സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷം; ആശുപത്രികൾ അടിയന്തരമായി മരുന്ന് സംഭരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ; ശബ്ദസന്ദേശം പുറത്ത്
Thiruvananthapuram, 28 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം അതീവ രൂക്ഷമായി തുടരുന്നതിനിടെ, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പുറത്തുവന്നത് ആരോഗ്യവകുപ്പിനെയും സർക്കാരിനെയും വലിയ പ്രതിരോധത്തിലാക്കുന്ന
സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷം; ആശുപത്രികൾ അടിയന്തരമായി മരുന്ന് സംഭരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ; ശബ്ദസന്ദേശം പുറത്ത്


Thiruvananthapuram, 28 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം അതീവ രൂക്ഷമായി തുടരുന്നതിനിടെ, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പുറത്തുവന്നത് ആരോഗ്യവകുപ്പിനെയും സർക്കാരിനെയും വലിയ പ്രതിരോധത്തിലാക്കുന്നു. ആശുപത്രി സൂപ്രണ്ടുമാർ അടിയന്തരമായി പ്രാദേശികമായി മരുന്നുകൾ സംഭരിക്കണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിസന്ധിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്ന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷിയുടെ ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

ജില്ലാ മെഡിക്കൽ ഓഫീസർമാരും ജില്ലാ പ്രോഗ്രാം മാനേജർമാരും ഉൾപ്പെടുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് ഡോ. വി. മീനാക്ഷി കർശന നിർദ്ദേശങ്ങളടങ്ങിയ ശബ്ദസന്ദേശം അയച്ചത്. സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപത്രികൾ വരെയുള്ള കേന്ദ്രങ്ങളിൽ അവശ്യമരുന്നുകൾ പോലും കിട്ടാനില്ലെന്ന പരാതി ശക്തമായിരിക്കെയാണ് ഭരണതലത്തിലെ വീഴ്ച വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നത്.

ഫണ്ട് ഉപയോഗിക്കാൻ നിർദ്ദേശം

ആശുപത്രി സൂപ്രണ്ടുമാർക്ക് അടിയന്തരമായി മരുന്ന് വാങ്ങാൻ ഫണ്ട് ഉപയോഗിക്കാൻ ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ പണമുണ്ടെങ്കിൽ അത് ഉപയോഗിച്ച് ലോക്കൽ പർച്ചേസ് നടത്തി മരുന്നുകൾ ലഭ്യമാക്കാനാണ് ഉത്തരവ്. മരുന്ന് ക്ഷാമം മൂലം ചികിത്സ തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ പ്രാദേശികമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കൂടുതൽ സ്റ്റോക്കുള്ള ആശുപത്രികളിൽനിന്ന് കുറവുള്ള ഇടങ്ങളിലേക്ക് എത്തിക്കണമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.

മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകരുതെന്ന് വിലക്ക്

പ്രതിസന്ധി രൂക്ഷമാണെന്ന് വ്യക്തമാക്കുമ്പോഴും, വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ കർശന നിയന്ത്രണങ്ങളും ശബ്ദസന്ദേശത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടുമാർ യാതൊരു കാരണവശാലും മാധ്യമങ്ങളോട് പ്രതികരിക്കരുത്. മാധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ നേരിട്ട് ഉറപ്പുവരുത്തണം. ഏതെല്ലാം മരുന്നുകൾ നിലവിൽ ലഭ്യമാണ്, ഏതെല്ലാം മരുന്നുകൾക്കാണ് ക്ഷാമമുള്ളത്, ഏതൊക്കെ മരുന്നുകളാണ് ലോക്കൽ പർച്ചേസിലൂടെ വാങ്ങുന്നത് തുടങ്ങിയ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകാൻ പാടില്ലെന്ന് കർശനമായി വിലക്കിയിട്ടുണ്ട്.

വിമർശനവുമായി പ്രതിപക്ഷം

സംസ്ഥാനത്ത് നിലനിൽക്കുന്ന ആരോഗ്യ പ്രതിസന്ധിയുടെ വ്യക്തമായ തെളിവാണ് പുറത്തുവന്ന ഓഡിയോ സന്ദേശമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മരുന്ന് ക്ഷാമമില്ലെന്ന മുൻ അവകാശവാദങ്ങൾ ഇതോടെ പൊളിഞ്ഞതായി വിമർശനം ഉയരുന്നു. മരുന്ന് ക്ഷാമം മൂടിവെക്കാൻ ഉദ്യോഗസ്ഥരുടെ മേൽ കർശന വിലക്കുകൾ ഏർപ്പെടുത്തുന്നതിന് പകരം, സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ അടിയന്തരമായി അവശ്യമരുന്നുകൾ എത്തിക്കാനുള്ള ഫണ്ട് അനുവദിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News