Enter your Email Address to subscribe to our newsletters

Mumbai, 28 സെപ്റ്റംബര്‍ (H.S.)
ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിച്ചു. ഇന്ന് മുതല്‍ നടത്താനിരുന്ന മൂന്ന് ദിവസത്തെ പണിമുടക്കാണ് പിന്‍വലിച്ചത്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം താത്കാലികമായി മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) അറിയിച്ചത്. രാജ്യത്തെ ബാങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.
സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെ ഐബിഎ പ്രതിനിധികളും എട്ടോളം തൊഴിലാളി യൂണിയനുകള്‍ ഉള്‍പ്പെടുന്ന യുഎഫ്ബിയു ഭാരവാഹികളും തമ്മില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചയിലാണ് സമരം മാറ്റിവയ്ക്കാന്‍ തീരുമാനമായത്. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനം എന്ന ജീവനക്കാരുടെ പ്രധാന ആവശ്യം പഠിക്കുന്നതിനായി ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തില്‍ ഉടന്‍ തന്നെ ഒരു ഉന്നതതല സമിതി രൂപീകരിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി.
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി മാറ്റുക എന്നതാണ് സംഘടനകള്‍ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. നിലവില്‍ രണ്ടും നാലും ശനിയാഴ്ചകളിലാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. ഇതിന് പുറമെ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കുക, ദേശീയ പെന്‍ഷന്‍ പദ്ധതിയിലുള്ള (എന്‍പിഎസ്) ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് (ഒപിഎസ്) മാറാന്‍ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
നേരത്തെ തന്നെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ഈ ആവശ്യങ്ങള്‍ തത്ത്വത്തില്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ ഇടപെടലുകളും അന്തിമ തീരുമാനവും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് വീണ്ടും സമരത്തിലേക്ക് നീങ്ങാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചത്.
പുതിയതായി രൂപീകരിക്കുന്ന ഉന്നതതല സമിതി ജീവനക്കാരുടെ ആവശ്യങ്ങള്‍ വിശദമായി പരിശോധിക്കും. ശനിയാഴ്ചകളിലെ ബാങ്ക് ഇടപാടുകളെ ആശ്രയിക്കുന്ന ഉപഭോക്താക്കള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയില്‍ വിഷയത്തിന് പരിഹാരം കണ്ടെത്താന്‍ ഈ സമിതി എല്ലാ സാധ്യതകളും തേടും. ബാക്കി ആവശ്യങ്ങളില്‍ എത്രയും വേഗത്തില്‍ പരിഹാരം കാണുമെന്ന് ഐബിഎയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കി.
രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകള്‍ക്കും ഗ്രാമീണ ബാങ്കുകള്‍ക്കും ഉള്‍പ്പെടെ പണിമുടക്ക് ബാധിക്കുമെന്നതിനാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത് ഉണ്ടാകുമായിരുന്നത്. ചെക്ക് ക്ലിയറിങ് ഉള്‍പ്പെടെയുള്ള ദൈനംദിന ബാങ്കിങ് പ്രവര്‍ത്തനങ്ങളെയും എടിഎം സേവനങ്ങളെയും സമരം സാരമായി ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
---------------
Hindusthan Samachar / Sreejith S