Enter your Email Address to subscribe to our newsletters

Thiruvananthapuram , 28 സെപ്റ്റംബര് (H.S.)
തിരുവനന്തപുരം: കേരള സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നീക്കം ശക്തമാക്കി. നിലവിലെ ബോർഡിലെ ഭൂരിഭാഗം അംഗങ്ങൾക്കും ചട്ടപ്രകാരമുള്ള മതിയായ യോഗ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവും തുടർ വിജ്ഞാപനവും സർക്കാർ ഉടൻ തന്നെ പുറത്തിറക്കിയേക്കും. ഇതോടെ നിലവിലെ ചെയർമാൻ കെ. എസ്. ഹംസ ഉൾപ്പെടെയുള്ള ഭരണസമിതി പുറത്താകും.
നിലവിലെ ബോർഡിന്റെ കാലാവധി പൂർത്തിയാകാൻ ഇനിയും നാലര വർഷത്തോളം ബാക്കിനിൽക്കെയാണ് അപ്രതീക്ഷിതമായി പിരിച്ചുവിടൽ നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു കെ. എസ്. ഹംസയെ വഖഫ് ബോർഡ് ചെയർമാനായി തിരഞ്ഞെടുത്തത്. സാധാരണയായി അഞ്ചു വർഷമാണ് വഖഫ് ബോർഡിന്റെ കാലാവധി. കാലാവധി പൂർത്തിയാക്കാൻ ഏറെ സമയം ശേഷിക്കെയാണ് ഭരണതലത്തിൽ വലിയ അഴിച്ചുപണി ലക്ഷ്യമിട്ട് സർക്കാർ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.
ബോർഡിലെ പല അംഗങ്ങളുടെയും നിയമനം വഖഫ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ഭരണതലത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ഭരണസമിതിക്ക് നയപരമായ വലിയ തീരുമാനങ്ങൾ എടുക്കുന്നതിൽ കോടതിയുടെ വിലക്കുകൾ ഉള്ളതും ബോർഡിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിച്ചിരുന്നു. കൂടാതെ, വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്ന നിലപാട് സംസ്ഥാന സർക്കാർ നേരത്തെ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
പുതിയ ബോർഡ് രൂപീകരണത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധി നിർണായകമാകും. വഖഫ് ഭേദഗതികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന നിർദ്ദേശങ്ങളുടെയും സുപ്രീം കോടതിയിലെ നിയമപോരാട്ടങ്ങളുടെയും പശ്ചാത്തലത്തിൽ, രണ്ട് അമുസ്ലിം പ്രതിനിധികളെ ബോർഡിലേക്ക് പിന്നീട് നിയമിക്കാനാണ് സർക്കാരിന്റെ തീരുമാനം. സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിലെ അന്തിമ വിധി കൂടി പരിഗണിച്ച ശേഷമായിരിക്കും ഈ നിയമനം പൂർത്തിയാക്കുക.
വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് സർക്കാർ പിരിച്ചുവിടൽ നടപടിയുമായി മുന്നോട്ട് പോകുന്നത്. വഖഫ് ബോർഡ് പൂർണ്ണമായി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി ബോർഡ് ഉടൻ പുനഃസംഘടിപ്പിക്കാനാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും സർക്കാരിന്റെയും ആലോചന. വരും ദിവസങ്ങളിൽ വിജ്ഞാപനം ഇറങ്ങുന്നതോടെ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-നിയമ ചർച്ചകൾക്ക് ഇത് വഴിവെക്കുമെന്നുറപ്പാണ്.
---------------
Hindusthan Samachar / Roshith K