇതോടൊപ്പം റഷ്യ-യുക്രൈൻ യുദ്ധത്തിലും ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു. അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന യുക്രൈൻ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്നും, അനന്തമായ യുദ്ധങ്ങൾ വഴിമാറി സമാധാനം പുലരണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ഉൾക്കൊണ്ട് പ്രശ്നപരിഹാരത്തിന് സമാധാനപരമായ ചർച്ചകളാണ് ആവശ്യമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, ജീവിതനിലവാര മേഖലകളിൽ ഇന്ത്യ കൈവരിച്ച വികസന മുന്നേറ്റങ്ങൾ ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് (SDG) വലിയ സംഭാവനയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News