Enter your Email Address to subscribe to our newsletters

lucknow, 27 സെപ്റ്റംബര് (H.S.)
ലക്നൗ: കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രാജ്യത്തെ ജനാധിപത്യത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ഗൂഢാലോചനകളിലും പങ്കാളികളാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം ദുർബലപ്പെടുത്താനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലക്നൗവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട വിവാദങ്ങളിൽ കോൺഗ്രസിനും ഇന്ത്യാ മുന്നണി സഖ്യകക്ഷികൾക്കുമെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്.
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെയും അവരുടെ സഖ്യകക്ഷികളുടെയും പ്രസ്താവനകളും പ്രവർത്തനങ്ങളും അങ്ങേയറ്റം നിരുത്തരവാദപരവും ജനാധിപത്യ സംവിധാനത്തിന് ഹാനികരവുമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ നടത്തുന്ന എസ്.ഐ.ആർ നടപടിയെ ചൊല്ലി അനാവശ്യമായ ആശയക്കുഴപ്പവും വിവാദങ്ങളുമാണ് ഇവർ സൃഷ്ടിക്കുന്നത്.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന രാജ്യത്ത് ആദ്യമായല്ല നടക്കുന്നതെന്ന് യോഗി ആദിത്യനാഥ് ഓർമ്മിപ്പിച്ചു. 1952, 1957, 1961, 1965-66, 2003 വർഷങ്ങളിൽ ഇത്തരം പുനഃപരിശോധനകൾ രാജ്യത്ത് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും കോൺഗ്രസ് ഭരണകാലത്താണ് നടന്നത് എന്ന വസ്തുത മറച്ചുവെച്ചാണ് ഇന്നത്തെ നടപടിക്കെതിരെ അവർ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുന്നത്. കോൺഗ്രസ്, സമാജ്വാദി പാർട്ടി,
ആർ.ജെ.ഡി തുടങ്ങിയ പാർട്ടികൾ ഇപ്പോൾ നടത്തുന്ന ബഹളങ്ങൾ തികച്ചും നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെക്കുറിച്ച് മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്. വോട്ടർപട്ടികയിൽ നിന്ന് ആരെങ്കിലും ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ഫോം 6 വഴി വീണ്ടും അപേക്ഷ നൽകാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഫോം 6 സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സുപ്രീം കോടതി പോലും ശരിവെച്ചതാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും ലക്ഷ്യമിട്ട് കടന്നാക്രമണം നടത്തുന്നത് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോൺഗ്രസും സഖ്യകക്ഷികളും തങ്ങളുടെ അഴിമതി ഭരണം കാരണം രാജ്യത്തിന്റെ ആഭ്യന്തര-ബാഹ്യ സുരക്ഷകളിൽ പലപ്പോഴും വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ബാലാക്കോട്ട് വ്യോമാക്രമണത്തെയും ഇന്ത്യൻ സൈന്യത്തിന്റെ വീര്യത്തെയും ചോദ്യം ചെയ്തവരാണ് കോൺഗ്രസുകാർ. സൈനികരുടെ ധീരതയെയും ത്യാഗത്തെയും അവിശ്വസിക്കുന്നത് എന്ത് തരത്തിലുള്ള ദേശസ്നേഹമാണെന്നും അത്തരം നിരുത്തരവാദപരമായ കാര്യങ്ങളാണ് പ്രതിപക്ഷം ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ഭരണഘടനാ സ്ഥാപനങ്ങളെയും പ്രതിക്കൂട്ടിൽ നിർത്തുന്ന കോൺഗ്രസിന്റെ ഈ സമീപനം ഞെട്ടിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K