ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രക്ഷോഭം: ഇൻ്റർനെറ്റ് വിച്ഛേദിച്ചു; കർശന നടപടിക്ക് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉത്തരവിട്ടു
Chandighad , 28 സെപ്റ്റംബര് (H.S.) ചണ്ഡീഗഡ്: പഞ്ചാബിലെ പ്രമുഖ സ്വകാര്യ സർവ്വകലാശാലയായ ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ (എൽ.പി.യു) വിദ്യാർത്ഥി പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി
ലവ്ലി  പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രക്ഷോഭം


Chandighad , 28 സെപ്റ്റംബര് (H.S.)

ചണ്ഡീഗഡ്: പഞ്ചാബിലെ പ്രമുഖ സ്വകാര്യ സർവ്വകലാശാലയായ ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ (എൽ.പി.യു) വിദ്യാർത്ഥി പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിക്കെതിരെ നടന്നതായി പറയപ്പെടുന്ന പീഡന പരാതിയെത്തുടർന്നാണ് ക്യാമ്പസിൽ വ്യാപക പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ ഉൾപ്പെട്ട കുറ്റക്കാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടി സ്വീകരിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉത്തരവിട്ടു.

സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ പഞ്ചാബ് പോലീസ് ഡയറക്ടർ ജനറലിനോട് (ഡി.ജി.പി ഗൗരവ് യാദവ്) സംഭവസ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് (സി.എം.ഒ) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നീതി ഉറപ്പാക്കുമെന്നും ക്രമസമാധാന നില തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.

വിദ്യാർത്ഥികൾ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ദേശീയപാത 44 ഉപരോധിക്കപ്പെടുകയും ക്യാമ്പസിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ക്രമസമാധാനം നിലനിർത്തുന്നതിനായി രണ്ടായിരത്തിലധികം പോലീസുകാരെയാണ് സർവ്വകലാശാലയുടെ വിവിധ ഗേറ്റുകളിലും പരിസരങ്ങളിലും വിന്യസിച്ചിരിക്കുന്നത്. വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത് തടയാനും ക്രമസമാധാനപാലനത്തിനുമായാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്.

നിലവിലെ സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ നടക്കാനിരുന്ന മിഡ്-ടേം പരീക്ഷകൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. കൂടാതെ ക്ലാസുകൾ പത്ത് ദിവസത്തേക്ക് പൂർണ്ണമായി നിർത്തിവെച്ചതായും സർവ്വകലാശാല അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്ന് യൂണിവേഴ്സിറ്റി പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

ക്യാമ്പസിൽ ശാന്തത പുനഃസ്ഥാപിക്കാൻ പോലീസ് ഉന്നത ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായും സർവ്വകലാശാല അധികൃതരുമായും ചർച്ച നടത്തിവരികയാണ്. പരാതിയിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു. നിരവധിയായ വിദ്യാർത്ഥികൾ താൽക്കാലികമായി ഹോസ്റ്റലുകൾ ഒഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News