സുപ്രീം കോടതിയുടെ താക്കീത്; കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണം
New delhi, 28 സെപ്റ്റംബര്‍ (H.S.) ന്യൂഡൽഹി : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അനിയന്ത്രിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി കർശന ഇടപെടൽ നടത്തിയില്ലെങ്കിൽ, ഇൻഫർമേഷൻ ടെക്നോളജി ന
Supreme Court


New delhi, 28 സെപ്റ്റംബര്‍ (H.S.)

ന്യൂഡൽഹി : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അനിയന്ത്രിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി കർശന ഇടപെടൽ നടത്തിയില്ലെങ്കിൽ, ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം കോടതി നേരിട്ട് ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടി വരുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ട് ‘ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്’ നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ പരാമർശം.

‍വിഷയം ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) ആക്ടിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. എന്നാൽ, ഡിപിഡിപി ആക്ട് 2027-ൽ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂവെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്ക ചൂണ്ടിക്കാട്ടി.

കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാൻ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന രീതിയിൽ മറ്റ് നിയമങ്ങളിലൂടെ സുരക്ഷാ സംവിധാനം നടപ്പിലാക്കാമെന്ന് സോളിസിറ്റർ ജനറൽ സമ്മതിച്ചു. പ്രായപൂർത്തിയാകാത്തവർ സോഷ്യൽ മീഡിയ കമ്പനികളുമായി ഉണ്ടാക്കുന്ന കരാറുകൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സോഷ്യൽ മീഡിയകളെ നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങാൻ പ്ലാറ്റ്‌ഫോമുകൾ അനുമതി നൽകുന്നതിനെ ജസ്റ്റിസ് ബാഗ്ചി വിമർശിച്ചു. കുറഞ്ഞ പ്രായപരിധിയായ 18 വയസ്സ് ലംഘിക്കപ്പെടുന്നില്ലെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ ഇന്റർമീഡിയറി റൂൾസ് അനുസരിച്ച് കേന്ദ്ര സർക്കാർ ആവശ്യമായ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ നിയമങ്ങൾ നിർബന്ധമായും പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി കേന്ദ്ര സർക്കാർ നടപടിയെടുക്കാൻ തയ്യാറാണെന്ന് സോളിസിറ്റർ ജനറൽ ഉറപ്പുനൽകി.

സോഷ്യൽ മീഡിയാ ഇന്റർമീഡിയറികൾക്ക് ‘സേഫ് ഹാർബർ’ സംരക്ഷണം നൽകുന്ന ഐടി ആക്ടിലെ സെക്ഷൻ 79 ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വിഷയം സർക്കാർ കൃത്യമായി പരിഹരിച്ചില്ലെങ്കിൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കോടതി നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം സർക്കാർ രൂപീകരിച്ച ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ റൂൾസ് 2025-ലും കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമാണെന്ന് വ്യവസ്ഥ ചെയ്തിരുന്നു

---------------

Hindusthan Samachar / Sreejith S


Latest News